സത്യപ്രതിജ്ഞക്ക് പിണറായിയെ ക്ഷണിച്ചില്ല, സിപിഎമ്മിന് പരിഭവം, 'ഇങ്ങനെ പോയാല്‍ അധികകാലം ഭരിക്കില്ല'
തിരുവനന്തപുരം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ സംസ്ഥാനത്തെ സി പി എം നേതൃത്വത്തിനെ പരിഭവം. എല്‍ ഡി എഫ് കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ തന്നെ ഇതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.
ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ശരിയായ സമീപനമല്ല സ്വീകരിക്കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഇത്തരമൊരു സമീപനവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോയാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി പോലും അനിശ്ചിതത്വത്തിലാകും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കോണ്‍ഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമാണ്.

ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയില്‍ വിലയിരുത്താന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ടിയായി കോണ്‍ഗ്രസ് മാറി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാന്‍ കോണ്‍ഗ്രസിനാവില്ല എന്നും തെലങ്കാന, കേരള മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തത് കാരണം കോണ്‍ഗ്രസ് തന്നെയാണ് ചെറുതായിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ പറ്റുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ല എന്നും ഇ പി ജയരാജന്‍ പറഞ്ഞു.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കളെ മാത്രമാണ് ക്ഷണിച്ചത് എന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ ഐക്യത്തിനുള്ള വേദിയാകും കര്‍ണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങ് എന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും.
പിണറായി വിജയനെ കൂടാതെ പ്രതിപക്ഷ നിരയിലെ പ്രമുഖരായ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരേയും കോണ്‍ഗ്രസ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 224 അംഗ നിയമസഭയില്‍ 135 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. ബി ജെ പിക്ക് 66 സീറ്റും ജെ ഡി എസിന് 19 സീറ്റും ആണുള്ളത്.












Click it and Unblock the Notifications