അരകിലോമീറ്റർ പിന്നിടാൻ 45 സെക്കന്റ് മാത്രം; ഹൂഗ്ലി നദിയെ പിളർത്തി മെട്രോ പായും, രാജ്യത്തെ ആദ്യത്തേത്
കൊൽക്കത്ത: ഇന്ത്യയിൽ ആദ്യമായി മെട്രോ കുതിച്ചുപാഞ്ഞത് കൊൽക്കത്ത നഗരത്തിന്റെ ഹൃദയത്തിലൂടെ ആയിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി പരിണമിച്ചിരുന്ന കൊൽക്കത്തയ്ക്ക് ആ പദവി എന്ത് കൊണ്ടും അർഹമായിരുന്നു, ഇന്നിതാ നാല് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ എന്ന സവിശേഷമായ നേട്ടവും കൊൽക്കത്തയ്ക്ക് തന്നെ കൈവരുമ്പോൾ അത് തികച്ചും കാവ്യനീതി പോലെയായിരുന്നു.
ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് രാജ്യത്തിന് സമർപ്പിച്ചത്. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ-എസ്പ്ലാനോഡ് സെക്ഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്. ആകെ 16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലെ മെട്രോ ടണൽ നിർമ്മിച്ചിരിക്കുന്നത് ബംഗാളിലെ ഏറ്റവും പ്രധാന നദികളിലൊന്നായ ഹൂഗ്ലിയിലാണ്.

കൊൽക്കത്തിയിലെ ഇരട്ട നഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനേയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്. ഹൂഗ്ലി നദിയുടെ കിഴക്കും പടിഞ്ഞാറുമായാണ് ഹൗറയും സാൾട്ട് ലേക്ക് നഗരവും സ്ഥിതി ചെയ്യുന്നത്. അണ്ടർ ഗ്രൗണ്ടിലുള്ള മൂന്നെണ്ണം ഉൾപ്പെടെ ആകെ ആറ് സ്‌റ്റേഷനുകളാണ് ഈ പാതയിലുണ്ടാകുക. ഹൗറ മൈതാൻ, ഹൗറ സ്‌റ്റേഷൻ കോംപ്ലക്‌സ്, ബിബിഡി ബാഗ് (മഹാകരൺ) എന്നിവയാണത്.
കൊൽക്കത്ത അണ്ടർവാട്ടർ മെട്രോയുടെ പ്രത്യേകതകൾ
ഹൗറ മൈതാനം-എസ്പ്ലനേഡ് സെക്ഷനിലാണ് അണ്ടർ വാട്ടർ മെട്രോ സൗകര്യം ആസ്വദിക്കാനാകുക. ഈ ഭാഗം ഹൂഗ്ലി നദിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതേ സെക്ഷനിൽപ്പെട്ട ഹൗറയാണ് ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്‌റ്റേഷൻ എന്ന പ്രത്യേകതയുമുണ്ട്. 33 മീറ്ററാണ് ഇവിടുത്തെ ആഴം.
ഹൗറ മൈതാനത്തെ എസ്പ്ലനേഡുമായി ബന്ധിപ്പിക്കുന്ന പാതയ്ക്ക് ഏകദേശം 4.8 കിലോമീറ്റർ നീളമുണ്ട്. ഈസ്‌റ്റ് വെസ്‌റ്റ് മെട്രോ ഇടനാഴിയുടെ ഭാഗമായ ഈ പാത ഹൗറ മൈതാനത്തെ സാൾട്ട് ലേക്ക് ഐടി ഹബ് സെക്‌ടർ അഞ്ചുമായാണ് ബന്ധിപ്പിക്കുന്നത്.
ഹൂഗ്ലി നദിയിലെ 520 മീറ്റർ നീളമുള്ള ഭാഗം 45 സെക്കൻഡിനുള്ളിൽ മെട്രോ കടന്നുപോകുമെന്നാണ് കരുതുന്നത്. എസ്പ്ലനേഡിനും സീൽദായ്ക്കും ഇടയിലുള്ള ഈസ്‌റ്റ്-വെസ്‌റ്റ് അലൈൻമെന്റിന്റെ ഭാഗം ഇപ്പോഴും നിർമാണത്തിൽ ഇരിക്കുകയാണ്. എന്നാൽ സാൾട്ട് ലേക്ക് സെക്‌ടർ അഞ്ച് മുതൽ സീൽദാ വരെയുള്ള ഭാഗം ഇതിനകം തന്നെ ഉപയോഗത്തിലുണ്ട്.
അണ്ടർവാട്ടർ മെട്രോയുടെ ടിക്കറ്റ് നിരക്ക് ആദ്യത്തെ രണ്ട് കിലോമീറ്ററിന് വെറും 5 രൂപ മുതലാണ് ആരംഭിക്കുന്നത്. തുടർന്ന്, അത് 5, 10, 15, 20, 25 എന്നിങ്ങനെയുള്ള ഈസി ടയറുകളായി നിശ്ചയിച്ചിരിക്കുന്നു. പരമാവധി 50 രൂപ വരെയാണ് ടിക്കറ്റ് റേറ്റ് വരിക.
മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് മെട്രോ ഓടുക. കൊൽക്കത്ത മെട്രോ 2023 ഏപ്രിലിൽ ചരിത്രം സൃഷ്‌ടിച്ചിരുന്നു, അതിന്റെ റേക്ക് രാജ്യത്ത് ആദ്യമായി ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ ഓടിയാണ് അന്ന് നേട്ടമുണ്ടാക്കിയത്.
സാൾട്ട് ലേക്ക് സെക്‌ടർ അഞ്ചിനും ഹൗറ മൈതാനത്തിനും ഇടയിലുള്ള ഈസ്‌റ്റ്-വെസ്‌റ്റ് അലൈൻമെന്റിന്റെ മുഴുവൻ റൂട്ടിലും ജൂൺ-ജൂലൈ മാസങ്ങളോടെ പൂർണമായ പ്രവർത്തനം ആരംഭിക്കാനാണ് കൊൽക്കത്ത മെട്രോ ലക്ഷ്യമിടുന്നത്.
വാഷിംഗ്ടൺ, ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, ഹെൽസിങ്കി, ടോക്കിയോ, ഷാങ്ഹായ്, മോൺട്രിയൽ തുടങ്ങിയ ലോകത്തിലെ നിരവധി രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങളിൽ അണ്ടർ വാട്ടർ മെട്രോ സംവിധാനം നിലവിലുണ്ട്. ഈ എലൈറ്റ് ലിസ്‌റ്റിലേക്കാണ് ഇന്ത്യയിൽ നിന്ന് കൊൽക്കത്ത കൂടി ചേർക്കപ്പെടുന്നത്. എങ്കിലും ലോകത്തിലെ ആദ്യ അണ്ടർവാട്ടർ ടണൽ നിർമ്മിച്ചിട്ട് ഏകദേശം 140 വർഷമായെന്ന് അറിയുമ്പോഴാണ് ഇത് ഇന്ത്യയിൽ എത്താൻ എത്രത്തോളം വൈകിയെന്ന് നമുക്ക് ബോധ്യപ്പെടുക.












Click it and Unblock the Notifications