വനിതാ ഡോക്ടറുടെ കൊലപാതകം: ശനിയാഴ്ച രാവിലെ 6 മുതൽ 24 മണിക്കൂർ പണിമുടക്കുമായി ഐഎംഎ
ഡൽഹി: കൊൽക്കത്തയിലെ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഐ എം എ. ശനിയാഴ്ച രാവിലെ 6 മുതൽ 24 മണിക്കൂറാണ് പണിമുടക്ക്. അവശ്യ സർവീസുകൾ ഒഴികെ എല്ലാവരും പണിമുടക്കും എന്നാണ് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ആശുപത്രികളിലും കാമ്പസുകളിലും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഐ എം എ അധികാരികളോട് ആവശ്യപ്പെട്ടു. ഇത്തരം ദാരുണമായ സംഭവങ്ങൾ ഉണ്ടാകാൻ കാരണമായ നിസ്സംഗതയെയും വിവേകശൂന്യതയെയും അസോസിയേഷൻ വിമർശിച്ചു.
"കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിലെയും ഹോസ്പിറ്റലിലെയും ക്രൂരമായ കുറ്റകൃത്യത്തിനും സ്വാതന്ത്ര്യ ദിനത്തലേന്ന് പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അഴിച്ചുവിട്ട ഗൂഢാലോചനയ്ക്കും ശേഷം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ശനിയാഴ്ച രാവിലെ 6 മണി മുതൽ മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ സേവനങ്ങൾ ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 6 വരെ 24 മണിക്കൂർ രാജ്യവ്യാപകമായി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു ," ഐ എം എ പറഞ്ഞു.

ഈ കാലയളവിൽ അവശ്യ സർവീസുകൾ തുടരും. കാഷ്വാലിറ്റി വിഭാഗങ്ങളിൽ ജീവനക്കാരുണ്ടാകും, എന്നാൽ സാധാരണ ഔട്ട്‌പേഷ്യൻ്റ് വിഭാഗങ്ങൾ (OPD) പ്രവർത്തിക്കില്ല, കൂടാതെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും. "ഐ എം എ പറഞ്ഞു.
ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടി സമയത്തിനിടെയാണ് വനിതാ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസിന്റെ സിവിക് വൊളന്റിയറായ പ്രതി പിടിയിലായത്. വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിച്ച് കേരളത്തിലെ ഡോക്ടർമാർ നാളെ സമരം നടത്തും. പി ജി ഡോക്ടർമാരും സീനിയർ റെസിഡന്റ് ഡോക്ടർമാരുമാണ് നാളെ സൂചനാ സമരം നടത്തുന്നത്. കെ എം പി ജിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
നാളെ ആശുപത്രിയിൽ അത്യാഹിതവിഭാഗം മാത്രമാണ് പ്രവർത്തിക്കുകയെന്നും ഒ പിയും ഡ്യൂട്ടിയും ബഹിഷ്ക്കരിക്കുമെന്നും കെ എം പി ജി എ അറിയിച്ചു. ശ്രീചിത്രം മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് ഡോക്ടർമാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കുമെന്ന് കെ ജി എം ഒ എ അറിയിച്ചു.












Click it and Unblock the Notifications