ജാർഖണ്ഡിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം മുഖ്യ വിഷയമാക്കി ബിജെപി; രംഗത്തിറങ്ങി ചമ്പായി സോറനും, നീക്കം ഇങ്ങനെ
റാഞ്ചി: ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാവുകയാണ്. ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശക്തമായ പ്രചാരണം നടത്തി വരുകയാണ് മുന്നണികൾ. വോട്ടർമാരെ സ്വാധീനിക്കാൻ പതിനെട്ടടവുകളും മുന്നണികൾ പയറ്റുന്നുണ്ട്. ഇപ്പോഴിതാ ജാർഖണ്ഡിൽ വീണ്ടും അധികാരത്തിലേക്ക് വരാനുള്ള ബിജെപിയുടെ ശ്രമങ്ങൾ തുടരുകയാണ്. ഇതിനായി ഇക്കുറി വലിയ വിഷയങ്ങളാണ് അവർ ഉയർത്തുന്നത്.
ജാർഖണ്ഡിലെ സാന്താൾ പർഗാന മേഖലയിലെ ഉൾപ്പെടെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം മുഖ്യവിഷയമാക്കാനാണ് ബിജെപിയുടെ ശ്രമം. അത് തിരഞ്ഞെടുപ്പിൽ വോട്ടാക്കി എടുക്കാനുള്ള എല്ലാ വഴികളും അവർ തേടുന്നുണ്ട്. നേരത്തെ തന്നെ വിഷയം തിരഞ്ഞെടുപ്പിൽ ഉയർത്താൻ ബിജെപി തീരുമാനിച്ചിരുന്നങ്കിലും ഇപ്പോൾ ചമ്പായി സോറന്റെ വരവോടെ അത് കൂടുതൽ ശക്തമാവുകയാണ്.

ഇപ്പോഴിതാ ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെതിരെ ആഞ്ഞടിക്കുകയാണ് ചമ്പായി സോറൻ ഇപ്പോൾ. ഹേമന്ത് സോറന്റെ നാമനിർദ്ദേശ പത്രികയിലെ നിർദ്ദേശകനും വിശ്വസ്തനുമായ മണ്ഡൽ മുർമു പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ ആഞ്ഞടിച്ചത്. മുർമുവിന്റെ പാരമ്പര്യം ഉൾപ്പെടെ എടുത്ത് കാട്ടിയിരുന്നു അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചത്.
'ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്കെതിരായ സാന്താൾ കലാപപത്തിലെ രക്തസാക്ഷി സിദ്ധു കന്ഹുവിന്റെ പിൻഗാമിയായ മണ്ഡൽ മുർമു ബിജെപിയിൽ ചേർന്നു. ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു യുവാവ് എന്തുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് അറിയണോ? സാന്താൾ പർഗാനയിലെ ഭോഗ്നാദിഹ് എന്ന പുണ്യഭൂമിയിലെ സാഹചര്യം നിങ്ങൾ അറിയണം. അവിടേക്കുള്ള വഴിയിൽ, റോഡരികിൽ പുതുതായി നിർമ്മിച്ച നിരവധി വീടുകൾ, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ കൊടികൾ മാത്രം വഹിക്കുന്നത് നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവും' എന്നായിരുന്നു സോറൻ എക്‌സ് പോസ്‌റ്റിൽ എഴുതിയത്.
ഇതിനൊപ്പം ഈ വീടുകളിൽ ഭൂരിഭാഗവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടേതാണ് എന്നാണ് ചമ്പായി ആരോപിക്കുന്നത്. അതുകൊണ്ടാണ് അവർ ഈ പാർട്ടിയുടെ കൊടി സംരക്ഷണത്തിനായി അവിടെ നൽകിയിരിക്കുന്നത്. ഇത് നുഴഞ്ഞുകയറ്റക്കാരെ ആദിവാസികളുടെ ഭൂമി കയ്യേറാനും ഇവിടുത്തെ സ്ത്രീകളുടെ അഭിമാനത്തെ കളങ്കപ്പെടുത്താനും ഒക്കെ അനുവദിക്കുന്നതാണെന്നും അദ്ദേഹം തന്റെ പോസ്‌റ്റിൽ പറയുന്നു.
സാന്താൾ മേഖല മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരാൽ നിറഞ്ഞുവെന്നാണ് ചമ്പായി സോറൻ ആരോപിക്കുന്നത്. ഇതിലൂടെ ബിജെപിയും ചമ്പായി സോറനും ലക്ഷ്യമിടുന്നതാവട്ടെ ജെഎംഎമ്മിനെയും അവർ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാറിനെയുമാണ്. നിരന്തരം ആദിവാസി വിഭാഗങ്ങളുടെ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ബിജെപി ഇക്കുറി പ്രചാരണം നടത്തുന്നതെന്നും ശ്രദ്ധേയമാണ്. വലിയ വോട്ട് ബാങ്ക് ഒപ്പം നിർത്താൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ബിജെപിയുടെ ഈ ആരോപണത്തിന് ഹേമന്ത് സോറൻ തന്നെ മറുപടി നൽകിയിരുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റം എന്ന ആരോപണം നടത്തി പരിഭ്രാന്തി പരത്തുകയും വിവേചനം സൃഷ്‌ടിക്കുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് ഹേമന്ത് സോറൻ ആരോപിച്ചത്. കൂടാതെ ജാർഖണ്ഡ് എന്ന സംസ്ഥാനം ആദിവാസികളുടേതാണെന്നും അതിനാൽ അവിടം ആദിവാസികൾ തന്നെ ഭരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications