ദേശീയ രാഷ്ട്രീയത്തിൽ പ്രശ്‌ന പരിഹാരകന്റെ റോളില്‍ വീണ്ടും കെസി
ദില്ലി: രാജസ്ഥാനിൽ പാർട്ടിക്കുള്ളിൽ നീറിപ്പുകയുന്ന ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനും മാസങ്ങളായി മുടങ്ങിയിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടന നടത്താനും ഹൈക്കമാൻഡിന്റെ പ്രത്യേക പ്രതിനിധിയായി ചർച്ചകൾക്ക് തുടക്കമിട്ടതോടെ ദേശിയ രാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി കെസി വേണുഗോപാൽ.
തെലുങ്കാനയിലെയും പഞ്ചാബിലെയും പ്രാദേശിക ഘടകങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രാഹുലിനും പ്രിയങ്കക്കുമൊപ്പം ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് വേണുഗോപാലായിരുന്നു. ഇതിനുശേഷം രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രശ്‌ന പരിഹാര ചുമതലയും മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ചകളുമാണ് ഇപ്പോൾ വേണുഗോപാലിനെ സോണിയ ഗാന്ധി ഏൽപ്പിച്ചിരിക്കുന്ന ദൗത്യം. രാജസ്ഥാനില്‍ അജയ് മാക്കനാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനനറല്‍ സെക്രട്ടറിയെങ്കിലും മാസങ്ങളായി നിലനിൽക്കുന്ന ആഭ്യന്തര പ്രശ്‍നങ്ങൾ വീണ്ടും വീണ്ടും തലപൊക്കിത്തുടങ്ങിയതോടെയാണ് വേണുഗോപാലിനെ ഹൈക്കമാണ്ടിന്റെ പ്രത്യേക പ്രതിനിധിയായി ജയ്‌പൂരിലേക്കു അയച്ചിരിക്കുന്നത്. മുഖാമുഖം വാളോങ്ങിനിൽക്കുന്ന മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും യുവ നേതാവ് സച്ചിൻ പൈലറ്റിനെയും ഒരു മേശക്കു ചുറ്റുമിരുത്തി പ്രശ്‌നം പരിഹരിക്കുക എന്ന നിർണായക ചുമതലയാണ് സംഘടനാ ചുമതലകൂടിയുള്ള വേണുഗോപാലിനുള്ളത്. ഇരു നേതാക്കളുമായി വേണുഗോപാലിനുള്ള വ്യക്തി ബന്ധങ്ങളും പക്ഷപാതരഹിതമായി പ്രശ്നം പരിഹരിക്കുന്നതിലുള്ള മിടുക്കുമാണ് ഈ നിർണ്ണായക ദൗത്യവും കെ സി യിലേക്കെത്താൻ കാരണം.

നേരത്തെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തര്‍ക്കം ഉണ്ടായപ്പോള്‍ പ്രത്യേക നിരീക്ഷകന്‍ കെ സി തന്നെയായിരുന്നു. അന്ന് രമ്യമായ് പ്രശ്‌നം പരിഹരിച്ചെങ്കിലും പിന്നീട് ഇരുവിഭാഗവും തമ്മില്‍ ശീതസമരം തുടരുകയായിരുന്നു. കോണ്‍ഗ്രസിന് ഭരണവും ശക്തമായ അടിത്തറയുമുള്ള സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ രാജസ്ഥാനിലും പഞ്ചാബിലും ഹൈക്കമാന്‍ഡ് പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്. പഞ്ചാബിലെ പ്രശ്‌നം പരിഹരിക്കുന്നതിലും പ്രിയങ്കാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയുമൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തതും കെ സി വേണുഗോപാലായിരുന്നു. നവജ്യോത് സിങ് സിദ്ദുവുമായുള്ള വ്യക്തിബന്ധവും ക്യാപ്റ്റന്‍ അമരീന്ദന്‍ സിങുമായുള്ള ബന്ധവും ഫലപ്രദമായ് വിനിയോഗിച്ചാണ് സംസ്ഥാനത്ത് കെ സി വേണുഗോപാല്‍ പുതിയ ഫോര്‍മുല രൂപപ്പെടുത്തിയത്.
രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയാണ് ഹൈക്കമാന്‍ഡ്, നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടി പരിഹരിക്കാന്‍ ശ്രദ്ധ ചെലുത്തുന്നത്. ഇടഞ്ഞുനില്‍ക്കുന്ന സച്ചിനെ മെരുക്കുകയും പുന:സംഘടന നടത്തുകയും ഗെഹ്‌ലോട്ടിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കുകയും വേണമെന്ന വെല്ലുവിളിയാണ് കെ സിയ്ക്കും ദേശീയ നേതാക്കള്‍ക്കും മുമ്പിലുള്ളത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ കെ സി വേണുഗോപാലിന് വര്‍ധിച്ചുവരുന്ന സ്വീകാര്യതയുടെ തെളിവാണ് രാജസ്ഥാനിലും പഞ്ചാബും നല്‍കിയ പ്രത്യേക ദൗത്യങ്ങള്‍. മറ്റു പല സംസ്ഥാനങ്ങളിലും സീനിയര്‍ നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് പുതിയ നേതൃത്വത്തെ അവരോധിക്കുന്നതിലും തലമുറമാറ്റത്തിലും സോണിയാഗാന്ധി തീരുമാനങ്ങള്‍ നടപ്പാക്കുന്നത് കെ സി വേണുഗോപാലിലൂടെയാണ്.
സംസ്ഥാന ഘടകങ്ങളിൽ അഭിപ്രായവത്യാസങ്ങൾ മൂലം നീണ്ടുപോയിരുന്ന പുനഃസംഘടന പ്രക്രിയകൾ ഒന്നൊന്നായി ഹൈക്കമാൻഡ് പരിഹരിച്ചുവരികയാണ് . രാഹുൽ ഗാന്ധിയും പ്രിയങ്കയും നേരിട്ടാണ് പരിഹാരനടപടികൾക്കു നേതൃത്വം നൽകുന്നത്. കെ സി വേണുഗോപാലാണ് ഹൈക്കമാൻഡിന്റെ താല്പര്യങ്ങളും പരിഹാര ഫോർമുലകളും സംസ്ഥാന നേതാക്കന്മാരുമായി പങ്കുവയ്ക്കുന്നതും തീരുമാനങ്ങളെടുക്കാൻ വേണ്ട കളമൊരുക്കുന്നതും.
മുതിർന്ന നേതാക്കളുടെ രാജിഭീഷണിയും മറ്റു പ്രതിസന്ധികളും അവഗണിച്ചാണ് തെലങ്കാനയില്‍ രണ്ടാഴ്ച മുമ്പ് എ രേവന്ത് റെഡ്ഡിയെ പി സി സി പ്രസിഡന്റായി നിയമിച്ചത്. പഞ്ചാബില്‍ നവജ്യോത് സിങ് സിദ്ദുവിനെയും അസമില്‍ ഭൂപന്‍ ബോറയെയും മണിപ്പൂരില്‍ ലോകെന്‍ സിങിനെയും ഉത്തരാഖണ്ഡില്‍ ഗണേഷ് ഗോദിയാലിനെയും നിയമിക്കുന്നതിലും പലവിധത്തിലുള്ള പ്രതിസന്ധികളുണ്ടായിരുന്നു. സീനിയര്‍ നേതാക്കളുടെ അതൃപ്തി പരിഹരിച്ചാണ് സംസ്ഥാനങ്ങളിൽ നേതൃമാറ്റം സുഗമമായി നടത്തിവരുന്നത്.
Recommended Video
നേരത്തെ മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും സഖ്യസർക്കാരുകളുടെ രൂപീകരണത്തിനും വേണുഗോപാൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. കർണാടകത്തിൻറെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി എന്ന നിലയിൽ ജനതാദൾ എസ്സുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിച്ചു ബിജെപിയെ ഞെട്ടിച്ചുകൊണ്ടാണ് വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിലെ താരമായത്.
പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഏറ്റവും മുമ്പില്‍ നിന്ന് ചുക്കാന്‍ പിടിക്കുന്ന കെ സി വേണുഗോപാലിന് പാര്‍ലമെന്റ് സമ്മേളന കാലത്ത് കൂടുതല്‍ ഉത്തരവാദിത്തങ്ങളാണ് പാര്‍ട്ടി നല്‍കുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ ശബ്ദത്തെ ഏകോപിക്കാനും വിഷയങ്ങള്‍ സമഗ്രമായ് ഉയര്‍ത്താനും ഈ ദക്ഷിണേന്ത്യക്കാരന്‍ തന്നെയാണ് മുന്‍കൈയെടുക്കുന്നത്. രാജ്യസഭയിലെ പാർലമെൻററി പാർട്ടി ഏകോപനത്തിനായി സോണിയ രൂപീകരിച്ച സംഘത്തിലും വേണുഗോപാലുണ്ട്.












Click it and Unblock the Notifications