ജയറാം മഹതോ കിംഗ് മേക്കറാവുമോ? ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യത്തിനും ബിജെപിക്കും പുതിയ ചലഞ്ച്
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഭരണപക്ഷമായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ബിജെപിയും പോരാടുമ്പോള്‍ വെല്ലുവിളിയായി മറ്റൊരു പാര്‍ട്ടി. ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലെ പുത്തന്‍ താരോദയമാണ് ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ച. ജയറാം മഹതോ എന്ന യുവനേതാവാണ് ഈ പാര്‍ട്ടിയെ നയിക്കുന്നത്. ബിജെപിയും ജെഎംഎമ്മും ഒരുപോലെ ഇവരെ ഭയക്കുന്നുണ്ട്.
പ്രാദേശിക രാഷ്ട്രീയത്തില്‍ മഹതോയുടെ പ്രതിച്ഛായ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ജാതി സമവാക്യങ്ങളെ മാറ്റിമറിക്കാനുള്ള മഹതോയുടെ മികവാണ് വലിയ വെല്ലുവിളിയായി നേതാക്കളുടെ മുന്നിലുള്ളത്. കുര്‍മി വിഭാഗം നേതാവാണ് മഹതോ. സംസ്ഥാന ജനസംഖ്യയുടെ 15 ശതമാനത്തോളം വരുമിത്.

ആദിവാസി വിഭാഗങ്ങള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള വിഭാഗമാണ് കുര്‍മി വിഭാഗം. ആദിവാസി വിഭാഗം സംസ്ഥാന ജനസംഖ്യയുടെ 26.2 ശതമാനമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗിരിധ് മണ്ഡലത്തില്‍ നിന്ന് മഹതോ പരാജയപ്പെട്ടെങ്കിലും ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ കരുത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മഹതോ മൂന്നര ലക്ഷത്തിനടുത്ത് വോട്ടുകളാണ് പിടിച്ചത്.
ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ച എട്ടിടങ്ങളിലാണ് സ്ഥാനാര്‍ത്ഥിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയോഗിച്ചത്. ഗിരിധ്, റാഞ്ചി, ഹസാരിബാഗ്, കോഡെര്‍ന, ധന്‍ബാദ് എന്നീ പ്രമുഖ മണ്ഡലങ്ങളും ഇതില്‍ വരും. സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും വോട്ട് ശതമാനത്തില്‍ വന്‍ കുതിപ്പാണ് ഇവര്‍ക്കുണ്ടായത്.
റാഞ്ചിയില്‍ ദേവേന്ദ്ര നാഥ് മഹതോ 1,32647 വോട്ടുകളാണ് നേടിയത്. മണ്ഡലത്തില്‍ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. ഹസാരിബാഗില്‍ ഒന്നര ലക്ഷത്തില്‍ അധികമാണ് സഞ്ജയ് മേത്ത നേടിയ വോട്ടുകള്‍. ഈ വോട്ടുകളില്‍ മൂന്നിലൊരു ഭാഗം വന്നത് രാംഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ്. കുര്‍മി വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷം ഇവിടെയുണ്ട്.
എന്‍ഡിഎയും ഇന്ത്യാ സഖ്യവും ഇവരെ ഭയപ്പെടാന്‍ കാരണമുണ്ട്. പ്രാദേശിക വോട്ടുകളില്‍ ഇരുമുന്നണിക്കുമാണ് ഇത്രയും കാലം ആധിപത്യമുണ്ടായിരുന്നത്. മൂന്നാമതൊരു ബദലാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഗിരിധില്‍ രണ്ട് മുന്നണികളില്‍ നിന്നും വോട്ടുകള്‍ ധാരാളം ചോര്‍ന്നതാണ് വെല്ലുവിളിയായിരിക്കുന്നത്.
ധുമ്രി അടക്കം രണ്ട് സീറ്റുകളില്‍ നിന്ന് മത്സരിക്കാനാണ് ജയറാം മഹതോ ലക്ഷ്യമിടുന്നത്. മൊത്തം 71 സീറ്റുകളില്‍ ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ച മത്സരിക്കും. മഹതോയുടെ ബലത്തിലാണ് ഈ പാര്‍ട്ടി മുന്നേറുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് മഹതോ രാഷ്ട്രീയത്തില്‍ ഉയര്‍ന്ന് വന്നത്. എജെഎസ്‌യു ബിജെപിക്കൊപ്പം ചേര്‍ന്നാണ് മത്സരിക്കുന്നത്.
ദേവേന്ദ്ര നാഥ് മഹതോയാണ് ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ചയും സില്ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. ഇവിടെയാണ് എജെഎസ്‌യു അധ്യക്ഷന്‍ സുദേഷ് മഹതോ മത്സരിക്കുന്നത്. കുര്‍മി വോട്ടുകള്‍ പിളര്‍ത്തിയാല്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല. ജയറാം മഹതോ കിംഗ് മേക്കറാവും.












Click it and Unblock the Notifications