ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് 2024; ഇത്തവണയെങ്കിലും പോളിംഗ് ഉയരുമോ? 3 മണിവരെ 59.28 ശതമാനം
റാഞ്ചി: ജാർഖണ്ഡിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ആകെയുള്ള 81 മണ്ഡലങ്ങളിൽ 43 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഉച്ചയ്ക്ക് 1 മണിവരെ 46 ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇക്കുറിയെങ്കിലും പോളിംഗ് 70 ശതമാനം തൊടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
പുതിയ വോട്ടർമാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം എപ്പോഴും 70 ശതമാനത്തിൽ താഴെയാണ് രേഖപ്പെടുത്താറുള്ളത്. 2005 ൽ സംസ്ഥാനത്ത് 57.03 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. അതായത് 76 ലക്ഷത്തോളം പേർ വോട്ട് ചെയ്തില്ല. 2009 ൽ വീണ്ടും വോട്ടിംഗ് ശതമാനം ഇടിഞ്ഞു. അത്തവണ 56.96 ശതമാനമായിരുന്നു പോളിംഗ്. വോട്ട് ചെയ്യാതിരുന്നത് 77 ലക്ഷത്തോളം പേർ.

2014 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുത്തനെ ഉയർന്നു. 66.42 ശതമാനമായിരുന്നു പോളിംഗ്. അപ്പോൾ 70 ലക്ഷത്തോളം പേർ വോട്ട് ചെയ്തില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 65.18 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 80 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയില്ല. ഇത്തവണ ഈ കണക്കുകളിൽ വലിയ മാറ്റം ഉണ്ടാകുമോയെന്നാണ് ഉയരുന്ന ചോദ്യം.
അതേസമയം സംസ്ഥാനത്ത് അതിശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കളമൊരുങ്ങിയത്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളിൽ 2019 ൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ജാർഖണ്ഡ് മുക്തി മോർച്ചയായിരുന്നു. അന്ന് 17 സീറ്റുകളാണ് ജെ എം എമ്മിന് ലഭിച്ചത്. ബി ജെ പിക്ക് 13 സീറ്റും കോൺഗ്രസിന് 8 സീറ്റുകളും നേടാനായി. ആർ ജെ ഡിക്ക് ഒരു സീറ്റ് ലഭിച്ചിരുന്നു. ജെ വി എം -3, എൻ സി പി -1, എ ജെ എസ് യു -2 എന്നിങ്ങനെയാണ് മറ്റ് പാർട്ടികൾക്ക് ലഭിച സീറ്റുകൾ.
ആദിവാസി വോട്ടുകളാണ് സംസ്ഥാനത്തിന്റെ വിധി നിർണയിക്കുന്നത്. കഴിഞ്ഞ തവണ ജെ എം എം വിജയിച്ച 47 സീറ്റുകളിൽ 27 ഉം ആദിവാസി സംവരണ മണ്ഡലങ്ങളായിരുന്നു. അന്ന് ആദിവാസി സ്വാധീന മേഖലകളിൽ വെറും 8 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. ഇക്കുറി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ചംപയ് സോറനിലാണ് ബി ജെ പിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ചമ്പൈ സോറാൻ ബിജെപിയിലേക്ക് എത്തിയത്. അദ്ദേഹത്തിലൂടെ ഒരു വിഭാഗം ആദിവാസി വിഭാഗത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്ന് ബി ജെ പി കരുതുന്നുണ്ട്. എന്നാൽ ബി ജെ പിയുടെ മോഹം അസ്ഥാനത്താകുമെന്നും ഇക്കുറിയും ആദിവാസി സമൂഹം തങ്ങൾക്കൊപ്പം നിൽക്കുമെന്നും ജെഎംഎം അവകാശപ്പെടുന്നു.












Click it and Unblock the Notifications