താലിബാന്റെ വാക്ക് വിശ്വസിച്ചത് അബദ്ധമായി: ഭീകരർ തടഞ്ഞുവെച്ച മലയാളി കണ്ണൂരിലെത്തി
കണ്ണൂർ: കാബൂൾ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ താലിബാൻ തട്ടിയെടുത്ത വാഹനത്തിലെ മലയാളി നാട്ടിൽ തിരിച്ചെത്തി. കണ്ണൂർ സ്വദേശിയായ ദീദിൽ പാറക്കണ്ടിയാണ് ഇന്ന് ഉച്ചയോടെ തിരിച്ചെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ ദീദിൽ അടക്കം 150 ഇന്ത്യക്കാർ സഞ്ചരിച്ച ആറ് ബസുകളായിരുന്നു താലിബാൻ പിടിച്ചെടുത്തത്. ഒറ്റപ്പെട്ട സ്ഥലത്തേക്ക് എത്തിച്ച യാത്രക്കാരിൽ നിന്ന് മൊബൈൽ ഫോണുകളും കൈവശമുണ്ടായിരുന്ന രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ സർക്കാരുമായുള്ള ചർച്ചയ്ക്കൊടുവിലാണ് ഇവരെ വിട്ടയയ്ക്കുന്നത്.
ആക്രമിക്കില്ലെന്നും രാജ്യത്ത് തുടരമെന്നുമുള്ള താലിബാനിൽ നിന്നുള്ള വാക്ക് വിശ്വസിച്ചതാണ് അബദ്ധമായതെന്നും ദീദിൽ പാറക്കണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കാബൂളിൽ തങ്ങൾ സുരക്ഷിതായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് താലിബാൻ കാബൂൾ പിടിച്ചെടുക്കുന്നത്. ഇതിനിടെ അവരുടെ കൂടെ ജോലി ചെയ്തൂടെ എന്ന് ചോദിച്ചത് വിശ്വസിച്ചിരുന്നു. ഇതുവരെയുള്ള സ്ഥിതിഗതികൾ നല്ലതായിരുന്നുവെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ തിരിച്ചുപോകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളുണ്ട്. രാജ്യത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ കണക്കിലെടുത്ത് താലിബാനെതിരെ ഇപ്പോൾ ഒന്നും തന്നെ പറയാനാവില്ല. താലിബാന് കീഴിലുള്ള ഭരണം എന്താകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ ദീദിൽ പാറക്കണ്ടി പറഞ്ഞു.

താലിബാൻ പിടിച്ചുവെച്ച ഇന്ത്യക്കാരുടെ മോചനത്തിന് വേണ്ടി ഇടപെട്ട പ്രധാനമന്ത്രി, മുഖ്യമന്ത്രി, കമ്പനി സിഇഒ, മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും ദീദിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്നലെയാണ് ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ദീദിൽ അടക്കമുള്ളവരുടെ സംഘം ദില്ലിയിലേക്ക് എത്തുന്നത്. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ഈ സംഘം തിരിച്ചെത്തുന്നത്.
കാബൂൾവിമാനത്താവളത്തിന് തൊട്ടു മുന്നിൽ വെച്ച് താലിബാൻ തങ്ങളെ തടഞ്ഞെന്നാണ് ഇന്നലെ ദില്ലിയിലെത്തിയ സംഘത്തിലുള്ളവർ വ്യക്തമാക്കിയത്. തുടർന്ന് പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയെന്നും. താലിബാൻ തടഞ്ഞുവെച്ച സംഘത്തിൽ സ്ത്രീകൾ അടക്കമുള്ളവർ ഉണ്ടായിരുന്നതായും ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാബൂൾ വിമാത്താവളത്തിന്റെ പ്രവർത്തനം. യുഎസ് സൈന്യത്തിന്റെ മേൽനോട്ടത്തിൽ തന്നെയാണ് അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടന്നുവരുന്നത്. ഒപ്പം ജർമനി അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള സൈന്യവും കാബൂൾ വിമാനത്തിലും പരിസര പ്രദേശത്തും സൈനിക വിന്യാസം നടത്തിയിട്ടുണ്ട്.
തടഞ്ഞുവെച്ച് നാലു മണിക്കൂറിലധികം താലിബാൻ തങ്ങളെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയയ്ക്കുന്നത്. ഇതിനിടെ എല്ലാവരുടെയും തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരു വാതിൽ വഴി അകത്തു കൊണ്ടു പോകാം എന്ന ഉറപ്പു നല്കിയ ശേഷമാണ് 6 ബസുകൾ വഴിതിരിച്ചു വിട്ടതെന്നും തിരിച്ചെത്തിയവർ ഓർക്കുന്നു. ഇവിടെ നിന്ന് പിന്നീട് പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയെന്നും വീഡിയോകാൾ വഴി ഒരാൾ നിർദ്ദേശം നല്കിയതോടെയാണ് തങ്ങളെ വിട്ടയച്ചതെന്നും ഇന്ത്യയിൽ മടങ്ങിയെത്തിയവർ വെളിപ്പെടുത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ ഇന്നലെ മാത്രം മലയാളികൾ അടക്കം 392 പേരെയാണ് മൂന്നു വിമാനങ്ങളിലായി ഇന്ന് മാത്രം ദില്ലിയിലേക്ക് തിരികെയെത്തിച്ചത്. ഇനി അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്ഥാനിലുള്ളതായാണ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. മൂന്നു ദിവസത്തെ ആശങ്കയ്ക്കൊടുവിലാണ് ഇന്ത്യൻ വ്യോമസേനയുടെ സി 17 പ്രത്യേക വിമാനം രാവിലെ പത്തുമണിയോടെ അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്ത്യക്കാരുമായി ദില്ലിയിലെത്തിയത്. 168 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ പേർ 50 മലയാളികളാണ്.












Click it and Unblock the Notifications