വരുണ സീറ്റിൽ കരുത്തനായ സിദ്ധരാമയ്യയെ വീഴ്ത്താൻ ആര്? സൂചന നൽകി യെഡിയൂരപ്പ
ബെംഗളൂരു: തിരഞ്ഞെടുപ്പ് ചൂട് കനക്കുന്ന കര്‍ണാടകയില്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് സംബന്ധിച്ചുളള പ്രവചനങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയിരിക്കുകയാണ്. ബിജെപി സര്‍ക്കാരിനെ കോണ്‍ഗ്രസ് ഇക്കുറി വീഴ്ത്തും എന്നാണ് എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വ്വേയുടെ പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ജനപ്രിയന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുമാണ്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സിദ്ധരാമയ്യ ആണ്. അധികാരം നിലനിര്‍ത്തുക എന്നതിനൊപ്പം സിദ്ധരാമയ്യയെ വീഴ്ത്തുക എന്നതും ബിജെപി ഉന്നമിടുന്നു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ ഇക്കുറി മൈസൂരുവിലെ വരുണ നിയോജക മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.

വരുണ നിയോജക മണ്ഡലത്തിലെ നിലവിലെ ജനപ്രതിനിധി സിദ്ധരാമയ്യയ്യുടെ മകനായ യതീന്ദ്രയാണ്. മകന്റെ മണ്ഡലത്തിലേക്ക് അച്ഛന്‍ എത്തുമ്പോള്‍ എതിര്‍വശത്തെ ആരെ നിര്‍ത്തും എന്നുളള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമാണ്. അതിനിടെ മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബിഎസ് യെഡിയൂരപ്പ വരുണ സീറ്റിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നത് സംബന്ധിച്ച് ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ്.
തന്റെ മകന്‍ ബിഐ വിജയേന്ദ്ര വരുണ സീറ്റില്‍ നിന്ന് സിദ്ധരാമയ്യയ്ക്ക് എതിരെ മത്സരിച്ചേക്കും എന്നുളള സൂചനയാണ് യെഡിയൂരപ്പ നല്‍കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതൃതലത്തില്‍ സജീവ ചര്‍ച്ചകള്‍ ആണ് നടക്കുന്നതെന്ന് യെഡിയൂരപ്പ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 224 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റിന് മുകളിലേക്ക് കടക്കില്ലെന്നും ബിഎസ് യെഡിയൂരപ്പ പറഞ്ഞു. കര്‍ണാടകത്തില്‍ മെയ് 10ന് ആണ് വോട്ടെടുപ്പ്.












Click it and Unblock the Notifications