ജിഗ്നേഷ് മേവാനിക്ക് തടവ് ശിക്ഷ; മറ്റു ഒമ്പതു പ്രതികളും കുറ്റക്കാര്‍
ഗാന്ധിനഗര്‍: സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് തടവ് ശിക്ഷ. അനുമതിയില്ലാതെ ആസാദി മാര്‍ച്ച് നടത്തിയ കേസിലാണ് ശിക്ഷ. അഞ്ച് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ മറ്റ് ഒമ്പത് പ്രതികളെയും കോടതി സമാന രീതിയില്‍ ശിക്ഷിച്ചു. മൂന്ന് മാസമാണ് എല്ലാവര്‍ക്കും തടവ് വിധിച്ചിരിക്കുന്നത്. എന്‍സിപി നേതാവ് രേശ്മ പട്ടേല്‍, ജിഗ്നേഷ് മേവാനിയുടെ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ എന്നിവരെയാണ് മെഹ്‌സാന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജിഎ പാര്‍മര്‍ ശിക്ഷിച്ചത്. നിയമവിരുദ്ധമായി ഒത്തുചേര്‍ന്നു എന്നതാണ് കുറ്റം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. 10 പ്രതികള്‍ക്കും 1000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.

2017 ജൂലൈലാണ് കേസിന് ആസ്പദമായ സംഭവം. മെഹ്‌സാന മുതല്‍ ധനേര വരെ ആസാദി മാര്‍ച്ച് നടത്തുകയായിരുന്നു പ്രതികള്‍. കേസില്‍ പ്രതി ചേര്‍ക്കുന്ന വേളയില്‍ രേശ്മ പട്ടേല്‍ ഒരു പാര്‍ട്ടിയിലും അംഗമായിരുന്നില്ല. എന്നാല്‍ അവര്‍ പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ടുള്ള സമരത്തിന് ശക്തമായ പിന്തുണ നല്‍കുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു. കേസില്‍ മൊത്തം 12 പ്രതികളാണുണ്ടായിരുന്നത്. ഒരാള്‍ മരിച്ചു. മറ്റൊരു പ്രതി ഒളിവിലാണ്. ബാക്കി 10 പേരാണ് വിചാരണ നേരിട്ടത്. ജിഗ്നേഷ് മേവാനിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. അദ്ദേഹം അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് സൂചനകള്‍.
അടുത്തിടെ മേവാനിയെ അസം പോലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ഗുജറാത്തിലെത്തിയാണ് അസം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കൊണ്ടുപോയത്. ഈ കേസില്‍ ജാമ്യം ലഭിച്ച പിന്നാലെ അദ്ദേഹത്തിനെതിരെ മറ്റൊരു കേസെടുക്കുകയും ചെയ്തു അസം പോലീസ്. വനിതാ പോലീസ് ഓഫീസര്‍മാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരേ മേവാനി രംഗത്തുവന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തു എന്നാരോപിച്ചാണ് ആദ്യം കേസെടുത്തത്. അസമിലെ ബിജെപി നേതാവ് നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ഈ കേസില്‍ ജാമ്യം ലഭിച്ച തൊട്ടുപിന്നാലെ അസമിലെ ബാര്‍പേട്ട പോലീസെത്തി മറ്റൊരു കേസില്‍ മേവാനിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കുറ്റകരമായ ഗൂഢാലോചന, ആരാധനാ സ്ഥലവുമായി ബന്ധപ്പെട്ട കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാന ഭംഗത്തിന് കാരണമാകുന്ന രീതിയില്‍ പ്രകോപനമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ജിഗ്നേഷ് മേവാനിക്കെതിരെ ചുമത്തിയിരുന്നത്. സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് മേവാനിയുടെ ട്വീറ്റുകളെന്ന് പരാതിക്കാരനായ ബിജെപി പ്രാദേശിക നേതാവ് അരുപ് കുമാര്‍ ദെ ആരോപിച്ചു. മേവാനിയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. അടുത്ത ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് മേവാനി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications