സാധ്യമാണ്, നല്ല ആശയം... സൂചന നല്‍കി കമല്‍ഹാസന്‍, കോയമ്പത്തൂര്‍ സ്റ്റാര്‍ മണ്ഡലമായേക്കും
കോയമ്പത്തൂര്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മല്‍സരിച്ചേക്കും. കോയമ്പത്തൂര്‍ മണ്ഡലത്തിലാകും അദ്ദേഹം ജനവിധി തേടുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ പാര്‍ട്ടി നേതൃയോഗം സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു.
കമല്‍ഹാസന്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേരുമെന്നും കോയമ്പത്തൂരില്‍ സ്ഥാനാര്‍ഥിയാകുമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് അദ്ദേഹം കോയമ്പത്തൂരില്‍ പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തത്. അടുത്തിടെ നടന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. ഡിഎംകെ പ്ിന്തുണയും കോണ്‍ഗ്രസിനായിരുന്നു.

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന് കമല്‍ഹാസന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തണമെന്ന് കമല്‍ഹാസനോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താങ്കള്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് ചോദിച്ചു. അത് സാധ്യമാണ്. നല്ല ആശയമാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. നേരത്തെ കോയമ്പത്തൂരില്‍ മല്‍സരിച്ച പരിചയം കമല്‍ഹാസനുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് കമല്‍ഹാസന്‍ മല്‍സരിച്ചിരുന്നത്.
2021ല്‍ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹസാന് വിജയം പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നേരിയ വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. ബിജെപിയുടെ വാനതി ശ്രീനിവാസനാണ് ഈ മണ്ഡലത്തില്‍ ജയിച്ചത്. മാത്രമല്ല, കോയമ്പത്തൂര്‍ ജില്ലയിലെ മറ്റു മണ്ഡലങ്ങളില്‍ എംഎന്‍എമ്മിന് മികച്ച വോട്ടുകള്‍ ലഭിക്കുകയും ചെയ്തു.
അടുത്ത തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യം ചേരുമോ എന്ന് കമല്‍ഹാസനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇതുവരെ സഖ്യം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാനാണ് ഈ യോഗം. സുപ്രധാന കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കും. എല്ലാം മാധ്യമങ്ങളെ അറിയിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി തന്നോട് ആവശ്യപ്പെട്ടുവെന്ന് കമല്‍ഹാസന്‍ വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന വ്യക്തി കൂടിയാണ് കമല്‍ഹാസന്‍.
രാഹുല്‍ ഗാന്ധി എന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കര്‍ണാടകയില്‍ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും ബന്ധപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഭരണഘടന വെല്ലുവിളി നേരിട്ടാല്‍ എല്ലാ ഭിന്നതകളും മാറ്റിവച്ച് ഞങ്ങള്‍ ഒന്നിക്കുമെന്നും കമല്‍ഹാസന്‍ പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications