കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം; ഹർജികൾ സുപീം കോടതിയിൽ, അതിർത്തി ഗ്രാമങ്ങളിൽ കനത്ത സുരക്ഷ
കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്ക ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷ കർശനമാക്കി. കഴിഞ്ഞ ദിവസം അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിഷയത്തിൽ സുപ്രീം കോടതി നിലപാടാണ് ഉറ്റുനോക്കപ്പെടുന്നത്.
കർണാടകയിലെ ബെളഗാവിയിൽ മറാഠി സംസാരിക്കുന്ന 865 ഗ്രാമങ്ങൾക്കുവേണ്ടിയാണ് നിലവിൽ തർക്കം നിലനിൽക്കുന്നത്. 1960 ൽ മഹാരാഷ്ട്ര സ്ഥാപിതമായത് മുതൽ അയൽ സംസ്ഥാനങ്ങളായ കർണാടകയും മഹാരാഷ്ട്രയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

പ്രശ്നങ്ങളുടെ തുടക്കം
സംസ്ഥാന പുനഃസംഘടന നിയമം 1956ൽ പാർലമെന്റ് പാസാക്കിയതുമുതൽ സംസ്ഥാന അതിർത്തിയിലെ ഗ്രാമങ്ങളെ ചൊല്ലി തർക്കങ്ങൾ ഉടലെടുത്തിരുന്നു. 1953-ൽ നിയമിക്കപ്പെട്ട ജസ്റ്റിസ് ഫസൽ അലി കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു നിയമം പാസാക്കിയത്. കർണാടകയുടെ വടക്കുപടിഞ്ഞാറൻ ജില്ലയായ ബെലഗാവി സംസ്ഥാനത്തിന്റെ ഭാഗമാകണമെന്നതാണ് മഹാരാഷ്ട്രയുടെ ആവശ്യം.

കേന്ദ്രത്തിന്റെ നിലപാട്
അതിർത്തി തർക്കം കൊടുമ്പിരി കൊണ്ടതിന് പിന്നാലെ മഹാരാഷ്ട്രയുടെ ശക്തമായ സമ്മർദ്ദങ്ങൾക്കിടെ 1966 ഒക്ടോബർ 25-ന്, മുൻ സുപ്രീം കോടതി ജസ്റ്റിസ് മെഹർചന്ദ് മഹാജന്റെ കീഴിൽ കേന്ദ്രസർക്കാർ ഒരു കമ്മീഷനെ നിയോഗിച്ചു. അന്ന് എസ് നിജലിംഗപ്പയായിരു്നു കർണാടക മുഖ്യമന്ത്രി. വി പി നായക് ആണ് മഹാരാഷ്ട്ര ഭരിച്ചിരുന്നത്.
1967 ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. കർണാടകയിൽ നിപ്പാനി നന്ദ്ഗഡ്, ഖാനാപൂർ എന്നിവ ഉൾപ്പെടെയുള്ള 264 പട്ടണങ്ങളും ഗ്രാമങ്ങളും മഹാരാഷ്ട്രയുമായും മഹാരാഷ്ട്രയിലെ 247 ഗ്രാമങ്ങളും പട്ടണങ്ങളും (ദക്ഷിണ സോലാപൂർ, അക്കൽകോട്ട് എന്നിവയുൾപ്പെടെ) കർണാടകയുമായി ലയിപ്പിക്കാനുമായിരുന്നു റിപ്പോർട്ടിലെ ശുപാർശ.

ശുപാർശയ്ക്ക് എന്ത് സംഭവിച്ചു
റിപ്പോർട്ട് 1970 ൽ പാർലമെന്റിൽ വെച്ചെങ്കിലും ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നില്ല. ഇതിനിടെ മറാഠി സംസാരിക്കുന്ന കർണാടകത്തിലെ പ്രദേശങ്ങൾ മഹാരാഷ്ട്രയുടെ ഭാഗമാക്കാനും കന്നഡ സംസാരിക്കുന്ന മഹാരാഷ്ട്രയിലെ പ്രദേശങ്ങൾ കർണാടകയുടെ ഭാഗമാക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമായി. അതേസമയം വിഷയം ശക്തമായ രാഷ്ട്രീയ ധ്രുവീകരണത്തിലേക്കാണ് നയിച്ചതെന്ന് കന്നഡ ആക്ടിവിസ്റ്റ് അശോക് ചന്ദർഗി പറയുന്നു. ഭാഷയെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയത്തിലേക്ക് ജനങ്ങൾ തിരിയാൻ ഇത് കാരണമായെന്നും ചന്ദർഗി ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് ശൈത്യകാലത്ത് തർക്കം രൂക്ഷമാകുന്നു
2007 ൽ മേഖലയിൽ സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബെലഗാവിയിൽ കർണാടക നിയമസഭ മന്ദിരം പണിതിരുന്നു. 2012 ലാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. നിയമസഭയുടെ ശൈത്യകാല സമ്മേളനം ഇവിടെ വെച്ചാണ് വർഷാവർഷം നടക്കുന്നത്. അതുകൊണ്ട് തന്നെ ശൈത്യകാല സമ്മേളന സമയത്ത് ഇവിടെ പ്രശ്നം രൂക്ഷമാകും. ഇത്തവണയും കന്നഡ , മറാത്താ ഗ്രൂപ്പുകൾ പ്രശ്നം ആളികത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടിൽ, ശംഭുരാജെ ദേശായി എന്നിവരെ നിയമ നടപടികൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിയോഗിച്ചിട്ടുണ്ട്. ഡിസംബർ 3 ന് ഇവർ ബെലഗാവി സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതേ സമയത്ത് മഹാരാഷ്ട്രയിലെ കർണാടക സംസാരിക്കുന്ന പ്രദേശങ്ങൾ സംസ്ഥാന മന്ത്രിമാർ സന്ദർശിക്കണമെന്നാണ് ചില കന്നഡ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

സുപ്രീം കോടതിയെ സമീപിച്ചത്
സംസ്ഥാന പുനഃസംഘടന നിയമത്തെ ചോദ്യം ചെയ്ത് 2004 ലാണ് മഹാരാഷ്ട്ര സുപ്രീം കോടതിയെ സമീപിച്ചത്. ബെലഗാവി, കാർവാർ, വിജയപുര, കലബുറഗി, ബിദാർ എന്നിങ്ങനെയുള്ള അഞ്ച് ജില്ലകളിലെ 865 ഗ്രാമങ്ങളും പട്ടണങ്ങളും സംസ്ഥാനവുമായി ലയിപ്പിക്കണമെന്ന ആവശ്യമായിട്ടായിരുന്നു ഇത്. അതേസമയം സംസ്ഥാനങ്ങളുടെ അതിർത്തികൾ തീരുമാനിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും പാർലമെന്റിന് മാത്രമേ അതിനുള്ള അധികാരമുള്ളൂവെന്നുമാണ് കർണാടകയുടെ നിലപാട്. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്ന് ഭരണഘടനയുടെ 131-ാം അനുച്ഛേദമാണ് ഇതിന് മറുപടിയാണ് മഹാരാഷ്ട്ര ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications