കെഎം ബഷീർ കൊലപാതക കേസ്: ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി
ഡല്‍ഹി: മാധ്യമപ്രവർത്തകന്‍ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളി. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.
നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ല എന്നതായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും, സാധാരണ മോട്ടോർ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചത്.

ജസ്റ്റിസ് സിടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാഹചര്യത്തെളിവുകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. തെളിവുകള്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണ്. ഇത് വിചാരണ നടക്കേണ്ട കേസാണെന്നും കോടതി നിരീക്ഷിച്ചു.
മുതിർന്ന അഭിഭാഷകനായ ആർ ബസന്തായിരുന്നു ശ്രീറാം വെങ്കിട്ടറാമിന് വേണ്ടി കോടതിയില്‍ ഹാജരായത്. വേഗത്തില്‍ വാഹനമോടിച്ചു എന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്ന് അദ്ദേഹം വാദിച്ചെങ്കിലും കോടതി അതും തള്ളി. ശ്രീറാം വെങ്കിട്ടറാമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമിനെതിരായ നരഹത്യക്കുറ്റം നേരത്തെ സെഷന്‍ കോടതി റദ്ദാക്കിയിരുന്നു. ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെതിരെ റിവ്യൂ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക് എത്തുകയായിരുന്നു. അതേസമയം കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിനെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വഫ ഫിറോസ് നല്‍കിയ ഡിസ്ചാർജ് പെറ്റീഷന്‍ കോടതി അംഗീകരിച്ചു.
ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ ഹർജിയെ തുടർന്നായിരുന്നു നരഹത്യാക്കുറ്റം ഒഴിവാക്കി വാഹനാപകടം മാത്രമാക്കി സെഷന്‍ കോടതി വിധിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധം വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്നും മാധ്യമപ്രവർത്തകരുടെ സംഘടനകളില്‍ നിന്നും ഉയർന്ന് വന്നിരിക്കുന്നു. ഇതേ തുടർന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications