കത്വ കൂട്ടബലാത്സംഗക്കേസ് വിചാരണ കശ്മീരിൽ തന്നെ.. നീതിയുക്തമാകണമെന്ന് സുപ്രീം കോടതി
ദില്ലി: കത്വ കൂട്ടബലാത്സംഗക്കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്ത് നടത്തണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. കേസിന്റെ വിചാരണ ജമ്മുവിലെ കോടതിയില്‍ തന്നെ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണ സത്യസന്ധമായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സുപ്രധാനമായ കേസായതിനാല്‍ നീതിയുക്തമായ വിചാരണ ഉറപ്പ് വരുത്തുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ വിചാരണ നീതിയുക്തമായല്ല നടപ്പാക്കുന്നത് എങ്കില്‍ കേസ് കത്വയ്ക്ക് പുറത്തുള്ള കോടതിയിലേക്ക് മാറ്റുമെന്നും സുപ്രീം കോടതി പറഞ്ഞു. കത്വ കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്താനാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണം എന്നായിരുന്നു ആവശ്യം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖന്‍വികര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കത്വ സംഭവത്തില്‍ സിബിഐ അന്വേഷണം വേണം എന്നാണ് പ്രതികളുടെ ആവശ്യം. ഈ ആവശ്യത്തെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത് വന്നത് വിവാദമായിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ വാദം ന്യായമാണ് എന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാട്. കത്വ കേസിന്റെ വിചാരണ ഈ മാസം 28നാണ് തുടങ്ങുക.












Click it and Unblock the Notifications