കമല്‍നാഥും മകനും കോണ്‍ഗ്രസ് വിടുന്നു? ബിജെപിയിലേക്കെന്ന് സൂചന; 48 മണിക്കൂര്‍ നിര്‍ണായകം
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നുവെന്ന് റിപ്പോര്‍ട്ട്. മകന്‍ നകുല്‍ നാഥും പിതാവിനൊപ്പം പാര്‍ട്ടി വിടുമെന്നാണ് സൂചന. കമല്‍നാഥ് പാര്‍ട്ടിയുമായി അതൃപ്തിയിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. നേരത്തെ മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മ ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി നേതൃത്വവുമായി അതൃപ്തിയിലാണെന്ന് പറഞ്ഞിരുന്നു.
അതേസമയം കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവുമെല്ലാം സോഷ്യല്‍ മീഡിയ ബയോയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇത് പാര്‍ട്ടി വിടുന്നതിന്റെ മുമ്പുള്ള നീക്കമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് കമല്‍നാഥ് പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയായിരിക്കും കോണ്‍ഗ്രസ് വിടുന്ന കാര്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വൈകാതെ തന്നെ മറുപടി പറയാമെന്നും കമല്‍നാഥ് പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിലുള്ള നേതാക്കളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ചുരുക്കം ചില കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് കമല്‍നാഥ്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശില്‍ എത്തുന്ന സമയത്ത് കമല്‍നാഥ് കോണ്‍ഗ്രസ് വിടുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി ഗ്വാളിയോര്‍ ചമ്പല്‍ മേഖലയില്‍ നിന്നുള്ള നേതാവ് അശോക് സിംഗിനെ പ്രഖ്യാപിച്ചതാണ് കമല്‍നാഥിന്റെ അതൃപ്തിക്ക് കാരണം. കമല്‍നാഥിനോട് ആലോചിക്കുക പോലും ചെയ്യാതെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
അതേസമയം കമല്‍നാഥ് പാര്‍ട്ടി വിടില്ലെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം കമല്‍നാഥുമായി സംസാരിച്ചിരുന്നു. അദ്ദേഹം ചിന്ദ്വാരയിലുണ്ടായിരുന്നു. നെഹ്‌റു-ഗാന്ധി കുടുംബത്തിനൊപ്പമാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. അങ്ങനെയുള്ള ഒരാള്‍ ഇന്ദിരയുടെ കുടുംബത്തെ വിട്ട് പോകുന്നത് എങ്ങനെയെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.
ഇന്ദിരയുടെ മൂന്നാമത്തെ പുത്രനാണ് കമല്‍നാഥ്. അദ്ദേഹം ഒരിക്കലും ഗാന്ധി കുടുംബത്തെ വഞ്ചിക്കില്ല. കോണ്‍ഗ്രസില്‍ തുടരുമെന്നും ജിത്തു പട്വാരി പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ചതോടെ നിരവധി പേര്‍ പാര്‍ട്ടിക്കുള്ളില്‍ കോണ്‍ഗ്രസിനെതിരായിരിക്കുകയാണെന്ന് വിഡി ശര്‍മ പറഞ്ഞു.
പല മുതിര്‍ന്ന നേതാക്കളും ഇക്കാരണത്താല്‍ പാര്‍ട്ടി വിടാം. പാര്‍ട്ടിയില്‍ ചേരാന്‍ വരുന്ന ഏത് കോണ്‍ഗ്രസ് നേതാവിനെയും ബിജെപി ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും ശര്‍മ വ്യക്തമാക്കി. ആത്മാഭിമാനത്തിന് ക്ഷതമേറ്റാലും, ബഹുമാനം ഇല്ലാതായാലും, അപമാനം നേരിട്ടാലും ഒരു നേതാവ് പാര്‍ട്ടി വിടാമെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിംഗ് വര്‍മ പറഞ്ഞു.












Click it and Unblock the Notifications