തിരുപ്പതിയില്‍ പുലിയുടെ ആക്രമണം; ആറ് വയസുകാരിയെ കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയി
തിരുപ്പതി: തിരുപ്പതിയില്‍ പുലിയുടെ ആക്രമണത്തില്‍ ആറ് വയസുകാരി കൊല്ലപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ലിക്ഷിത എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് അലിപിരി വോക്ക് വേയില്‍ നിന്നാണ് പെണ്‍കുട്ടിയെ പുലി കൊണ്ടുപോയത്. ഇന്ന് രാവിലെ ക്ഷേത്രത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തി.
മാതാപിതാക്കള്‍ക്കൊപ്പം നടക്കവെ പുലി ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും കുട്ടിയെ പുലി കാട്ടിലേക്ക് വലിച്ചുകൊണ്ടു പോകുകയായിരുന്നു. പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ അവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസും വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ നാലോടെ നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം കാല്‍നടയാത്രക്കാരാണ് ലക്ഷിതയുടെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തില്‍ പുലി ആക്രമിച്ചതിന്റെ പാടുകളുണ്ട്. കുടുംബത്തിനൊപ്പം നടന്നു പോകുന്ന ലിക്ഷിതയെ പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമാണോ എന്ന് പരിശോധിക്കുന്നുണ്ട്.
പുലിയുടെ ആക്രമണം ഉണ്ടായതോടെ അലിപിരി വോക്ക് വേയുടെ സുരക്ഷയില്‍ ആശങ്ക ഉയരുകയാണ്. കാടിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് വോക്ക് വേ സ്ഥതി ചെയ്യുന്നത്. ജൂണ്‍ മാസത്തില്‍ മൂന്ന് വയസുകാരന് നേരെയും സമാന ആക്രമണമുണ്ടായിരുന്നു. എന്നാല്‍ ചെറിയ പരിക്കുക്കളോടെ കുട്ടി രക്ഷപ്പെട്ടിരുന്നു.












Click it and Unblock the Notifications