ബിഹാറിൽ വീണ്ടും വമ്പൻ നീക്കത്തിന് കോൺഗ്രസ്; പപ്പു യാദവ് കോൺഗ്രസിലേക്ക്? പാർട്ടി കോൺഗ്രസിൽ ലയിക്കും
പട്ന; ദേശീയ തലത്തിൽ വൻ തിരിച്ചുവരവിന് കളമൊരുക്കുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് തന്ത്രം മെനയുകയാണ് പാർട്ടി. ഒപ്പം മറ്റ് സംസ്ഥാനങ്ങളിലും സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നേതൃത്വം ആരംഭിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറായിരിക്കും 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി തന്ത്രങ്ങൾ മെനയുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രശാന്ത് കോൺഗ്രസിൽ ഉടൻ ചേർന്ന് കൊണ്ട് തന്നെ പാർട്ടിക്കായി വിജയ ഫോർമുല തയ്യാറാക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ പ്രശാന്ത് ഇതിനോടകം തന്നെ 'പണി' തുടങ്ങിയിട്ടുണ്ട്.
നേരത്തേ ബിഹാറിൽ സിപിഐ നേതാവും മുൻ ജവഹർലാൽ നെഹ്റു സർവ്വകലാശാല യൂണിയൻ ചെയർമാനുമായ കനയ്യ കുമാറിനെ കോൺഗ്രസിൽ എത്തിച്ചത് പ്രശാന്ത് കിഷോറിന്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. ഇപ്പോഴുതാ ബിഹാറിൽ കോൺഗ്രസിനെ കൂടുതൽ ശക്തമാക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് 'പികെ'.ഇതിന്റെ ഭാഗമായി ജന അധികാർ പാർട്ടി -ലോക്താന്ത്രിക് നേതാവ് പപ്പു യാദവിനെ ഉടൻ കോൺഗ്രസിലെത്തിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

ബിഹാറിൽ ഇക്കഴിഞ്ഞ ലോക്സഭ ,നിയമസഭ തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയായിരുന്നു പാർട്ടി നേരിട്ടിരുന്നത്. ലോക്സഭയിലേക്ക് ആകെ ഒരു സീറ്റിലായിരുന്നു പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്. നിയമസഭ സീറ്റുകളിൽ ആകെ ലഭിച്ചത് 19 സീറ്റുകളും. ആർജെഡിയ്ക്കൊപ്പം മഹാസഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവിടെ കോൺഗ്രസ് മത്സരിച്ചത്. 75 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ആർജെഡിക്ക് സാധിച്ചിരുന്നു. പ്കഷേ കൂടുതൽ സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്റെ ദയനീയ പ്രകടനം സഖ്യത്തെ തളർത്തി. സഖ്യത്തിന്റെ ഭാഗമായിരുന്ന ഇടതുപാർട്ടികൾക്ക് 12 സീറ്റുകൾ വരെ ലഭിച്ചിരുന്നു.

ഈ സാഹചര്യത്തിൽ പാർട്ടിയുടെ തിരിച്ചുവരവിന് വലിയ മാറ്റങ്ങൾ തന്നെ സംസ്ഥാന കോൺഗ്രസിൽ നടപ്പാക്കേണ്ടതുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായിട്ടായിരുന്നു യുവ നേതാവായ കനയ്യയെ കോൺഗ്രസിൽ എത്തിച്ചത്. 2025 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപായി കനയ്യയ്ക്ക് കോൺഗ്രസ് സുപ്രധാന പദവി നൽകിയേക്കും.യുവ നേതാവായ കനയ്യയിലൂടെ കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കാനാകുമന്ന കണക്കുകൂട്ടിലാണ് കോണ‍്ഗ്രസ്. മാത്രമല്ല കനയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ചില നേതാക്കളും കോൺഗ്രസിൽ ചേരുമെന്ന് നേതൃത്വം കരുതുന്നുണ്ട്.

ജാതി സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് കനയ്യയുടെ വരവിലൂടെ ഭൂമിഹാർ സമുദായത്തേയും പാർട്ടിയിലെത്തിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം കൂടുതൽ ശക്തർ പാർട്ടിയിൽ എത്തിയാൽ മാത്രമേ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂവെന്ന് നേതൃത്വം കരുതുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പപ്പു യാദവിനെ പാർട്ടിയിൽ എത്തിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ആരംഭിച്ചത്. പപ്പു യാദവിന്റെ പത്നി രഞ്ജിത് രഞ്ജൻ എഐസിസി സെക്രട്ടറിയും കോൺഗ്രസിന്റെ മുൻ എംപിയുമാണ്.

തന്റെ നേതൃത്വത്തിലുള്ള ജന അധികാർ ലോക്താന്ത്രിക് പാർട്ടി കോൺഗ്രസിൽ ലയിപ്പിക്കുന്നത് സംബന്ധിച്ച് ഉടൻ നിലപാട് അറിയിക്കുമെന്നാണ് പപ്പു യാദവ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി കൂടുതൽ ചർച്ച നടത്തും അതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം എന്നാണ് പപ്പു യാദവ് വ്യക്തമാക്കിയത്. ബുധനാഴ്ച നടക്കുന്ന ജെഎപി-എൽ പാർലമെന്ററി ബോർഡ് യോഗത്തിലെ ചർച്ചയ്ക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി സംസാരിക്കും. മുൻ കോൺഗ്രസ് എംപി രഞ്ജിത് രഞ്ജനുമായും ചർച്ച നടത്തുമെന്നും പപ്പു യാദവ് പറഞ്ഞു.

എന്നിൽ നിന്നും പാർട്ടിയിൽ നിന്നും എത്തരത്തിലുള്ള പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് ആണ് വ്യക്തമാക്കേണ്ടത്. കോൺഗ്രസിനെ ഒരു പുതിയ റോളിൽ കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് നേതാക്കൾ പ്രവർത്തിക്കണം.ബിഹാറിലും ദേശീയ തലത്തിലും ശക്തമായ പ്രതിപക്ഷ പാർട്ടിയാകാൻ കോൺഗ്രസിനേ സാധിക്കുകയുള്ളൂവെന്നാണ് താൻ കരുതുന്നതെന്നും പപ്പു യാദവ് വ്യക്താമക്കി.

ആർജെഡിയിൽ നിന്നും പുറത്താക്കപ്പെട്ട നേതാവാണ് പപ്പു യാദവ്. തുടർന്ന് 2015 ൽ അദ്ദേഹം ജന അധികാർ പാർട്ടി - ലോക്താന്ത്രിക് പാർട്ടി രൂപീകരിക്കുകയായിരുന്നു. നേരത്തേ ലോക്സഭയിലേക്ക് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ട പപ്പു യാദവ് ആർജെഡിയിൽ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിച്ചിട്ടില്ല. ക ഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചെറുകക്ഷികളുമായി മുന്നണിയുണ്ടാക്കിയായിരുന്നു അദ്ദേഹം മത്സരിച്ചത്. എന്നാൽ കടുത്ത നിരാശയായിരുന്നു ഫലം.

അതേസമയം പപ്പു യാദവിലൂടെ കോൺഗ്രസിന് നേട്ടം കൊയ്യാൻ സാധിക്കുമെന്നാണ് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തൽ. ബിഹാർ കോൺഗ്രസിൽ യാദവ വിഭാഗത്തിൽ നിന്നും ഉയർത്തിക്കാട്ടാനുള്ളൊരു നേതാവ് ഇല്ലെന്ന് പാർട്ടിക്ക് തിരിച്ചടിയാണ്. ഈ കുറവ് നികത്താൻ പപ്പു യാദവിലൂടെ സാധിക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്. അതിനിടെ കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി ഈ മാസം 30 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും പപ്പു യാദവ് അറിയിച്ചിട്ടുണ്ട്. കുഷേഷ്വർ അസ്താൻ, താരപൂർ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജെഡിയുവിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണ് ഇവ.

നേരത്തേ മഹാസഖ്യത്തിന്റെ ഭാഗമായി ആർജെഡിയാകും ഇവിടെ മത്സരിക്കുകയെന്നായിരുന്നു റിപ്പോട്ടുകൾ. തുടർന്ന് ആർ ജെ ഡി തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ തിരുമാനത്തിൽ ഇടഞ്ഞ കോൺഗ്രസ് രണ്ട് മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുന്നണി മര്യാദ പാലിക്കാതെയാണ് ആർജെഡി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതെന്നാണ് കോൺഗ്രസ് നിലപാട്. ദർഭംഗയിലെ കുശേശ്വരസ്ഥാൻ സീറ്റ് തങ്ങൾക്ക് വേണമെന്ന് കോൺഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. 2020 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു ഇവിടെ നിന്ന് മത്സരിച്ചത്. വളരെ നേരിയ വോട്ടുകൾക്കായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെട്ടത്. അതിനാൽ ഇത്തവണയും മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയായിരുന്നു കോൺഗ്രസ്. അതിനിടയിലാണ് ആർ ജെ ഡി ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications