കീഴടി ഖനന വിവാദം: തമിഴ്നാടിനോട് അവഗണന, മോദിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ
ചെന്നൈ: കീഴടി ഖനന വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കീഴടി ഖനനത്തിൽ തമിഴ്നാടിന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് സ്റ്റാലിൻ ആരോപിച്ചു. തമിഴ്നാടിനെ ബിജെപി അവഗണിക്കുകയാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിഷയത്തിൽ ഒരു ട്വീറ്റ് പോലും ഇടാൻ തോന്നാത്തതെന്നും സ്റ്റാലിൻ ചോദിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീഴടി ഒരു തമിഴ് പൈതൃക സ്ഥലമാണ്. അവിടെ നിന്ന് ലഭിക്കുന്ന ഓരോ കണ്ടെത്തലും തമിഴ് ചരിത്രത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്ന തെളിവുകളാണ്. എന്നിട്ടും കേന്ദ്രസർക്കാർ ഇതിനെ അവഗണിക്കുന്നത് ദുഃഖകരമാണ്," സ്റ്റാലിൻ പറഞ്ഞു. കീഴടിയിൽ കണ്ടെത്തിയ പുരാവസ്തുക്കൾ ലോകത്തിന് മുന്നിൽ ഭാരതീയ നാഗരികതയുടെ പഴക്കം വിളിച്ചോതുന്നതാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

എന്താണ് കീഴടി ഖനനം?
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് കീഴടി. 2013 ലാണ് ഇവിടെ ഖനനം ആരംഭിച്ചത്. ആദ്യ മൂന്ന് ഘട്ടങ്ങളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ആണ് ഖനനം നടത്തിയത്. ഡോ. കെ. അമർനാഥ് രാമകൃഷ്ണയായിരുന്നു ആദ്യ രണ്ട് ഘട്ടങ്ങളിലും ഖനനത്തിന് നേതൃത്വം നൽകിയത്. 2,200 വർഷം മുൻപ് നാഗരികസമൂഹം അധിവസിച്ചിരുന്നു എന്നതിന്റെ നിർണായക കണ്ടെത്തലുകളാണ് അദ്ദേഹം നടത്തിയത്. സിന്ധുനദീതട നാഗരികതയ്ക്ക് ദ്രാവിഡബന്ധമുണ്ടെന്ന് വ്യക്തമാക്കിയുള്ള റിപ്പോർട്ടും അദ്ദേഹം സർക്കാരിന് സമർപ്പിച്ചു.
എന്നാൽ 2016-ൽ അമർനാഥ് രാമകൃഷ്ണയെ കേന്ദ്രസർക്കാർ സ്ഥലം മാറ്റുകയും, ഖനനത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത് . പിന്നാലെ തമിഴ്നാട് സർക്കാർ ഖനനത്തിന്റെ ചുമതല ഏറ്റെടുത്തു. 2017-ൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഖനനം തുടർന്നു. ഇതുവരെ നിരവധി പുരാവസ്തുക്കൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രാമകൃഷ്ണ സമർപ്പിച്ച റിപ്പോർട്ടിൽ തിരുത്തൽ വരുത്തണമെന്ന കേന്ദ്രനിർദ്ദേശമാണ് ഇപ്പോൾ പുതിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.
ഡി.എം.കെ സർക്കാരിന്റെ പ്രതിഷേധം
കീഴടി ഖനനവുമായി ബന്ധപ്പെട്ട് ഡി.എം.കെ സർക്കാർ പലപ്പോഴും കേന്ദ്രസർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തമിഴ്നാടിന്റെ പൈതൃകം സംരക്ഷിക്കുന്നതിൽ കേന്ദ്രം വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് ഡിഎംകെ വിമർശനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ ഡി.എം.കെ നിരവിധി പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. കീഴടിയിൽ കണ്ടെത്തിയ പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്നതിന് മ്യൂസിയം നിർമ്മിക്കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല.
തമിഴ്നാടിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, കേന്ദ്രസർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും, ഖനന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു. കീഴടി ഖനനത്തിൽ കണ്ടെത്തിയ വസ്തുക്കൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ മ്യൂസിയം സ്ഥാപിക്കണമെന്നും, അതിലൂടെ തമിഴ്നാടിന്റെ പൈതൃകം സംരക്ഷിക്കണമെന്നും ഡി.എം.കെ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications