ജാർഖണ്ഡ് ഫലം; വമ്പൻ കുതിപ്പുമായി ഇന്ത്യ സഖ്യം, കേവല ഭൂരിപക്ഷം മറികടന്നു
റാഞ്ചി: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം മറികടന്ന് ഇന്ത്യ സഖ്യം. 52 സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. ബി ജെ പിക്ക് 29 സീറ്റിൽ മാത്രമാണ് നിലവിൽ മുന്നേറാൻ സാധിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 81 സീറ്റിൽ കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് ആവശ്യം.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ എക്സിറ്റ് പോളുകൾ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു ഫലം. എന്നാൽ തുടക്കം മുതൽ തന്നെ കനത്ത ആത്മവിശ്വാസമാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രകടിപ്പിച്ചത്. ഇക്കുറിയും സംസ്ഥാനം തങ്ങൾ തന്നെ ഭരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. വോട്ടെണ്ണൽ പത്തര കഴിഞ്ഞതോടെ സോറന്റെ വാക്കുകൾ ശരിവെച്ച് ഇന്ത്യ സഖ്യം കുതിക്കുന്നതായിരുന്നു കാഴ്ച.

സംസ്ഥാനം ഇക്കുറി ബി ജെ പി തൂത്തുവാരുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവവചനങ്ങൾ.പല സർവ്വെകളും ബി ജെ പിക്ക് 48 വരെ സീറ്റുകൾ പ്രവചിച്ചു. അതേസമയം രണ്ട് എക്സിറ്റ് പോളുകൾ ജെ എം എമ്മിന് അധികാരത്തുടർച്ച പ്രവചിച്ചു. ആക്സിസ് മൈ ഇന്ത്യയും പി മാർക് സർവ്വേയുമാണ് ഇന്ത്യ സഖ്യത്തിന്റെ വിജയം പ്രവചിച്ചത്. ആക്സിസ് -മൈ ഇന്ത്യ സർവ്വേയിൽ 59 സീറ്റുകൾ വരെയാണ് സഖ്യത്തിന് സാധ്യത പറഞ്ഞത്. ഈ പ്രവചനങ്ങൾ ശരിവെയ്ക്കുന്ന തരത്തിലേക്കാണ് ഇപ്പോൾ ജാർഖണ്ഡിലെ സീറ്റ് നില.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 81 സീറ്റുകളിൽ 30 സീറ്റും നേടി ജാർഖണ്ഡ് മുക്തി മോർച്ചയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. 16 സീറ്റായിരുന്നു സഖ്യകക്ഷിയായ കോൺഗ്രസ് നേടിയത്. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ആർ ജെ ഡിക്ക് ഒരു സീറ്റും നേടാനായി. 16 സീറ്റായിരുന്നു അന്ന് ബി ജെ പിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയന് രണ്ട് സീറ്റുകളും ലഭിച്ചു.
ഭൂമി കുംഭകോണ കേസിൽ ഹേമന്ത് സോറന്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങൾ തങ്ങൾക്ക് ഇത്തവണ ഗുണകരമാകുമെന്നായിരുന്നു ബി ജെ പിയുടെ വിലയിരുത്തൽ. ജെ എം എമ്മിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറന്റെ ബി ജെ പി പ്രവേശം തങ്ങൾക്ക് ഗുണകരമാകുമെന്നും ബി ജെ പി കരുതിയിരുന്നു. എന്നാൽ ഇക്കുറിയും ബി ജെ പിയുടെ പ്രതീക്ഷകൾ അസ്ഥാനത്തായിരിക്കുകയാണ്.












Click it and Unblock the Notifications