ജാർഖണ്ഡിൽ അധികാരം പിടിക്കാൻ ഇവർ ഒപ്പം നിൽക്കണം; ആദിവാസി വിഭാഗവും സ്ത്രീകളും ആരെ തുണയ്ക്കും?
റാഞ്ചി: ജാർഖണ്ഡിലെ രണ്ട് പതിറ്റാണ്ടിനോട് അടുക്കുന്ന ചരിത്രത്തിലെ അഞ്ചാമത്തെ മാത്രം തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ദേശീയ തലത്തിൽ ബിജെപി തന്നെയാണ് അധികാരത്തിൽ ഇരിക്കുന്നതെങ്കിലും ലോക്‌സഭയിൽ അവർക്കേറ്റ തിരിച്ചടിയും ഇതിന് പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും ഒക്കെ കണക്കിലെടുക്കുമ്പോൾ ജാർഖണ്ഡിലെ ഫലം വളരെയേറെ നിർണായകമാണ്.
അതിപ്പോൾ ബിജെപിക്കായാലും പ്രതിപക്ഷ സഖ്യത്തിന് ചുക്കാൻ പിടിക്കുന്ന കോൺഗ്രസിനായാലും ജാർഖണ്ഡിൽ ജയം കൂടിയേ തീരൂ. ഇരു പാർട്ടികളും ദേശീയ തലത്തിലേതിന് സമാനമായ വിശാലമായ മുന്നണി രീതിയിലാണ് ഇവിടെ ജനവിധി തേടുന്നത്. ജെഎംഎം-കോൺഗ്രസ് സഖ്യത്തിൽ ആർജെഡി, ഇടത് പാർട്ടികൾ എന്നിവരുമുണ്ട്. എൻഡിഎയിൽ എജെഎസ്‌യു, ജെജെപി, ജെഡിയു എന്നിവരും ഇടം പിടിച്ചിരിക്കുന്നു.

രണ്ട് ഘട്ടമായി നടക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി അധിക നാൾ ശേഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇരു മുന്നണികളും വലിയ പ്രചാരണ പരിപാടികളുമായാണ് മുന്നോട്ട് പോവുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ മോദിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ എത്തിയേക്കും. എന്നാൽ ജാർഖണ്ഡിൽ നിർണായകമാവുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് ഉള്ളത്. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കുക.
ജയം തീരുമാനിക്കുക ആദിവാസി വിഭാഗങ്ങളും സ്ത്രീകളും
നിലവിൽ ഈ രണ്ട് വിഭാഗങ്ങളിൽ ഊന്നിയാണ് മുന്നണികൾ തങ്ങളുടെ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ബിജെപി ഇതിനായി ജെഎംഎം നേതാവായ ചമ്പായി സോറനെ തന്നെ പാളയത്തിലേക്ക് എത്തിക്കുകയുണ്ടായി. സോറന് ആദിവാസി വിഭാഗങ്ങളിലുള്ള സ്വാധീനമാണ് അതിന് കാരണം. കൂടാതെ ജെഎംഎമ്മും സ്ത്രീകളെയും ആദിവാസി വിഭാഗത്തെയും കൈയിലെടുക്കുന്ന പ്രഖ്യാപനങ്ങളാണ് നടത്തുന്നത്.
എന്താവും മുന്നണികളെ ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിച്ച ഘടകങ്ങൾ എന്നതാണ് പ്രധാനമായും നാം പരിശോധിക്കേണ്ടത്. ജാർഖണ്ഡിലെ ജനസംഖ്യയുടെ 26.21 ശതമാനവും ആദിവാസി വിഭാഗങ്ങളാണ്, കൂടാതെ ആകെ 81 സീറ്റുകൾ ഉള്ള നിയമസഭയിൽ 28 എണ്ണവും എസ്‌ടി വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നതുമാണ്.
വലിയൊരു വോട്ട് ബാങ്കാണ് അവരെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഇവിടെയാണ് ബിജെപി വലിയ വെല്ലുവിളി നേരിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഈ 28 സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ശേഷിക്കുന്നതിൽ 25 എണ്ണവും സ്വന്തമാക്കിയതാവട്ടെ കോൺഗ്രസും ജെഎംഎം സഖ്യവും, ഫലമോ അവർ അധികാരത്തിൽ കയറുകയും ചെയ്‌തു.
ഈ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് എസ്‌ടി സീറ്റുകളിൽ ഒരെണ്ണം പോലും ജയിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇതാണ് ഇത്തവണ ആദിവാസി വിഭാഗത്തെ കൂടുതലായി ലക്ഷ്യമിടാൻ ബിജെപിയെ പ്രേരിപ്പിക്കുന്ന ഘടകം. കാരണം ജാർഖണ്ഡിൽ ആര് ഭരണത്തിലേറണം എന്നതിൽ ആദിവാസി വിഭാഗങ്ങളുടെ പങ്ക് നിഷേധിക്കാൻ കഴിയാത്തതാണ്.
ആദിവാസി വിഭാഗങ്ങളുടെ സ്വാധീനം ജാർഖണ്ഡിലെ രണ്ട് പതിറ്റാണ്ടിനോട് അടുക്കുന്ന ചരിത്രത്തിൽ എന്നോ പതിഞ്ഞതാണ്. അതുകൊണ്ട് തന്നെയാണ് ബിജെപി ഇക്കാര്യത്തിൽ ഇനിയൊരു വീഴ്‌ച വരുത്താൻ ആഗ്രഹിക്കാതെ വൻ പദ്ധതികൾ ഉൾപ്പെടെ മോദിയെ കൊണ്ട് ഉദ്‌ഘാടനം ചെയ്യിച്ചത്. ഇനി പറയാനുള്ളത് സ്ത്രീ വോട്ടർമാരെ കുറിച്ചാണ്.
ഒരുപക്ഷേ സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് വനിതാ വോട്ടർമാർ മുഖ്യ വിഷയമാവുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ആകെയുള്ള 81 സീറ്റുകളിൽ 32 ഇടത്തും വനിതാ വോട്ടർമാരാണ് കൂടുതൽ. ഈ കണക്കിലെ കളി മുതലാക്കാനാണ് പാർട്ടികൾ ഒരുപോലെ ശ്രമിക്കുന്നത്. അതിനായി ജനപ്രിയ പദ്ധതികളും മറ്റും ഇരു മുന്നണികളുടെയും പ്രകടന പത്രികയിലുണ്ടായിരുന്നു. എന്നാൽ ആദിവാസി, സ്ത്രീ വോട്ടർമാർ ഇക്കുറി ആരെ തുണയ്ക്കും എന്നത് കണ്ടറിഞ്ഞു കാണേണ്ട കാര്യമാണ്.












Click it and Unblock the Notifications