ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടർക്കഥയാകുന്നു: അനന്ത്നാഗില്‍ രണ്ട് തീവ്രവാദികളെ സേന കൊലപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ സേന രണ്ട് തീവ്രവാദികളെ വെടിവെച്ച് കൊലപ്പെടുത്തി. മേഖലയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. ഹൽക്കൻ ഗലി മേഖലയിൽ സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ശ്രീനഗറിലെ ഖൈനാർ മേഖലയിൽ പോലീസിൻ്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു. തുടർന്ന് സുരക്ഷ സേന നടത്തിയ തിരിച്ചടിയിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. പ്രദേശത്ത് കൂടുതല്‍ ഭീകരർ സംഘടിച്ചിട്ടുണ്ടോയെന്ന് അറിയാനായി സേനയുടെ തിരച്ചില്‍ തുടരുകയാണ്.

കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് തീവ്രവാദികള്‍
കശ്മീരില്‍ സമീപദിവസങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ ആക്രമണം വർധിച്ച് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് പേർക്ക് ബുദ്ഗാം ജില്ലയില്‍ വെച്ച് ഭീകരവാദികളുടെ വെടിയേറ്റിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റക്കാർക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഇതോടെയാണ് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളും പൊലീസും സുരക്ഷാ സേനയും വീണ്ടും ശക്തമാക്കിയത്.
ഒക്ടോബർ 24 ന് ബാരാമുള്ള മേഖലയില്‍ നടന്ന് വെടിവെയ്പ്പില്‍ രണ്ട് തൊഴിലാളികളും രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.ബൂട്ടാപത്രിയിൽ വെച്ച് സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. അതിനും മൂന്ന് ദിവസം മുമ്പ് . ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിന് എത്തിയ ആറ് തൊഴിലാളികളും ഡോക്ടറും ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കശ്മീരിലെ നയിദ്ഗാം ബുദ്ഗാം സ്വദേശിയായ ഡോക്ടർ ഷാനവാസ്, പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശിയായ ഗുർമീത് സിംഗ്, ബിഹാർ സ്വദേശികളായ മുഹമ്മദ് ഹനീഫ്, ഫഹീം നസീർ, കലീം എന്നിവരായ ബിഹാർ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്.
അതിനിടെ ഒക്ടോബർ 28 ന് ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിൽ സൈനിക ആംബുലൻസിനു നേരെ ആക്രമണം നടത്തിയ 3 ഭീകരരിൽ ഒരാളെ സൈന്യം വധിച്ചിരുന്നു. കരസേനയുടെ ആംബുലന്‍സിന് നേരെ ഭീകരർ ഇരുപത് തവണയിലേറെയായി വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ തിരിച്ചടിച്ച സൈന്യം ഭീകരരെ കാട്ടിലൂടെ പിന്തുടർന്ന് തുരത്തുകയായിരുന്നു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞ് കയറിയതാണ് ഭീകരവാദികളെന്നാണ് സൈന്യം സംശയിക്കുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയായായിരുന്നു സൈന്യത്തിന്റെ വാഹനം ആക്രമിക്കപ്പെട്ടത്.












Click it and Unblock the Notifications