ബാറ്റണ്‍ കൈമാറി ലാലു പ്രസാദ് യാദവ്... ആര്‍ജെഡിയില്‍ ഇനി തേജസ്വി യുഗം
പാട്‌ന: ആര്‍ജെഡിയില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങുന്നു. പാര്‍ട്ടി സ്ഥാപകനും ദീര്‍ഘകാല പ്രസിഡന്റുമായ ലാലു പ്രസാദ് യാദവ് തന്റെ മകനും ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിന് അധികാരം കൈമാറാന്‍ ഔദ്യോഗികമായി തയ്യാറെടുക്കുകയാണ് എന്നാണ് വിവരം. ആര്‍ജെഡി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു.
പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉള്‍പ്പെടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളുമെടുക്കാന്‍ തേജസ്വി യാദവിനും പൂര്‍ണ അധികാരം നല്‍കിയിരിക്കുകയാണ് ലാലു. ലാലു പ്രസാദ് യാദവിന്റെ പിന്‍ഗാമിയെന്ന നിലയില്‍ തേജസ്വി യാദവിന്റെ സ്ഥാനം ഉറപ്പിക്കുകയും പാര്‍ട്ടിക്കുള്ളില്‍ ചരിത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ തീരുമാനം.

തന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തേജസ്വി യാദവ് കൂടുതല്‍ നേതൃപരമായ റോള്‍ ഏറ്റെടുക്കുമെന്ന് ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചു. തേജസ്വിയ്ക്ക് എല്ലാ വിധ പിന്തുണയും പാര്‍ട്ടിയില്‍ നിന്ന് ലഭിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സുഗമമായ നേതൃമാറ്റം ഉറപ്പാക്കിക്കൊണ്ട് ലാലു പ്രസാദ് യാദവുമായി തുല്യ തീരുമാനമെടുക്കാനുള്ള അധികാരം പങ്കിടാന്‍ തേജസ്വി യാദവിനെ പ്രാപ്തമാക്കുന്ന തരത്തില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്തു.
സംഘടനാ തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിക്കാന്‍ ആര്‍ജെഡി നേതാവ് രാമചന്ദ്ര പുര്‍വെയെ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ജൂലൈ അഞ്ചിന് നടക്കും. ഇതോടെ തേജസ്വി യാദവിന്റെ നിയമനം ഔദ്യോഗികമായി തീരും. ബിഹാറിന്റെ പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 21 ന് സംസ്ഥാന എക്സിക്യൂട്ടീവ് ചേരും.
സംസ്ഥാന പ്രസിഡന്റിനും മറ്റ് സംഘടനാ ചുമതലകള്‍ക്കുമുള്ള തിരഞ്ഞെടുപ്പും തുടര്‍ന്ന് നടക്കും. പാര്‍ട്ടിയുടെ ഘടനയെ ഊര്‍ജസ്വലമാക്കുന്നതിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാന സംഘടനാ, രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടായാതായാണ് വിവരം.
പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ആര്‍ജെഡിക്കുള്ളിലെ യുവനേതൃത്വത്തെ പ്രോത്സാഹിപ്പിക്കാനുമാണ് സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമെന്ന് പാര്‍ട്ടി നേതാവ് മനോജ് ഝാ പറഞ്ഞു. പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളില്‍ വേരൂന്നിയതിനൊപ്പം തന്നെ നവീകരിക്കാനുള്ള നടപടിയായാണ് ഇത് കാണുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ ചുക്കാന്‍ പിടിച്ചത് തേജസ്വിയായിരുന്നു.
അധികാരം ലഭിച്ചില്ലെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ആര്‍ജെഡിക്ക് സാധിച്ചിരുന്നു. ആര്‍ജെഡിക്കുള്ളിലെ തേജസ്വി യാദവിന്റെ നില ക്രമാനുഗതമായി ഉയരുകയാണ്. ആര്‍ജെഡിയുടെ അടുത്ത പ്രസിഡന്റ് എന്ന നിലയില്‍, യുവാക്കളുടെ ഇടപഴകല്‍, ജനകീയ കൂട്ടായ്മ, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ നിര്‍ണായക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പാര്‍ട്ടിയെ ഒരു പുതിയ തലത്തിലേക്ക് തേജസ്വി നയിക്കും എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications