ഒന്നും രണ്ടുമല്ല പാർട്ടി വിട്ടത് ബിജെപിയെ വീഴ്ത്താൻ വരെ കെൽപ്പുള്ള 7 പേർ, പകച്ച് നേതൃത്വം;കോൺഗ്രസിന് ചിരി
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി 23 ദിവസങ്ങളാണ് ശേഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനം എന്ന നിലയിൽ തിരഞ്ഞെടുപ്പ് കോൺഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് ഏറെ നിർണായകമാണ്. ഭരണം തിരിച്ച് പിടിക്കാൻ 18 അടവുകളുമായി തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുകയാണ് കോൺഗ്രസ്. എന്നാൽ മറുവശത്ത് പാർട്ടിയിലെ പൊട്ടിത്തെറിയിൽ തല പുകയുകയാണ് ബി ജെ പി നേതൃത്വം. നേതാക്കളുടെ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതോടെ നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്ക് ബിജെപിയിൽ തുടരുകയാണ്. അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച് നിൽക്കുകയാണ് നേതൃത്വം.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൂടുമാറ്റങ്ങൾ പതിവ് സംഭവമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലടക്കം ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നുമെല്ലാം പല നേതാക്കളും സീറ്റിന് വേണ്ടി മറുകണ്ടം ചാടിയിട്ടുണ്ട്. എന്നാൽ കർണാടക ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൂടെയാണ് പാർട്ടി ഉപ്പോൾ കടന്ന് പോകുന്നതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

സീറ്റ് ലഭിക്കാത്ത എം എൽ എമാരും എംഎൽസിമാരും എന്തിന് മുതിർന്ന നേതാക്കളും മന്ത്രിമാരു ഉൾപ്പെടെ പാർട്ടിയിൽ നിന്നും കൂട്ടക്കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. ടിക്കറ്റ് നിഷേധിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. പാർട്ടി വിട്ടവരാകട്ടെ അഭയം പ്രാപിക്കുന്നത് കോൺഗ്രസിലാണെന്നതും ബി ജെ പിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്.
ഏറ്റവും ഒടുവിലായി പാർട്ടി വിട്ടത് മുൻ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാർ ആണ്. ഹുബ്ബള്ളി ദർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഷെട്ടാർ 1994 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടതോടെ ആദ്യം നേതൃത്വത്തിനെതിരെ ഷെട്ടാർ പരസ്യമായി രംഗത്തെത്തിയിരുന്നു. തന്റെ അതൃപ്തിയും ആവശ്യവും ദില്ലിയിൽ എത്തി ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
എന്നാൽ നേതൃത്വം അദ്ദേഹത്തിന് ചെവി കൊടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് ഷെട്ടാർ രാജി വെച്ചത്. ബിജെപിയിൽ നിന്നും ഇറങ്ങിയ ഷെട്ടാറിനെ കോൺഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പ്രമുഖ ലിംഗായത്ത് നേതാവായ അദ്ദേഹത്തെ ദർവാഡിൽ നിന്ന് തന്നെ കോൺഗ്രസ് മത്സരിപ്പിച്ചേക്കും.

അതേസമയം ഷെട്ടാർ മാത്രമല്ല മറ്റൊരു കരുത്തനായ നേതാവായ ലക്ഷ്മൺ സവാദിയും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. മുൻ ഉപമുഖ്യമന്ത്രി കൂടിയായ സവാദിയെ തള്ളി കോൺഗ്രസിൽ നിന്നും രാജിവെച്ചെത്തിയ മഹേഷ് കുമ്മത്തള്ളിക്ക് അത്താണിയിൽ സീറ്റ് അനുവദിച്ച നടപടിയാണ് സവാദിയുടെ രാജിയിലേക്ക് നയിച്ചത്.
രണ്ട് തവണ എം എൽ എയായ നെഹ്റു ഒലേക്കർ, മുഡിഗിരി എം എൽ എ എം പി കുമാരസ്വാമി, ബി ജെ പി എം എൽ സി ആർ ശങ്കർ,ഹൊസദുർഗ എംഎൽഎ ഗൂളിഹട്ടി ഡി ശേഖർ, ഫിഷറീസ് മന്ത്രിയായ എസ് അംഗാര, മുതിർന്ന നേതാവ് കൂടിയായ കെ എസ് ഈശ്വരപ്പ തുടങ്ങിയ നേതാക്കളാണ് ഇതിനോടകം ബി ജെ പി വിട്ടത്.
കൂടുതൽ നേതാക്കൾ ഇനിയും ബി ജെ പിയിൽ നിന്നും പടിയിറങ്ങിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ. നേതാക്കളെ പിടിച്ച് നിർത്താൻ ബി ജെ പി നേതൃത്വം പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അപമാനം സഹിച്ച് ഇനിയും തുടരില്ലെന്നാണ് നേതാക്കളുടെ നിലപാട്. ഇതിനോടകം തന്നെ നിരവധി പേർ കോൺഗ്രസുമായി ബന്ധപ്പെട്ട് കഴിഞ്ഞതായും അഭ്യൂഹങ്ങൾ ഉണ്ട്.
അതേസമയം 2019 ലെ ബിജെപിയുടെ 'ഓപ്പറേഷൻ താമരയ്ക്ക്' മറുപടി കൊടുക്കാൻ നേതാക്കളുടെ വരവിലൂടെ സാധിച്ചെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. നിയമസഭ തിരഞ്ഞെടുപ്പിൽ ഈ വിമതർ ബിജെപിയുടെ അരിവേരിളക്കുമെന്നും കോൺഗ്രസ് 130 ഓളം സീറ്റുകൾ നേടി വിജയിക്കുമെന്നും നേതാക്കൾ അവകാശപ്പെട്ടു.












Click it and Unblock the Notifications