കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം; യോഗിയ്ക്ക് വൻ ഡിമാന്റ്, അഭ്യർത്ഥനയുമായി ബിജെപി നേതാക്കൾ
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നയിക്കണമെന്ന ആവശ്യം ശക്തമാക്കി ബിജെപി നേതാക്കൾ. യുപിയിലെ എൻകൗണ്ടർ കൊലയ്ക്ക് പിന്നാലെയാണ് ഹിന്ദുത്വ സ്വാധീന മേഖലയിൽ യോഗിയുടെ തിരഞ്ഞെടുപ്പ് റാലികൾ വേണമെന്ന ആവശ്യം നേതാക്കാൾ ഉന്നയിച്ചിരിക്കുന്നത്. ഈ മാസം ഏപ്രിൽ 15 നായിരുന്നു യുപിയിലെ സമാജ്വാദി പാർട്ടി നേതാവും ഗുണ്ടാ തലവനുമായ ആതിഖ് അഹമ്മദും സഹോദരനും അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരവരുടുയേും കൊലയ്ക്ക് രണ്ട് ദിവസം മുൻപ് ആതിഖിന്റെ മകനും സുഹൃത്തും പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടിരുന്നു.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്ന നേതാവെന്ന നിലയ്ക്കാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബിജെപി നേതാക്കൾ ആഘോഷിക്കുന്നത്. യോഗി ഹിന്ദുത്വ മേഖലയിൽ പ്രചരണത്തിനെത്തിയാൽ ഈ വിഷയങ്ങൾ ഏറെ ചർച്ചയാകുമെന്നും ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് നേതാകൾ പറയുന്നത്. തീരദേശ മേഖലയിലാണ് പ്രധാനമായും യോഗിയുടെ റാലി നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞത് ആറ് റാലികളും റോഡ് ഷോകളും വേണമെന്നാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

അതേസമയം താരപ്രചാരകരായി 40 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ, നിതിൻ ഗഡ്ഗരി, സ്മൃതി ഇറാനി തുടങ്ങിയവരാണ് താരപ്രചരകരുടെ പട്ടികയിൽ ഇടംപിടിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശർമ്മ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും താരപ്രചാരകരുടെ പട്ടികയിലുണ്ട്.
മെയ് 10 നാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ്. ബിജെപിയെ സംബന്ധിച്ച് ഇത്തവണ ജീവൻമരണ പോരാട്ടമാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള ഏക സംസ്ഥാനം കൈവിടുന്നത് കനത്ത തിരിച്ചടിയാകും പാർട്ടിക്ക് സമ്മാനിക്കുക. ഈ സാഹചര്യത്തിൽ ഭരണം നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ബിജെപി.
സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണ വിരുദ്ധ വികാരം മോദി പ്രഭാവത്തിലൂടെ മറികടക്കാൻ സാധിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. അതേസമയം സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായം ബിജെപിയുമായി ഇടഞ്ഞത് പാർട്ടിക്ക് വെല്ലുവിളി തീർക്കുന്നുണ്ട്. ലിംഗായത്ത് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ഒഴുകിയത് തിരിച്ചടിയാകുമെന്നാണ് ബിജെപി ആശങ്ക.












Click it and Unblock the Notifications