'എന്നെന്നേക്കുമായി ജയിലിലിടാനാകില്ല'; ഇന്ത്യ സഖ്യ മഹാറാലിയിൽ കെജ്രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ
ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ മെഗാറാലിയിൽ പങ്കെടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ. കേന്ദ്രസർക്കാരിനെതിരെ വേദിയിൽ സുനിത ആഞ്ഞടിച്ചു. കെജ്രിവാളിനെ യാതൊരു കാരണവുമില്ലാതെയാണ് തടവിലിട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന് നീതി ലഭിക്കണമെന്നും അവർ പറഞ്ഞു.
'രാജ്യത്തെ ജനങ്ങൾ കെജ്രിവാളിനൊപ്പം ഉണ്ട്. അദ്ദേഹത്തെ എന്നന്നേക്കുമായി ജയിലിലിടാനാകില്ല', നൂറുകണക്കിന് ആം ആദ്മി പ്രവർത്തകർക്ക് മുൻപിൽ വെച്ച് അവർ പറഞ്ഞു. കെജ്രിവാൾ കൈമാറിയ സന്ദേശവും അവർ വേദിയിൽ വായിച്ചു. 'ഞാൻ നിങ്ങളോട് വോട്ട് ചോദിക്കുന്നില്ല, തിരഞ്ഞെടുപ്പിൽ ഒരാളെ തോൽപ്പിക്കാൻ സഹായിക്കണമെന്ന് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കാൻ മാത്രമാണ് 140 കോടി ഇന്ത്യക്കാരോട് ഞാൻ ആവശ്യപ്പെടുന്നത്', സന്ദേശത്തിൽ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെജ്രിവാൾ നൽകിയ ആറ് വാഗ്ദാനങ്ങളും വേദിയിൽ അവർ വായിച്ചു.'രാജ്യത്തുടനീളം പവർകട്ട് ഉണ്ടാകില്ല. രാജ്യത്തുടനീളമുള്ള പാവപ്പെട്ടവർക്ക് വൈദ്യുതി സൗജന്യമായിരിക്കും, എല്ലാ ഗ്രാമങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്ന ഒരു നല്ല സ്കൂൾ ഉണ്ടായിരിക്കും,, ഗ്രാമത്തിൽ മൊഹല്ല ക്ലിനിക്കുകൾ ആരംഭിക്കും, എല്ലാ ജില്ലയിലും സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉണ്ടാകും, സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരം കർഷകർക്ക് മിനിമം താങ്ങുവില ലഭ്യമാക്കും, ഡൽഹിയിലെ ജനങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിച്ച് ഡൽഹിക്ക് സംസ്ഥാന പദവി ലഭ്യമാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തന്നെ ഇതൊക്കെ പാലിച്ചിരിക്കും', സന്ദേശത്തിൽ പറഞ്ഞു.
യോഗത്തിൽ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളും ആഞ്ഞടിച്ചു. കെജ്‌രിവാൾ എന്ത് തെറ്റാണ് ചെയ്തതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചോദിച്ചു. 'അദ്ദേഹം ഡൽഹിയുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തി, ആളുകളെ സഹായിച്ചു. ആളുകൾ അദ്ദേഹത്തിൽ സന്തുഷ്ടരല്ലായിരുന്നുവെങ്കിൽ, അദ്ദേഹം ഡൽഹിയെ നയിക്കില്ലായിരുന്നു', അവർ പറഞ്ഞു. കഴിഞ്ഞാഴ്ചയാണ് മദ്യനയക്കേസിൽ കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ എടുത്തത്.
അതേസമയം രാംലീല മൈതാനത്ത് പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി മെഗാറാലി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ അണിനിരന്നു. നിലവിൽ ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന സോറനും റാലിയിൽ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications