ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് 3 ഘട്ടം, ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന്; വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിന്
ന്യൂഡല്‍ഹി; ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജമ്മു കശ്മീര്‍, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക.
ആദ്യ ഘട്ടം സെപ്റ്റംബര്‍ പതിനെട്ടിന് നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിനാണ് വോട്ടെടുപ്പ് അതേസമയം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ജമ്മു കശ്മീരില്‍ 87.09 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ജമ്മു കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 മണ്ഡലങ്ങളിലാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിലെ ഗ്രാമീണ-നഗര മേഖലയിലെ വോട്ടര്‍മാര്‍ക്കായി 11800 പോളിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58.58 ശതമാനം പോളിംഗ് സംസ്ഥാനത്ത് രേഖപ്പെടുത്തിയെന്നും ഇസി അറിയിച്ചു.
മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് തിയതികള്‍ വാര്‍ത്താസമ്മേളത്തില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു വാര്‍ത്താസമ്മേളനം ചേര്‍ന്നത്. ഹരിയാന, മഹാരാഷ്ട്ര, നിയമസഭകളുടെ കാലാവധി നവംബര്‍ 3, 26 തിയിതികളിലാണ് അവസാനിക്കുന്നത്. സെപ്റ്റംബര്‍ മുപ്പതിന് മുമ്പ് ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചതാണ്.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വെടിയുണ്ടകളല്ല ബാലറ്റുകളാണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും സംസാരിച്ചിരുന്നു. എല്ലാവര്‍ക്കും കശ്മീരില്‍ തിരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നാണ് ഉള്ളതെന്നും രാജീവ് കുമാര്‍ പറഞ്ഞു. അതേസമയം ഹരിയാനയില്‍ 2.01 കോടി വോട്ടര്‍മാരുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
വനിതാ വോട്ടര്‍മാര്‍, മുതിര്‍ന്നവര്‍, യുവ വോട്ടര്‍മാര്‍ എന്നിവരെ എന്റോള്‍ ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചു. വോട്ടര്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ബൂത്തില്‍ ലഭ്യമായിരിക്കും. സുതാര്യമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നത്. കള്ളവോട്ടിനെ നേരിടാന്‍ അടക്കം സര്‍വ സജ്ജീകരണങ്ങളും ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അതേസമയം ഉപതിരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ ഉടനെയില്ലെന്നും ഇസി അറിയിച്ചു. വയനാട്ടിലും തിരഞ്ഞെടുപ്പ് ഉടനുണ്ടാവില്ല. ജില്ലയിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ അടക്കം പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.












Click it and Unblock the Notifications