പിണറായി മോദിയുമായി ചര്‍ച്ചനടത്തി; വികസനത്തിന് സഹായവാഗ്ദാനം
ദില്ലി: മുഖ്യമന്ത്രിയായശേഷമുള്ള ആദ്യ ദില്ലി സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായ വാഗ്ദാനം നല്‍കി. സംസ്ഥാനത്തെ വികസനത്തിനും സാമ്പത്തിക പരാധീനതയ്ക്കും സഹായം നല്‍കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്‍കിയതായി പിണറായി വിജയന്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ദില്ലി സന്ദര്‍ശനം സൗഹാര്‍ദപരവും കേരളത്തിന് വളരെ ഗുണകരവുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസകാര്യങ്ങളില്‍ കേന്ദ്രത്തിന്റെ നല്ല പിന്തുണ പ്രതീക്ഷിക്കുന്നു. കേരളത്തിന് സാമ്പത്തിക പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. റബ്ബറിന് താങ്ങുവില ഉറപ്പാക്കാന്‍ കേന്ദ്രം സഹായം വാഗ്ദാനം ചെയ്‌തെന്നും പിണറായി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയവും പശ്ചമഘട്ട സംരക്ഷണവും ചര്‍ച്ചയായി. പശ്ചിമഘട്ട സംരക്ഷണത്തിന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ വിവാദം തമിഴ്‌നാട് സര്‍ക്കാരുമായി ഉണ്ടാക്കുന്നില്ല. ഡാമിന് ബലക്ഷയമില്ലെന്ന് വിദഗ്ധ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗെയ്ല്‍ പൈപ്പ് ലെന്‍ പദ്ധതിയുടെ തടസങ്ങള്‍ നീക്കുമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ദേശീയ പാത നിര്‍മ്മാണത്തിനും, പ്രതിരോധ മേഖലയിലും റബര്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയെ കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ധനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications