നീണ്ട ക്യൂ, ജമ്മു കശ്മീരില്‍ ജനങ്ങളെ ബൂത്തിലെത്തിച്ചത് ഇക്കാര്യങ്ങള്‍; പരാതികള്‍ ഒട്ടനവധി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രണ്ടാം ഘട്ട പോളിംഗില്‍ അനുഭവപ്പെട്ടത് വന്‍ ജനത്തിരക്ക്. തിരഞ്ഞെടുപ്പ് കമ്മീഷണറെ പോലും ഞെട്ടിക്കുന്നതായിരുന്നു ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം. 5 മണിവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ 54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കശ്മീരിലെ കംഗണ്‍ മണ്ഡലത്തില്‍ ഇന്ന് നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. വോട്ടര്‍മാര്‍ക്ക് പക്ഷേ തിരക്കൊന്നുമില്ലായിരുന്നു.
ഈ തിരഞ്ഞെടുപ്പിനായി ഞങ്ങള്‍ ദീര്‍ഘകാലമായി കാത്തിരിക്കുകയായിരുന്നു. കുറച്ച് നിമിഷങ്ങള്‍ ക്യൂവില്‍ നിന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഒരു വോട്ടര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 26 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്.

കങ്കണില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് മിയാന്‍ മെഹര്‍ അലിയാണ് സ്ഥാനാര്‍ത്ഥി. മിയാന്റെ പിതാവ് മിയാന്‍ അല്‍ത്താഫ് നേരത്തെ അനന്ത്‌നാഗ്-രജൗരി സീറ്റില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സുഫി പിര്‍ എന്ന നിലയില്‍ ഈ മേഖലയില്‍ വലിയ സ്വാധീനം തന്നെ മിയാനുണ്ട്. അതേസമയം മെഹര്‍ അലിക്കെതിരെ മത്സരിക്കുന്നത് പിഡിപിയുടെ സയ്യിദ് ജമാത്ത് അലി ഷായാണ്.
ഈ മണ്ഡലത്തില്‍ എപ്പോഴും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്താറുണ്ട്. പ്രധാന കാരണം ഗുജ്ജര്‍ വോട്ടുകളാണ്. ജനങ്ങള്‍ക്കിടയില്‍ എംഎല്‍എ വേണമെന്ന ആവശ്യം ശക്തമാണ്. പത്ത് വര്‍ഷമായി വോട്ടെടുപ്പ് നടക്കാത്തതും, സംസ്ഥാന പദവി കിട്ടാത്തതുമെല്ലാം ജനങ്ങളെ നിരാശരാക്കിയിട്ടുണ്ട്.
കംഗണില്‍ ഉയര്‍ന്ന വൈദ്യുതി നിരക്കും, കുറഞ്ഞ അളവില്‍ മാത്രമേ അത് ലഭിക്കുന്നുള്ളൂ എന്നതാണ് മുഹമ്മദ് സര്‍ഫറാസ് കട്ടാനയ്ക്കുള്ള പരാതി. മൂന്ന് മണിക്കൂര്‍ വൈദ്യുതി നേരത്തെ നൂറ് രൂപയായിരുന്നു. ഇപ്പോഴത് ആയിരം രൂപയായി. ഇപ്പോള്‍ വരുമാനം ഒന്നുമില്ല. എങ്ങനെയാണ് ആ പണം നല്‍കുകയെന്നും സര്‍ഫറാസ് ചോദിക്കുന്നു. ക്യൂവില്‍ നിന്ന പലരും കൂലിപ്പണിക്കാരാണ്.
കംഗണിലെ തന്നെ പഞ്ചായത്ത് ഗറിലും സമാന കാഴ്ച്ചയാണ്. വലിയ തിരക്കാണ് ഇവിടെയും അനുഭവപ്പെട്ടത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഒരിക്കലും അംഗീകരിക്കില്ലെന്ന് 21കാരനായ ഖാലിദ് റഷീദ് പറഞ്ഞു. 2019 മുതല്‍ തുടര്‍ച്ചയായി ലോക്ഡൗണിലായിരുന്നു ഞങ്ങള്‍. എന്റെ വിദ്യാഭ്യാസം അടക്കം ഇതിലൂടെ മുടങ്ങി. കേന്ദ്രം ലെഫ്.ഗവര്‍ണറിലൂടെ ഭരിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഖാലിദ് പറഞ്ഞു.
ഗന്ധേര്‍ബാളിലും ഇതേ പ്രശ്‌നങ്ങള്‍ തന്നെയാണ് ജനങ്ങള്‍ക്ക് ഉന്നയിക്കാനുള്ളത്. ലെഫ്.ഗവര്‍ണര്‍ ഭരണം പൂര്‍ണമായും സംസ്ഥാനത്തെ നശിപ്പിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പലര്‍ക്കും ജനപ്രതിനിധികള്‍ ഇല്ലാത്തത് കൊണ്ട് പരാതികള്‍ പോലും ഉന്നയിക്കാന്‍ സാധിക്കുന്നില്ല. ഉദ്യോഗസ്ഥ ഭരണത്തില്‍ സുതാര്യതയില്ലാത്തതും ഉത്തരവാദിത്തമില്ലായ്മയും ജനങ്ങളെ ബാധിച്ചുവെന്ന് വിരമിച്ച റേഞ്ച് ഓഫീസര്‍ പറഞ്ഞു.
വൈദ്യുതി നിരക്ക് വളരെയധികം ഉയര്‍ന്നതാണ് എല്ലാവരുടെയും പ്രധാന പ്രശ്‌നങ്ങളില്‍ വരുന്ന കാര്യം. മീറ്ററുകള്‍ പലയിടത്തുമില്ല. എന്നാല്‍ നിരക്ക് 1500 വരെയായെന്ന് ജനങ്ങള്‍ പറയുന്നു. അഞ്ച് കിലോ അരിയാണ് റേഷന്‍ കാര്‍ഡില്‍ ആകെ ലഭിക്കുന്നതെന്നും ജനങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications