മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും, പ്രഖ്യാപിച്ച് കെജ്രിവാൾ; 'തിരിച്ചുവരവ് ഇനി ജനം തീരുമാനിച്ചാൽ മാത്രം'
ഡൽഹി:മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് അരവിന്ദ് ക്രെജിവാൾ. രണ്ട് ദിവസത്തിനുള്ളിൽ രാജിവെയ്ക്കുമെന്നും ഇനി ജനങ്ങൾ തീരുമാനിച്ചാൽ മാത്രമേ അധികാരത്തിലേക്ക് തിരിച്ചുവരൂവെന്നും കെജ്രിവാൾ പറഞ്ഞു. ആം ആദ്മി ഉന്നതതല യോഗത്തിന് ശേഷമാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.

'രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഞാൻ രാജിവെയ്ക്കും. ജനങ്ങളുടെ വിധി ലഭിക്കാതെ ഇനി ഞാൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എനിക്ക് കോടതിയിൽ നിന്നും നീതി ലഭിച്ചു. ഇനി എനിക്ക് ജനങ്ങളുടെ കോടതിയിൽ നിന്നും നീതി ലഭിക്കണം. ജനങ്ങളുടെ ഉത്തരവ് ഉണ്ടായാലേ ഞാൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കൂ. എനിക്ക് ഡൽഹിയിലെ ജനങ്ങളോട് ചോദിക്കണം, കെജ്രിവാൾ നിരപരാധിയാണോ അതോ കുറ്റക്കാരനാണോയെന്ന്. ഞാൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ എനിക്ക് വേണ്ടി വോട്ട് നൽകൂ', കെജ്രിവാൾ പറഞ്ഞു.
രാജിക്ക് ശേഷം പകരക്കാരനെ ഉടൻ തന്നെ തീരുമാനിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. ജനങ്ങൾക്കിടയിലേക്ക് പോകും. അവരുടെ പിന്തുണ തേടും. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കെജ്രിവാൾ ആഞ്ഞടിച്ചു. ബ്രീട്ടീഷുകാരെക്കാൾ സ്വേച്ഛാധിപത്യമാണ് നരേന്ദ്ര മോദി സർക്കാർ പുലർത്തുന്നതെന്ന് കെജ്രിവാൾ വിമർശിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടിട്ടും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാതിരുന്നത് ജനാധിപത്യത്തെ രക്ഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ, പിണറായി വിജയൻ, മമത ദീദി എന്നിവർക്കെതിരെ അവർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജെപി ഇതര മുഖ്യമന്ത്രിമാരോട് ഞാൻ അപേക്ഷിക്കുകയാണ്, അവർ കേസെടുത്താൽ ഒരിക്കലും രാജിവെയ്ക്കാൻ തയ്യാറാകരുത്,ഇത് അവരുടെ പുതിയ ഗെയിം ആണ്', കെജ്രിവാൾ പറഞ്ഞു.
ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മനീഷ് സിസോദിയയും രാജിവെയ്ക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. 'ഞാൻ സിസോദിയയുമായി സംസാരിച്ചിരുന്നു. അദ്ദേഹവും പറഞ്ഞത് സത്യസന്ധരാണെന്ന് ജനങ്ങൾ പറഞ്ഞാൽ മാത്രമേ തന്റെ സ്ഥാനത്തേക്ക് മടങ്ങൂവെന്നാണ്. എൻ്റെയും സിസോദിയയുടെയും വിധി ഇപ്പോൾ നിങ്ങളുടെ കൈകളിലാണ്', കെജ്രിവാൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മദ്യനയ കേസിൽ ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം കെജ്രിവാളിന് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. തന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും എത്രയൊക്കെ പിടിച്ച് കെട്ടാൻ നോക്കിയാലും തകരില്ലെന്നുമായിരുന്നു രാജിക്ക് പിന്നാലെ കെജ്രിവാൾ പറഞ്ഞത്.
അതേസമയം ഡൽഹി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് ബിജെപി കടന്ന് കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ശക്തനായ നേതാവിനെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ബിജെപി ക്യാമ്പ് നടത്തുന്നത്. മുൻ കേന്ദ്രമന്ത്രിയും അമേഠി എംപിയുമായിരുന്നു സ്മൃതി ഇറാനിയെ മുൻനിർത്തിയായിരിക്കും ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങുകയെന്നാണ് അഭ്യൂഹങ്ങൾ. ഡൽഹി രാഷ്ട്രീയത്തിൽ സ്മൃതി സജീവമാണ്. പാർട്ടിയുടെ അംഗത്വ വിതരണ കാമ്പെയ്ന് സ്മൃതിയാണ് നേതൃത്വം നൽകുന്നത്. ഈ സാഹചര്യത്തിൽ കെജ്രിവാളിനെതിരെ സ്മൃതിയെ ഇറക്കാനുള്ള നീക്കമാണോ ബിജെപി നടത്തുന്നതെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
'












Click it and Unblock the Notifications