കർണാടക ഹൈക്കോടതി ജസ്റ്റിസിന്റെ വിവാദ പരാമർശം; റിപ്പോർട്ട് തേടി സുപ്രീം കോടതി
കർണാടക ഹൈക്കോടതി ജസ്റ്റിസിന്റെ വിവാദ പരാമർശത്തിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി. ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ നടത്തിയ പരാമർശത്തിലാണ് സുപ്രീം കോടതി നടപടി. ബെംഗളൂരിലെ മുസ്ലിം ഭൂരിപക്ഷ മേഖലയെ 'പാകിസ്താൻ' എന്ന് ജസ്റ്റിസ് വിളിച്ചിരുന്നു. ഇതാണ് വിവാദമായത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്. കോടതിയിൽ നടത്തുന്ന പരാമർശങ്ങൾ സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. കോടതി മുറികളിലെ നടപടികളിൽ സോഷ്യൽ മീഡിയ ഇത്രയും ശക്തമായ നിരീക്ഷണം നടത്തുമ്പോൾ ജുഡീഷ്യറിയിൽ നിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങൾ കോടതിയുടെ മര്യാദകളുമായി യോജിക്കുന്നുണ്ടെന്ന് അടിയന്തരമായി ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. വിഷയം രണ്ട് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

ഭൂവുടമ-കുടിയാൻ തർക്കം സംബന്ധിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഗോരി പാല്യ എന്ന സ്ഥലത്തെ കുറിച്ചുള്ള ഹൈക്കോടതി ജഡ്ജി വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ വിവാദ പരാമർശം. മൈസൂർ റോഡ് മേൽപ്പാലത്തിന് സമീപം ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് സംബന്ധിച്ചായിരുന്നു അദ്ദേഹം പ്രതികരിച്ചത്. 'മൈസൂരു റോഡ് മേൽപ്പാലത്തിലേക്ക് പോയി നോക്കൂ, ഓരോ ഓട്ടോ റിക്ഷയിലും 10 പേരെങ്കിലും ഉണ്ടാകും. ഗോരി പാല്യയിൽ നിന്ന് മാർക്കറ്റിലേക്ക് ഇടത്തേക്ക് പോകുന്ന മൈസൂർ മേൽപ്പാലം ഇന്ത്യയിലല്ല, പാകിസ്ഥാനിലായതിനാൽ ഇതൊന്നും ബാധകമല്ല. ഇതാണ് യാഥാർത്ഥ്യം. നിങ്ങൾ എത്ര കർക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ അവിടെ വെച്ചാലും അവർ അയാളെ തല്ലും', എന്നായിരുന്നു ജസ്റ്റിസ് പറഞ്ഞത്.
ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ജഡ്ജിയുടെ പരാമർശത്തിനെതിരെ ഉയർന്നത്. 'ഓട്ടോയിൽ 5-6 ആളുകൾ യാത്ര ചെയ്യുന്നത് പ്രോത്സാഹിപ്പിക്കരുത്, കാരണം അതൊരു സുരക്ഷാപ്രശ്നം തന്നെയാണ്. എന്നാൽ ഒരു ജഡ്ജി ഇത്തരത്തിലൊരു പരാമർശം നടത്തുന്നത് അങ്ങേയറ്റം തെറ്റാണ്. നിയമം ഉയർത്തിപ്പിടിക്കേണ്ടവർ പോലും ഇന്ത്യൻ മുസ്ലീങ്ങളെ കുറിച്ച് ഇത്തരത്തിൽ പ്രതികരിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല', എന്നായിരുന്നു വീഡിയോ പങ്കുവെച്ച് ഒരാൾ കുറിച്ചത്. ജുഡീഷ്യറിയിലെ ആളുകൾ തന്നെ ഇങ്ങനെ സംസാരിക്കുമ്പോൾ ഇന്ത്യൻ മുസ്ലീങ്ങളെ അധിക്ഷേപിക്കാൻ സാധരണക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ്', മറ്റൊരാൾ എക്സിൽ പറഞ്ഞു.












Click it and Unblock the Notifications