പ്രശാന്തിന്റെ തന്ത്രം ഏറ്റു; കനയ്യ കുമാർ കോൺഗ്രസിലേക്ക്? രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച ഉടൻ
ദില്ലി; ദേശീയ തലത്തിൽ വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.അതിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനായി കൂടുതൽ കരുത്തരായ നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോർ ഉടൻ കോൺഗ്രസിൽ എത്തിയേക്കുമെന്നാണ് സൂചന. ഇതിനുള്ള ചർച്ച പാർട്ടിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാൽ പ്രശാന്ത് കിഷോർ മാത്രമല്ല ജെഎൻയു വിദ്യാർത്ഥി യൂണിയന്‍റെ മുന്‍ ചെയര്‍മാനും സിപിഐ നേതാവുമായ കനയ്യ കുമാറും ഉടൻ കോൺഗ്രസിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വിശദാംശങ്ങളിലേക്ക്

ഇക്കഴിഞ്ഞ ലോക്സഭയ തിരഞ്ഞെടുപ്പിൽ ബെഗുസരെ മണ്ഡലത്തിൽ നിന്ന് കനയ്യ സിപിഐയ്ക്ക് വേണ്ടി മത്സരിച്ചിരുന്നു. മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗിനോടായിരുന്നു കനയ്യ ഏറ്റുമുട്ടിയത്. എന്നാൽ 4.22 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഗിരിരാജ് സിംഗ് വിജയിച്ചത്. കനയ്യയ്ക്ക് ലഭിച്ചത് വെറും 22ശതമാനം വോട്ടുകളായിരുന്നു.

തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം കനയ്യയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും പാർട്ടി സീറ്റ് നൽകിയിരുന്നില്ല. ഇതിൽ കനയ്യ അതൃപ്തിയിലായിരുന്നു. അതിനിടെ കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയുമായും കനയ്യ ഇടഞ്ഞ് നിൽക്കുകയാണെന്നാണ് റിപ്പോർട്ട്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഇന്ദുഭൂഷണുമായുള്ള പ്രശ്‌നങ്ങളാണ് കനയ്യയും നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണം.

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കനയ്യയുടെ അനുയായികൾ ഇന്ദു ഭൂഷണെ കൈയ്യേറ്റം ചെയ്തതിരുന്നു. സംഭവം വിവാദമായതോടെ കനയ്യയെ ഹൈദരാബാദിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ താക്കീത് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും നടപടി പിൻവലിക്കണമെന്നും കനയ്യ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പക്ഷേ നടപടി പിൻവലിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. മാത്രമല്ല ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുമായും കനയ്യ അത്ര സ്വരചേർച്ചയിൽ അല്ലെന്നാണ് വിവരം.

ഈ പശ്ചാത്തലത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയൊരു തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് കനയ്യ കോൺഗ്രസിലേക്കുള്ള സാധ്യതകൾ തേടുന്നതെന്നാണ് റിപ്പോർട്ട്. ഇതിനോടകം തന്നെ കോൺഗ്രസ് നേതാക്കളുമായി കനയ്യ നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് വിവരം. മാത്രമല്ല കോൺഗ്രസ് എംഎൽഎമാരും അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

യുവ നേതാവും എംഎൽയുമായ നദീം ജാവേദിനെയാണ് കനയ്യയുമായി ചർച്ച നടത്താൻ നേതൃത്വം ചുമതലപ്പെടുത്തിയരിക്കുന്നത്. അദ്ദേഹം കനയ്യ കുമാറുമായി ഈയിടെ ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉടൻ തന്നെ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. കനയ്യയെ കോൺഗ്രസിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പാർട്ടിയുടെ ഉന്നതതലത്തിൽ ഗൗരവമായ ചർച്ച നടക്കുന്നുണ്ടെന്നാണ് വിവരം

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് കോൺഗ്രസ് സംസ്ഥാനത്ത് ഏറ്റുവാങ്ങിയത്.ആകെ ലഭിച്ചത് വെറും 19 സീറ്റുകളായിരുന്നു. ഈ സാഹചര്യത്തിൽ
സംസ്ഥാനത്ത് യുവജനങ്ങൾക്കിടയിൽ പ്രിയങ്കരനായ കനയ്യയെ പാർട്ടിയിലെത്തിച്ചാൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. അതേസമയം കനയ്യയുടെ കോൺഗ്രസ് പ്രവേശത്തിൽ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

അതിനിടെ പ്രശാന്ത് കിഷോറിന്റേയും കോൺഗ്രസ് പ്രവേശം സംബന്ധിച്ച് പാർട്ടിയിലെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം. പ്രശാന്തിനെ പാർട്ടിയിൽ എടുക്കുന്നതിനോട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന വിമത കൂട്ടായ്മയായ ജി-23 പ്രശാന്തിന്റെ വരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കോൺഗ്രസിന്റെ സമ്പൂർണ അഴിച്ചുപണിയാണ് പ്രശാന്ത് കിഷോർ ലക്ഷ്യം വെയ്ക്കുന്നത്. രാഹുൽ ഗാന്ധി പാർലമെന്ററി ബോർഡ് തലവനാകണമെന്നതാണ് പികെയുടെ നിർദ്ദേശം. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി ഒരു പ്രത്യേക സമിതിയെ തന്നെ ചുമതലപ്പെടുത്തണെമെന്ന നിർദ്ദേശവും പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ചിട്ടുണ്ട്. മാത്രമല്ല കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കുകയെന്നതാണ് പ്രശാന്തിന്റെ ലക്ഷ്യം.

എന്നാൽ പ്രശാന്തിന്റെ ഈ നിർദ്ദേശങ്ങൾ നടപ്പാക്കിയാൽ മുതിർന്ന നേതാക്കളിൽ പലരും പുറത്താകുമെന്ന ആശങ്കയാണ് ജി23 നേതാക്കൾക്ക് ഉള്ളത്. അതേസമയം പ്രശാന്ത് കോൺഗ്രസിൽ ചേർന്നാൽ തന്നെ അദ്ദേഹത്തിന് എഐസിസി ജനറൽ സെക്രട്ടറി പദമായിരിക്കും നൽകിയേക്കുക. ഇതിലും നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്. പാർട്ടിയിൽ പുതുതായി വരുന്നൊരു നേതാവിന് എഐസിസി ജനറൽ സെക്രട്ടറി പദം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് മുതിർന്ന നേതാവായ ശശി തരൂർ ഉൾപ്പെടെ വാദിക്കുന്നത്.

പ്രശാന്തിന്റെ വരവ് കാര്യമായി ഗുണം ചെയ്യില്ലെന്നും നേതാക്കൾ പറയുന്നു. 2017 ലെ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്തായിരുന്നു. എന്നാൽ പാർട്ടി വെറും 7 സീറ്റുകളിലേക്ക് ഒതുങ്ങി. ബംഗാളിൽ മമത്യ്ക്ക വേണ്ടിയും തമിഴ്നാട്ടിൽ സ്റ്റാലിന് വേണ്ടി പ്രശാന്ത് ഒരുക്കിയ തന്ത്രങ്ങൾ അതുകൊണ്ട് തന്നെ കോൺഗ്രസിന് അനുകൂലമാകണമെന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പ്രശാന്തിന് ശോഭിക്കാൻ കഴിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ജെഡിയു ഉപാധ്യക്ഷനായിരുന്നു പ്രശാന്ത് കിഷോർ. പൗരത്വ നിയമത്തെ ചൊല്ലി നിതീഷുമായി ഇടഞ്ഞാണ് പാർട്ടി വിട്ടത്.

അതേസമയം അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരണമെന്നാണ് പാർട്ടിയിലെ മറ്റൊരു വിഭാഗം നേതാക്കൾ വാദിക്കുന്നത്. ഏറ്റവും നിർണായകമായ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഉൾപ്പെടെ 7 നിയമസഭ തിരഞ്ഞെടുപ്പുകളാണ് 2022 ൽ നടക്കാനിരിക്കുന്നത്. പാർട്ടിയിൽ പൊളിച്ചെഴുത്തുകൾ നടത്തിയില്ലേങ്കിൽ ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പ്രകടനത്തെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ കോൺഗ്രസിൽ ചേർന്നാൽ തന്നെ പ്രശാന്തിന്റെ ലക്ഷ്യം വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications