പഞ്ചാബ് തെരഞ്ഞെടുപ്പ്; ഭൂമി തട്ടിപ്പുകേസിലെ പ്രതിയെ നേതൃസ്ഥാനത്തെത്തിച്ച് കോണ്‍ഗ്രസ്
ദില്ലി: ഭൂമി തട്ടിപ്പുകേസില്‍ കോടതി ശിക്ഷ നല്‍കിയ വ്യക്തിയെ പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ നേതൃത്വം നല്‍കി കോണ്‍ഗ്രസ് വിവാദത്തില്‍. എഐസിസി സെക്രട്ടറിയും ഹിമാചല്‍ പ്രദേശിലെ എംഎല്‍എയുമായ ആഷ കുമാരിയെയാണ് കോണ്‍ഗ്രസ് പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ആരോപണ വിധേയനായ കമല്‍ നാഥ് സ്ഥാനമൊഴിഞ്ഞിരുന്നു.
ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയിലെ എംഎല്‍എയാണ് ആശ കുമാരി. ഭൂമി തട്ടിപ്പു കേസില്‍ ഇക്കഴിഞ്ഞ ഫിബ്രുവരിയില്‍ ചമ്പ കോര്‍ട്ട് ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവും 8,000 രൂപ പിഴയും വിധിച്ചിരുന്നു. നിലവില്‍ ജാമ്യത്തിലാണ് ആശാ കുമാരി. ഇവരെയാണ് അടുത്തവര്‍ഷം പഞ്ചാബില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നേതൃസ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്.

നേരത്തെ സിഖ് കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് കമല്‍ നാഥ് പഞ്ചാബ് തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം സ്വയം ഒഴിവാക്കിയത്. ഷീലാ ദീക്ഷിതിന്റെ പേരായിരുന്നു പിന്നീട് ഉയര്‍ന്നു കേട്ടിരുന്നതെങ്കിലും ദില്ലിയില്‍ അഴിമതിക്കേസില്‍ എഫ്‌ഐആര്‍ ചുമത്തിയതോടെ അവരെയും ഒഴിവാക്കുകയായിരുന്നു.
ആശാ കുമാരിയെ നേതൃസ്ഥാനത്തെത്തിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബിജെപി ഇതിനകംതന്നെ ആശാ കുമാരിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒരു വര്‍ഷം തടവുശിക്ഷ ലഭിച്ചയാളാണോ കോണ്‍ഗ്രസിനെ നയിക്കുന്നതെന്ന് ബിജെപി ചോദിക്കുന്നു. ആദ്യം കമല്‍ നാഥ്, ഇപ്പോള്‍ ആശാകുമാരി കോണ്‍ഗ്രസിന് നല്ല നേതാക്കന്മാര്‍ ഇല്ലാതായെന്നും പഞ്ചാബിലെ ബിജെപി നേതാവ് വിനീത് ജോഷി പരിഹസിച്ചു.












Click it and Unblock the Notifications