രണ്ട് നിര്‍ഭാഗ്യങ്ങള്‍ ബിജെപി തകര്‍ക്കുമെന്ന് അണ്ണാമലൈ; അവര്‍ പരാജയം സമ്മതിച്ചെന്ന് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശുഭ പ്രതീക്ഷയിലാണ് എല്ലാ പാര്‍ട്ടികളും. കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ബിജെപി ഭരണം തുടരുമെന്നും പറയുന്നു. എന്നാല്‍ കിങ്‌മേക്കര്‍ തങ്ങളാണെന്ന് ജെഡിഎസ് അവകാശപ്പെടുന്നു. ഇതിനിടെയാണ് അണ്ണാമലൈയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടത്.
ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റാണ് കെ അണ്ണാമലൈ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല കൂടി ഇദ്ദേഹത്തിന് പാര്‍ട്ടി നല്‍കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ വേളയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ഇപ്പോള്‍ കുറച്ചുകൂടി കടന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. രണ്ട് നിര്‍ഭാഗ്യങ്ങള്‍ ബിജെപി തകര്‍ക്കാന്‍ പോകുകയാണ് എന്ന് അണ്ണാമലൈ പറയുന്നു.

1985ന് ശേഷം കര്‍ണാടകയില്‍ ഒരു പാര്‍ട്ടിയും തുടര്‍ച്ചയായി ഭരണത്തിലെത്തിയിട്ടില്ല. ഇത് ബിജെപി ഇത്തവണ തിരുത്തും. ബിജെപിക്ക് ഇന്നുവരെ കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമായ 113 സീറ്റ് ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ബിജെപിക്ക് 113ലധികം സീറ്റുകള്‍ ലഭിച്ച് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കും. കര്‍ണാടകയുടെ രണ്ട് നിര്‍ഭാഗ്യങ്ങളും ബിജെപി തകര്‍ക്കാന്‍ പോകുകയാണ് എന്ന് അണ്ണാമലൈ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുയാണ്. സഖ്യസര്‍ക്കാര്‍ വരുമോ എന്ന ചോദ്യത്തിന് ഒരു സാധ്യതയുമില്ല, കോണ്‍ഗ്രസിന് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറയുന്നത്. ബിജെപി പരാജയം സമ്മതിച്ചുകഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെടുന്നു. വളരെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
കര്‍ണാടകയിലെ വോട്ടര്‍മാരോട് നന്ദി പറയുകയാണ്. വലിയ ഭൂരിപക്ഷമാണ് അവര്‍ കോണ്‍ഗ്രസിന് നല്‍കുന്നത്. വോട്ടെണ്ണല്‍ നാളെ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കും. നമുക്ക് നാളെ വരെ കാത്തിരിക്കാം. ബിജെപി പരാജയം സമ്മതിച്ചിട്ടുണ്ടെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
ബിജെപിയുടെയും മോദിയുടെയും ശ്രമം പരാജയപ്പെട്ടു. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. അത് കര്‍ണാടകയില്‍ വിലപ്പോയില്ല. 2018ലെ പോലെ ജെഡിഎസുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. സഖ്യസര്‍ക്കാരിന് സാധ്യതയേയില്ല. കാരണം കോണ്‍ഗ്രസിന് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കും. ജെഡിഎസിന് അവര്‍ക്ക് താല്‍പ്പര്യമുള്ളിടത്തേക്ക് പോകാമെന്നും സുര്‍ജേവാല പറഞ്ഞു.
അതേസമയം, ഏത് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കണം എന്ന കാര്യം ജെഡിഎസ് തീരുമാനിച്ചുവെന്ന തന്‍വീര്‍ അഹമ്മദിന്റെ പ്രസ്താവന ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹീം തള്ളി. തന്‍വീര്‍ ജെഡിഎസ് വക്താവല്ല. പാര്‍ട്ടി അംഗം പോലുമല്ല. പിന്നെ എങ്ങനെയാണ് അദ്ദേഹം പാര്‍ട്ടിയുടെ കാര്യം പറയുക. ജെഡിഎസ് ആരുമായും സഖ്യം ചേരുന്നതിന് തീരുമാനിച്ചിട്ടില്ല. ഫലം വരാന്‍ കാത്തിരിക്കുകയാണെന്നും സിഎം ഇബ്രാഹീം പറഞ്ഞു.












Click it and Unblock the Notifications