ഒരുത്തന്റെയും ആവശ്യമില്ല, കോണ്‍ഗ്രസ് തിരിച്ചുവരും, പ്രശാന്തിന്റെ വരവില്‍ താല്‍പര്യമില്ലാതെ കമല്‍നാഥ്
ദില്ലി: പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ ചൊല്ലി സീനിയര്‍ നേതാക്കള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ്. കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനായി എല്ലാ ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുകയാണെന്ന വാദം ഇതിനോടകം ശക്തമായിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് തിരിച്ചുവരാന്‍ ആരുടെയും ആവശ്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറയുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നു എന്ന വാര്‍ത്തകളോട് അദ്ദേഹത്തിന്റെ പ്രതികരണം ഇത്തരത്തിലായിരുന്നു. നിലവിലെ കോണ്‍ഗ്രസ് സംവിധാനത്തെ നിയന്ത്രിക്കുന്നവരാണ് ഏറ്റവും നിരാശയിലായിരിക്കുന്നത്. പ്രശാന്ത് വരുന്നതോടെ ഇതെല്ലാം പൊളിക്കുമെന്നാണ് കരുതുന്നത്.

നേതൃത്വത്തെ പുകഴ്ത്തി ജീവിക്കുന്നവരെ ഒഴിവാക്കണമെന്ന് ശക്തമായി തന്നെ പ്രശാന്ത് വാദിച്ചിരുന്നു. ഇത് കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിയുമായി അടുത്ത ബനധം പുലര്‍ത്തുന്ന പല നേതാക്കളും തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുന്നവരല്ല. രാഹുലിന്റെ ഗ്രൂപ്പിലും അത്തരത്തിലുള്ളവരുണ്ട്. ഇവരെ നേതൃത്വത്തില്‍ കൊണ്ടു നടക്കുന്നത് തിരിച്ചടിയാവുമെന്നാണ് പ്രശാന്ത് സൂചിപ്പിച്ചത്. കോണ്‍ഗ്രസിന്റെ തീരുമാനങ്ങളെ അത്രത്തോളം സ്വാധീനിക്കുന്നവരാണ് ഇവര്‍. സോണിയയുടെ തീരുമാനങ്ങളെ പോലും ഇവര്‍ക്ക് സ്വാധീനിക്കാനുള്ള കരുത്തുണ്ട്. കോണ്‍ഗ്രസിന് തിരിച്ചടിയാവുന്നതും ഈ ഇടപെടലുകളാണ്.
കമല്‍നാഥ് അടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് പ്രശാന്ത് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അതുകൊണ്ട് സീനിയര്‍ ഗ്രൂപ്പ് ശക്തമായി തന്നെ ഇതിനെ എതിര്‍ക്കുന്നുണ്ട്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് മധ്യപ്രദേശില്‍ കമല്‍നാഥിനെ ഒരു പാഠം പഠിപ്പിക്കുന്നതിനാണെന്ന് ബിജെപി മന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു. ഇതിന് ചുട്ടമറുപടിയും കമല്‍നാഥ് നല്‍കി. കോണ്‍ഗ്രസിന് ആരെയും ആശ്രയിച്ച് നില്‍ക്കേണ്ട അവസ്ഥയിലില്ല. മധ്യപ്രദേശില്‍ അല്ലാതെ തന്നെ കോണ്‍ഗ്രസ് കരുത്തേറിയതാണെന്നും കമല്‍നാഥ് വ്യക്തമാക്കി. പ്രശാന്ത് കിഷോര്‍ വരികയോ വരാതിരിക്കയോ ചെയ്യട്ടെ, കോണ്‍ഗ്രസ് ഇവിടെ തിരഞ്ഞെടുപ്പിന് സജ്ജമാണ്. ആരെയും ആശ്രയിച്ചല്ല പാര്‍ട്ടി നില്‍ക്കുന്നതെന്നും കമല്‍നാഥ് പറഞ്ഞു.
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലെത്തിയാല്‍ അതോടെ കമല്‍നാഥിന്റെ കാര്യത്തില്‍ തീരുമാനമാവും. ജനങ്ങളില്‍ നിന്ന് കമല്‍നാഥ് പഠിക്കുന്നില്ലെങ്കില്‍, പ്രശാന്ത് അദ്ദേഹത്തെ കാര്യങ്ങള്‍ പഠിക്കുമെന്നും പരിഹാസത്തോടെ നരോത്തം മിശ്ര പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസിനെ ചത്ത കുതിരയെന്നാണ് ആംആദ്മി പാര്‍ട്ടി വിശേഷിപ്പിച്ചത്. പ്രശാന്ത് കിഷോര്‍ സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണിത്. നേരത്തെ പഞ്ചാബിലെ ജയത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാള്‍ മാത്രമാണ് ബിജെപിക്കുള്ള ദേശീയ വെല്ലുവിളിയെന്ന് അവകാശപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ പ്രത്യേക പദവികളോ മറ്റ് ആവശ്യങ്ങളോ ഇല്ലാതെ കോണ്‍ഗ്രസില്‍ ചേരാന്‍ പ്രശാന്ത് കിഷോര്‍ തയ്യാറാണെന്ന് താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications