സ്ത്രീകള്‍ക്ക് 18000 രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപ യാത്രാ അലവന്‍സ്; കശ്മീരിലെ ബിജെപി പ്രകടന പത്രിക
ശ്രീനഗര്‍: വരാനിരിക്കുന്ന ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകടന പത്രിക പരസ്യപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ജമ്മു കാശ്മീര്‍ ഭീകരതയില്‍ നിന്ന് ടൂറിസത്തിലേക്ക് മാറിയെന്ന് അമിത് ഷാ പറഞ്ഞു. കശ്മീര്‍ താഴ്വരയിലെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ഷാ, തങ്ങള്‍ ഇവിടത്തെ ഭീകര ആവാസവ്യവസ്ഥയെ തകര്‍ത്തുവെന്നും അവകാശപ്പെട്ടു.
'2014 വരെ ജമ്മു കശ്മീരില്‍ തീവ്രവാദവും വിഘടനവാദവും തുടര്‍ന്നു. എല്ലാ സര്‍ക്കാരുകളും ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാതെ പ്രീണന രാഷ്ട്രീയം പിന്തുടര്‍ന്നു. ഇനി 2014 നും 2024 നും ഇടയിലുള്ള കാലഘട്ടം സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും, ''അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരും എന്നും താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ബിജെപിയുടെ ശ്രദ്ധ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനാകില്ല എന്നും അതൊരു ചരിത്രമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്-എന്‍സി സഖ്യം നേരത്തെ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. ആര്‍ട്ടിക്കിള്‍ 370 കാരണമാണ് യുവാക്കള്‍ കല്ലും ആയുധങ്ങളും കൈയിലേന്തി സേനകളെ ആക്രമിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ തീവ്രവാദം പൂര്‍ണമായി ഉന്മൂലനം ചെയ്യും. തീവ്രവാദത്തിന് പിന്തുണ നല്‍കിയവരെ വെളിച്ചത്ത് കൊണ്ടുവരാന്‍ ധവളപത്രം പുറത്തിറക്കുമെന്നും അമിത് ഷാ പറഞ്ഞു. 'ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ 'മാ സമ്മാന്‍ യോജന' പ്രകാരം എല്ലാ കുടുംബത്തിലെയും മുതിര്‍ന്ന സ്ത്രീക്ക് പ്രതിവര്‍ഷം 18,000 രൂപ നല്‍കും. ''ഉജ്ജ്വല പദ്ധതി പ്രകാരം ഞങ്ങള്‍ പ്രതിവര്‍ഷം രണ്ട് സൗജന്യ സിലിണ്ടറുകള്‍ നല്‍കും.
പ്രഗതി ശിക്ഷാ യോജനയ്ക്ക് കീഴില്‍, ഞങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 3,000 രൂപ യാത്രാ അലവന്‍സായി നല്‍കും,' ബിജെപിയുടെ പ്രകടന പത്രികയില്‍ പറയുന്നു. യുവാക്കള്‍ക്ക് അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കശ്മീരിനെ ടൂറിസം ഹബ്ബാക്കി മാറ്റുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ സഖ്യത്തിന്റെ പ്രകടന പത്രികയേയും അമിത് ഷാ കടന്നാക്രമിച്ചു.
'ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇത്തരമൊരു പ്രകടന പത്രിക എങ്ങനെ പുറത്തിറക്കാന്‍ കഴിയും, കോണ്‍ഗ്രസ് പോലുള്ള ഒരു ദേശീയ പാര്‍ട്ടി ഇതിനെ നിരുപാധികം പിന്തുണച്ചതെങ്ങനെ? രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സിന്റെ അജണ്ടയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇതാണ് എനിക്ക് രാഹുലിനോട് ചോദിക്കാനുള്ളത്,' അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. സെപ്റ്റംബര്‍ 18, സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 തീയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ 8 ന് പ്രഖ്യാപിക്കും.












Click it and Unblock the Notifications