രാമേശ്വർ ഒറോണും അജോയ് കുമാറും പട്ടികയിൽ; 21 സ്ഥാനാർത്ഥികളെ മാത്രം പ്രഖ്യാപിച്ച് കോൺഗ്രസ്, ഇതൊരു സൂചനയോ?
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടികൾ എല്ലാം അവസാനവട്ട ഒരുക്കത്തിലാണ്. സ്ഥാനാർത്ഥികളുടെ കാര്യത്തിലും സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും ഒരുപടി മുന്നിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം. എന്നാൽ ജെഎംഎം-കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിൽ പൊതുധാരണ ഇതുവരെയും എത്തിയിട്ടില്ല. നിലവിലെ സീറ്റ് വിഭജന രീതികളോട് ചില കക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചതാണ് കാരണം.
എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നോട്ട് പോവാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അവർ 21 പേർ അടങ്ങുന്ന ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നലെ പുറത്തിറക്കിയിരുന്നു. കൂടുതൽ സർപ്രൈസുകൾക്ക് ഒന്നും അവസരമില്ലാതെ പ്രതീക്ഷിച്ചത് പോലെയുള്ള സ്ഥാനാർത്ഥി പട്ടിക തന്നെയാണ് കോൺഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്ര നേതൃത്വം കൂടി അംഗീകരിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

പട്ടികയിൽ നിലവിലെ ധനമന്ത്രി ഉൾപ്പെടെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ കൂടി ഉൾപ്പെടുന്നുണ്ട്. മുൻ പോലീസ് ഓഫീസറും എംപിയുമായിരുന്ന അജോയ് കുമാർ ഉൾപ്പെടെയുള്ളവർക്കും കോൺഗ്രസ് അവസരം നൽകിയിട്ടുണ്ട്. ധനമന്ത്രി കൂടിയായ മുതിർന്ന നേതാവ് രാമേശ്വർ ഒറോൺ പട്ടികവർഗ സംവരണ മണ്ഡലമായ ലോഹർദാഗ സീറ്റിൽ നിന്ന് ജനവിധി തേടും.
കൂടാതെ അജോയ് കുമാർ ജംഷഡ്‌പൂർ ഈസ്‌റ്റ് മണ്ഡലത്തിലാവും മത്സരിക്കുക. മന്ദർ മണ്ഡലത്തിൽ നിന്ന് ഷിപ്ലി നേഹ ടിർക്കിയും മത്സരിക്കുമെന്ന് ഐറിയിച്ചിട്ടുണ്ട്. ഇതും സംവരണ മണ്ഡലമാണ്. ജംത്രയിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥിയായ ഇർഫാൻ അൻസാരിയെയാണ് മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇതുൾപ്പെടെ 21 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജെഎംഎം ആവശ്യത്തിന് വഴങ്ങുമോ കോൺഗ്രസ്?
എന്നാൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ ജാർഖണ്ഡിൽ ഇക്കുറി കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ അത്രയും സീറ്റുകൾ ലഭിക്കില്ലെന്ന് ചില അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ 31 സീറ്റുകളാണ് കോൺഗ്രസ് മത്സരിച്ചതെങ്കിൽ ഇക്കുറി അത് 29 സീറ്റുകളായി കുറയുമെന്നാണ് ലഭ്യമായ വിവരം.
സംസ്ഥാനത്ത് ആകെ 70 സീറ്റുകളിൽ കോൺഗ്രസും ജെഎംഎമ്മും മത്സരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതിന് പിന്നാലെ ആർജെഡി, ഇടത് പാർട്ടികൾ എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുന്നണി മര്യാദകൾ പാലിക്കാതെയാണ് സീറ്റ് വിഭജനം നടന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. ശേഷിക്കുന്ന 11 സീറ്റുകൾ ഇടത് പാർട്ടികൾ, ആർജെഡി എന്നിവയ്ക്ക് വീതിച്ചു നൽകാമെന്നായിരുന്നു ജെഎംഎം-കോൺഗ്രസ് അറിയിച്ചത്.
എന്നാൽ അതിന് ആർജെഡി വഴങ്ങാൻ ഇടയില്ല. അങ്ങനെയെങ്കിൽ കോൺഗ്രസിന് സീറ്റുകളുടെ എണ്ണത്തിൽ വിട്ടുവീഴ്‌ച ചെയ്യേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതിനാലാവാം ആദ്യഘട്ടത്തിൽ കേവലം 21 സീറ്റുകൾ മാത്രം അവർ പ്രഖ്യാപിച്ചത് എന്നാണ് സൂചന. ജെഎംഎമ്മിന്റെ സീറ്റുകൾ വിട്ടുകൊടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ സാഹചര്യത്തിൽ കോൺഗ്രസ് വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാവാൻ തന്നെയാണ് സാധ്യത.












Click it and Unblock the Notifications