അജിത് പവാറിന്റെ ഓഫീസ് പൂട്ടി താക്കോലും കൊണ്ടുപോയി; കട്ടക്കലിപ്പിൽ നേതാക്കളുടെ കാത്തിരിപ്പ്, ഒടുവിൽ
മുംബൈ; മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ പുതിയ ഓഫീസിൽ കയറാനാകാത്തതിൽ അമർഷം പ്രകടിപ്പിച്ച് വിമത നേതാക്കൾ. ഇന്ന് രാവിലെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിന് സമീപത്തുള്ള 'രാഷ്ട്രപതി ഭവനിലേക്ക്' രാവിലയോടെ തന്നെ നേതാക്കൾ എത്തിയെങ്കിലും ഓഫീസ് പൂട്ടികിടക്കുകയായിരുന്നു. മാത്രമല്ല താക്കോലും കാണാനുണ്ടായിരുന്നില്ല.
ഏറെ നേരം തിരഞ്ഞെങ്കിലും താക്കോൽ കിട്ടിയില്ല. ഇതോടെ ഓഫീസിന് പുറത്ത് കസേരയിട്ട് ഇരിക്കേണ്ട അവസ്ഥയിലായി നേതാക്കൾ. ഏറെ നേരെ കഴിഞ്ഞും ഓഫീസ് തുറക്കാൻ സാധിക്കാതിരുന്നതോടെ വിമതപക്ഷത്തെ യുവ നേതാക്കളിൽ ചിലർ താക്കോൽ പൊളിച്ച് ഓഫീസിനുള്ളിൽ കയറി. എന്നാൽ അവിടെയും രക്ഷയുണ്ടായില്ല, മുറികളും താക്കോലിട്ട് പൂട്ടിയ നിലയിലായിരുന്നു.

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ അംബാദാസ് ഡൻവെ താമസിച്ചിരുന്ന കെട്ടിടമാണ് അജിത് പവാർ തന്റെ പുതിയ ഓഫീസിനായി കണ്ടെത്തിയത്. നിലവിൽ ഡാൻവെയ്ക്ക് മറ്റൊരു ബംഗ്ലാവ് അനുവദിച്ചിട്ടുണ്ട്. ദാൻവെയുടെ പിഎ മുറിയടച്ച് പോയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് എൻ സി പി നേതാവ് അപ്പ സാവന്ത് പറഞ്ഞു.
' ഓഫീസിനുള്ളിൽ ഞങ്ങൾ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പക്ഷേ പിഎ മുറി പൂട്ടി പോയി. ഞങ്ങൾ അദ്ദേഹത്തെ വിളിച്ചു. ഉടൻ തന്നെ താക്കോലുമായി എത്താമെന്ന് അറിയിച്ചിട്ടുണ്ട്', നേതാവ് പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സാവന്ത് ആരോപിച്ചു.
ഇതിനിടെ എൻ സി പി വിമത പക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി മുതിർന്ന നേതാവും എംപിയുമായ സുനിൽ തത്കറയെ നിയമിച്ചു. അജിത് പവാറിന്റെ വിശ്വസ്തനായ നേതാവാണ് സുനിൽ.അജിത് പവാർ ആരോപണ വിധേയനായ അഴിമതി കേസിൽ സുനിലിനെതിരേയും നേരത്തേ അന്വേഷണം നടന്നിരുന്നു.
അതേസമയം സുനിലിനേയും വിമത നീക്കം നടത്തിയ മറ്റൊരു എംപിയായ പ്രഫുൽ പട്ടേലിനേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കഴിഞ്ഞ ദിവസം എൻ സി പി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അജിത് പവാറിനൊപ്പം പോയ മറ്റ് അഞ്ച് എം എൽ എമാരേയും പുറത്താക്കിയിരുന്നു. എം എൽ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് ശരദ് പവാർ കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. തങ്ങളാണ് യഥാർത്ഥ എൻസിപിയെന്നും ശരദ് പവാർ പക്ഷം വ്യക്തമാക്കി. എന്നാൽ 53 ൽ 35 പേരുടേയും പിന്തുണ തങ്ങൾക്കുണ്ടെന്നും തങ്ങളാണ് യഥാർത്ഥ എൻ സി പി നേതൃത്വം എന്നുമാണ് അജിത് പവാർ പക്ഷം അവകാശപ്പെടുന്നത്.












Click it and Unblock the Notifications