'നുഴഞ്ഞു കയറ്റക്കാർക്ക് ഭൂമി കൊടുക്കാതിരിക്കാൻ നിയമം കൊണ്ട് വരും'; ജാർഖണ്ഡിൽ വൻ വാഗ്‌ദാനവുമായി അമിത് ഷാ
റാഞ്ചി: ജാർഖണ്ഡിലേക്ക് നുഴഞ്ഞുകയറുന്നവർക്ക് ആദിവാസികളുടെ ഭൂമി ലഭിക്കുന്നത് തടയുമെന്ന വാഗ്‌ദാനവുമായി അമിത് ഷാ. ഇതിനായി നിയമ നിർമ്മാണം നടത്തുമെന്നത് ഉൾപ്പെടെയുള്ള വാഗ്‌ദാനങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയിരിക്കുന്നത്. ജാർഖണ്ഡിലേക്ക് നുഴഞ്ഞുകയറി ആദിവാസി യുവതികളെ വിവാഹം ചെയ്‌ത ശേഷം ഭൂമി തട്ടിയെടുക്കുന്ന നടപടി ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഇക്കാര്യത്തിൽ കടുത്ത നടപടി തന്നെയാണ് അമിത് ഷാ വാഗ്‌ദാനം ചെയ്യുന്നത്. ഇക്കുറി ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിൽ ഊന്നിയുള്ള പ്രചാരണം നടത്തുന്ന ബിജെപിയുടെ നയങ്ങളെ സാധൂകരിച്ചുകൊണ്ടാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇത്തരത്തിൽ ആരെങ്കിലും അനധികൃതമായി ഭൂമി കൈവശപ്പെടുത്തിട്ടുണ്ടെങ്കിൽ അത് തിരികെ പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തന്നെ വിഷയത്തിൽ ബിജെപി കടുത്ത വിമർശനമാണ് നിലവിലെ ഭരണകക്ഷിയായ ജെഎംഎമ്മിനെതിരെയും സഖ്യത്തിലെ മറ്റൊരു പ്രധാന അംഗമായ കോൺഗ്രസിനെതിരെയും ഉന്നയിക്കുന്നത്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് ഭരണകക്ഷിയാണെന്നും ബിജെപി ആരോപിച്ചിരുന്നു.
അതിനിടയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ മുതിർന്ന ബിജെപി നേതാവ് വിഷയത്തിൽ ആഞ്ഞടിക്കുന്നത്. 'ജാർഖണ്ഡിൽ ആദിവാസി ജനസംഖ്യ കുറഞ്ഞുവരികയാണ്. നമ്മുടെ പെൺമക്കളെ വിവാഹം കഴിച്ച് നുഴഞ്ഞുകയറ്റക്കാർ ഭൂമി തട്ടിയെടുക്കുകയാണ്. ഇത്തരത്തിൽ നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി കൈമാറുന്നത് തടയാൻ ഞങ്ങൾ നിയമം കൊണ്ടുവരും. നുഴഞ്ഞുകയറ്റക്കാരെ തുരത്താനും അവർ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാനും ഞങ്ങൾ ഒരു കമ്മിറ്റി രൂപീകരിക്കും' അദ്ദേഹം അറിയിച്ചു.
കൂടാതെ നിലവിൽ ബിജെപിക്ക് ഒപ്പമുള്ള മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായിരുന്ന ചമ്പായി സോറനെ അപമാനിച്ചുവെന്ന് കാട്ടി അമിത് ഷാ ഹേമന്ത് സോറനെ രൂക്ഷമായി ഭാഷയിൽ വിമർശിക്കുകയും ചെയ്‌തു. നുഴഞ്ഞുകയറ്റ വിഷയം സംസാരിച്ചതിന് പേരിൽ ചമ്പായി സോറനെ ജെഎംഎം ലക്ഷ്യമിടുകയാണെന്ന് അമിത് ഷാ ആരോപിച്ചു.
നേരത്തെ ചമ്പായി സോറനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് ഈ വിഷയവും ഒപ്പം ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചതുമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ആദിവാസി സമൂഹത്തിന് നേരെയുള്ള അപമാനമായിരുന്നു ചമ്പായി സോറനോടുള്ള ജെഎംഎം അവഗണനയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യം അഴിമതിയുടെ കേന്ദ്രമാണെന്നും അമിത് ഷാ ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യത്തിലെ അഴിമതിക്കാരായ നേതാക്കളെ ജയിലിൽ അടയ്ക്കുമെന്നും ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നിലവിലെ സർക്കാർ നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, സംസ്ഥാനത്ത് ആദിവാസി വിഭാഗത്തിന്റെ വോട്ടിൽ കണ്ണ് വച്ചുകൊണ്ട് തന്നെയാണ് ബിജെപി മുന്നോട്ട് നീങ്ങുന്നത്. നവംബർ പതിമൂന്നിനും ഇരുപതിനും രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ നടക്കുക. ആകെ 81 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. നിലവിൽ ജെഎംഎം ആണ് സംസ്ഥാനം ഭരിക്കുന്നത്, കോൺഗ്രസാണ് സഖ്യ കക്ഷി.












Click it and Unblock the Notifications