കോൺഗ്രസിന് തിരിച്ചടി; അമരീന്ദർ സിംഗിന്റ പാർട്ടിയിൽ ചേർന്ന് 22 നേതാക്കൾ
ചണ്ഡീഗഡ്; പഞ്ചാബിൽ ഇത്തവണ അമരീന്ദർ-ബി ജെ പി കൂട്ട് കെട്ട് അധികാരം പിടിക്കുമോ? അമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് ബി ജെ പിയുമായി സഖ്യം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഇക്കുറി പല അട്ടിമറികളും ഉണ്ടാകാനുളള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.അതിനിടെ അമരീന്ദറിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തി കോൺഗ്രസിൽ നിന്നും പാർട്ടിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്.

കോൺഗ്രസുമായി പിരിഞ്ഞ അമരീന്ദർ സംസ്ഥാനത്ത് പുതുതായി പാർട്ടി പ്രഖ്യാപിച്ചപ്പോഴും തനിച്ചൊരു നിലനിൽപ്പ് ക്യാപറ്റന് സാധ്യമാകുമോയെന്നതായിരുന്നു പ്രധാനമായി ഉയർന്ന ചോദ്യം. വിവാദ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ബി ജെ പിയുമായി സഖ്യം രൂപീകരിച്ചാൽ ഉണ്ടായേക്കാവുന്ന തിരിച്ചടിയും അമരീന്ദറിനെ സംബന്ധിച്ച് ആശങ്കയായിരുന്നു.

എന്നാൽ പഞ്ചാബ് ഭരണം ലക്ഷ്യം വെച്ച് മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ബി ജെ പി തയ്യാറായതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പാടെ മാറി. അമരീന്ദർ ബി ജെ പിയുമായി സഖ്യം പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിംഗ് ശെഖാവത്തും അമരീന്ദർ സിംഗും സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

7 റൗണ്ട് ചർച്ചകൾക്ക് ശേഷം, വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും പഞ്ചാബ് ലോക് കോൺഗ്രസും ഒരുമിച്ച് പോരാടാൻ തിരുമാനിച്ചിരിക്കുകയാണ്. സീറ്റ് വിഭജനം പോലുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കും എന്നായിരുന്നു അമരീന്ദറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശെഖാവത്ത് പ്രതികരിച്ചത്. സംസ്ഥാനത്ത് ഭരണം പിടിക്കുമെന്നും വിജയം 101 ശതമാനം ഉറപ്പാണെന്നുമായിരുന്നു അമരീന്ദറിന്റെ പ്രതികരണം.

അതിനിടെ സംസ്ഥാനത്ത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കൂടുതൽ നേതാക്കൾ അമരീന്ദറിന്റെ പാർട്ടിയിലേക്ക് ഒഴുകുകയാണ്. ഏറ്റവും ഒടുവിലായി 22 കോൺഗ്രസ് നേതാക്കളാണ് പഞ്ചാബ് ലോക് കോൺഗ്രസിൽ ചേർന്നത്. പട്യാല മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങളും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെയുള്ളവരാണ് പാർട്ടിയിൽ ചേർന്നത്. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവേ കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് നേതാക്കളുടെ അവകാശവാദം. ചില എം എൽ എമാർ ഉൾപ്പെടെ കോൺഗ്രസ് നേതൃത്വവുമായി അതൃപ്തിയിലാണെന്ന റിപ്പോർട്ടുകൾ ഉണ്ട്. ഇവരെ ചാടിക്കാനുള്ള ശ്രമങ്ങൾ അമരീന്ദർ ശക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. എന്തായാലും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതോടെ കൂടുതൽ പേർ പാർട്ടി വിടാൻ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല.
Recommended Video

ബിഎസ്പിയിൽ നിന്നും നേതാക്കൾ കോൺഗ്രസിലേക്ക്
തിരഞ്ഞെടുപ്പ് അടുക്കവെ ബി എസ് പി യിൽ നിന്നുള്ള വിമതർ കോൺഗ്രസിൽ ചേർന്നു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുഖ്‌വീന്ദർ സിംഗ് കോട്‌ലി,ജലന്ധർ മുൻ ജില്ലാ പ്രസിഡന്റ് അമൃതപാൽ ബോൺസ്ലെ, മുൻ ജില്ലാ ജലന്ധർ കോർഡിനേറ്റർ രാം സരൂപ് സരോയി എന്നിവർ ഉൾപ്പെടെയുള്ളവരാണ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നത്. ബി എസ് പിക്ക് 40,000ത്തോളം വോട്ടുകൾ ഉള്ള ഫിലൗർ മണ്ഡലത്തിൽ നിന്ന് ഉൾപ്പെടെയുല്ളവരാണ് കോൺഗ്രസിൽ ചേർന്നത്. ശിരോമണി അകാലിദളുമായി സഖ്യത്തിൽ മത്സരിക്കാനുള്ള പാർട്ടിയുടെ തിരുമാനത്തിൽ കടുത്ത അതൃപ്തിയിലായിരുന്നു നേതാക്കൾ. സീറ്റ് വിഭജനത്തിൽ പാർട്ടിക്ക് അർഹമായ സ്ഥാനം ലഭിച്ചില്ലെന്ന ആക്ഷേപവും നേതാക്കൾക്കുണ്ട്. കൂടുതൽ പേർ വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications