കാവിക്കൊടി ദേശീയ പതാകയാകും; വിവാദമായി ബിജെപി മന്ത്രിയുടെ വാക്കുകള്‍
ബെംഗളൂരു: ഹിജാബ് വിവാദം ആളിക്കത്തുന്ന കര്‍ണാടകയില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. ഭാവിയില്‍ ഇന്ത്യയുടെ ദേശീയ പതാക കാവിക്കൊടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ത്രിവര്‍ണപതാകയാണ് ദേശീയ പതാക. എല്ലാവരും അതിനെ ബഹുമാനിക്കണം. എന്നാല്‍ ഭാവിയില്‍ ഇത് മാറും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ കാവി പതാക ഉപയോഗിച്ചിരുന്നു. കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയാകുമെന്നും കര്‍ണാടക ഗ്രാമ വികസന മന്ത്രി കൂടിയായ ഈശ്വരപ്പ പറഞ്ഞു.

ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോഴല്ല, ഭാവിയില്‍ ഒരിക്കല്‍ അങ്ങനെ സംഭവിക്കുമെന്ന് ഈശ്വരപ്പ മറുപടി നല്‍കി. ഹിന്ദുത്വത്തെ കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറയുന്ന വേളയില്‍ ഒരുകാലത്ത് ജനങ്ങള്‍ ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയില്ലേ. അതുപോലെ ഭാവിയില്‍ ഇന്ത്യയുടെ ദേശീയ പതാക കാവിക്കൊടിയായി മാറും. എത്രകാലമെടുക്കുമെന്ന് എനിക്കറിയില്ല. നിലവില്‍ ത്രിവര്‍ണ പതാകയാണ് ദേശീയ പതാക. അത് ആദരിക്കപ്പെടണം. ആദരിക്കാത്തവര്‍ രാജ്യദ്രോഹികളാണെന്നും മന്ത്രി പറഞ്ഞു.
ഒരുവേളയില്‍ ഇന്ത്യയില്‍ ഹിന്ദു ധര്‍മ നിലവില്‍ വരും. അന്ന് നമ്മള്‍ ചെങ്കോട്ടയില്‍ കാവി കൊടി ഉയര്‍ത്തും. ഹിജാബിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കോളജില്‍ ദേശീയ പതാക മാറ്റി കാവിക്കൊടി നാട്ടി എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ വാക്കുകളോടും ഈശ്വരപ്പ പ്രതികരിച്ചു. ശിവകുമാര്‍ കള്ളം പറയുകയാണ്. ഹിന്ദുവിനെയും മുസല്‍മാനെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ശിവകുമാര്‍ നടത്തുന്നത്. ശിവമോഗയില്‍ ദേശീയ പതാക മാറ്റിയിട്ടല്ല കാവിക്കൊടി ഉയര്‍ത്തിയത്. അങ്ങനെയാണെങ്കില്‍ ശിവകുമാര്‍ തെളിവ് തരട്ടെ. കാവിക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. ദേശീയ പതാക താഴ്ത്തിയിട്ടല്ല അത് ചെയ്തത്. കാവിക്കൊടി എവിടെയും ഉയര്‍ത്താന്‍ സാധിക്കുമല്ലോ. എന്നാല്‍ ദേശീയ പതാക എവിടെയും താഴ്ത്താന്‍ സാധിക്കില്ല. അതൊരിക്കലും സംഭവിക്കില്ല. ആ കൊടി മരത്തില്‍ കൊടിയുണ്ടായിരുന്നില്ലെന്നും ഈശ്വരപ്പ പറഞ്ഞു.
ദേശീയ പതാക താഴ്ത്തിയിട്ടില്ല എന്ന് ശിവമോഗയിലെ കോളജ് അധികൃതരും പോലീസും അറിയിച്ചിരുന്നു. വ്യാജ പ്രചാരണമാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, ഹിജാബ് വിഷയം ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. നേരത്തെ വാദം കേട്ട സിംഗിള്‍ ബെഞ്ച് ഹര്‍ജികള്‍ വിശാല ബെഞ്ചിന് കൈമാറിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഹര്‍ജികള്‍ പരിഗണിക്കുക. ഹര്‍ജികളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും പരീക്ഷ അടുത്തുവരികയാണെന്നും വിദ്യാര്‍ഥിനികള്‍ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications