ബിജെപിക്ക് ജെഡിഎസിന്റെ പിന്തുണ; ഒടുവില്‍ തീരുമാനം പ്രഖ്യാപിച്ച് കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യ പ്രതിപക്ഷമായ ബി ജെ പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങളുടെ പാര്‍ട്ടി തീരുമാനിച്ചതായി ജെ ഡി എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്താണ് തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടി മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ തനിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഇനിയും സമയമുണ്ടെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെ ഡി എസ്, ബി ജെ പിയുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ദേവഗൗഡ വ്യാഴാഴ്ച പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എച്ച് ഡി കുമാരസ്വാമി.

''ബി ജെ പിയും ജെ ഡി എസും പ്രതിപക്ഷ പാര്‍ട്ടികളായതിനാല്‍ സംസ്ഥാനത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി നിയമസഭയ്ക്കകത്തും പുറത്തും ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് തന്നെയാണ് ഞങ്ങളുടെ പാര്‍ട്ടി എം എല്‍ എമാരുമായുള്ള ചര്‍ച്ചയിലും തീരുമാനമായിരിക്കുന്നത്,' കുമാരസ്വാമി വ്യക്തമാക്കി.
31 ജില്ലകളിലും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യത്തോടെ 10 അംഗ ടീമിനെ രൂപീകരിക്കണമെന്ന് നിയമസഭാ കക്ഷി യോഗത്തില്‍ ദേവഗൗഡ നിര്‍ദ്ദേശിച്ചതായും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എല്ലാ നേതാക്കളുടെയും അഭിപ്രായം ശേഖരിച്ച ശേഷം അടുത്ത നടപടി കൈക്കൊള്ളുന്നതാണ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇനിയും 11 മാസമുണ്ട് എന്നും അത് സംബന്ധിച്ച കാര്യങ്ങള്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം റഞ്ഞു. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ 224 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 135 സീറ്റുകള്‍ നേടിയാണ് അധികാരത്തില്‍ എത്തിയത്. ബി ജെ പി 66 ഉം ജെ ഡി എസ് 19 ഉം സീറ്റുകള്‍ നേടിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ബി ജെ പി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല.
പ്രതിപക്ഷ സഖ്യ രൂപീകരണത്തില്‍ നേരത്തെ ജെ ഡി എസ് പങ്കെടുത്തിരുന്നില്ല. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയോട് മൃദുസമീപനമാണ് ജെ ഡി എസ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്‍ ഡി എയില്‍ ജെ ഡി എസ് ചേര്‍ന്നേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്.












Click it and Unblock the Notifications