ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; നവംബര്‍ 9ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഡ് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്. നവംബര്‍ ഒമ്പതിന് ചുമതലയേല്‍ക്കുമെന്ന് നിയമ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് യുയു ലളിത് നവംബര്‍ എട്ടിനാണ് വിരമിക്കുന്നത്. ചന്ദ്രഛൂഡിനെ അടുത്ത ചീഫ് ജസ്റ്റിസാക്കണമെന്ന് ലളിത് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് നിയമനം. രാഷ്ട്രപതി ശുപാര്‍ശ അംഗീകരിച്ചു. യുയു ലളിത് കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഡ്.

പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമ മന്ത്രാലയം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതുപ്രകാരം ഡിവൈ ചന്ദ്രഛൂഢിന്റെ പേരാണ് ചീഫ് ജസ്റ്റിസ് യുയു ലളിത് നിര്‍ദേശിച്ചത്. ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസ് ആയിട്ടാണ് ജസ്റ്റിസ് ചന്ദ്രഛൂഡ് ചുമതലയേല്‍ക്കുക. അദ്ദേഹത്തിന് 2 വര്‍ഷം സര്‍വീസ് കാലാവധിയുണ്ട്.
ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു ചന്ദ്രഛൂഢിന്റെ ബിരുദ പഠനം. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. ഹര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം ലഭിച്ചു. 1998 മുതല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായിരുനന്നു. പിന്നീട് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മെയ് 13നാണ് സുപ്രീംകോടതി ജഡ്ജിയായത്. രാജ്യം കണ്ട സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച പല ഡിവിഷന്‍ ബെഞ്ചുകളിലും ഡിവൈ ചന്ദ്രഛൂഢ് അംഗമായിരുന്നു.
ചന്ദ്രഛൂഢിന്റെ പിതാവ് വൈവി ചന്ദ്രഛൂഢ് സുപ്രീംകോടതിയിലെ 17ാം ചീഫ് ജസ്റ്റിസ് ആയിരുന്നു. 1978 മുതല്‍ 1985 വരെ ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹമാണ് ഇന്ത്യയുടെ ചരിത്രത്തില്‍ കൂടുതല്‍ കാലം ഈ പദവിയിലിരുന്നത്.












Click it and Unblock the Notifications