'ഹൈക്കോടതി തീരുമാനിക്കട്ടെ'; അരവിന്ദ് കെജ്രിവാളിന്റെ മോചനത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്‌റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ ജയിൽ മോചന സ്വപ്‌നത്തിന് തിരിച്ചടി, വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ പരമോന്നത കോടതി വിസമ്മതിച്ചതോടെയാണ് ഇത്. അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ കീഴ്‌ക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതായിരുന്നു അദ്ദേഹം. കെജ്രിവാളിന്റെ പെട്ടെന്നുള്ള ഇടപെടൽ ആവശ്യം സുപ്രീം കോടതി നിരസിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു. കേസ് ഇനി ജൂൺ 26ന് പരിഗണിക്കും എന്നാണ് അറിയിച്ചത്. വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കണമെന്ന് ജസ്‌റ്റിസുമാരായ മനോജ് മിശ്ര, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് അറിയിച്ചു.

ഹൈക്കോടതി നാളെ പൂർണ വിധി പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഹർജി ബുധനാഴ്‌ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയത്. ഹൈക്കോടതി വിധി പറയുന്ന വേളയിൽ ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു സുപ്രീം കോടതി സ്വീകരിച്ച നിലപാട്. ഇതോടെ നാളത്തെ ഹൈക്കോടതി വിധിക്കായി കാത്തിരിക്കേണ്ട സ്ഥിതിയാണ് കേജ്രിവാളിനും കൂട്ടർക്കും.
ഹർജിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നാളെ ഹൈക്കോടതി വിധി പുറപ്പെടുവിക്കുമെന്ന് അറിയിച്ചതോടെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
നേരത്തെ കെജ്രിവാൾ ജയിലിൽ തുടരേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്ന് അദ്ദേഹത്തിന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. വാദത്തിനിടെ ആയിരുന്നു ഇക്കാര്യം അവർ മുന്നോട്ട് വച്ചത്.ഒരുപക്ഷേ ജാമ്യം റദ്ദാക്കിയാൽ അദ്ദേഹം തിരികെ ജയിലിലേക്ക് തന്നെ പോവുമെന്നും കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കാലത്തെ ഇടക്കാല ജാമ്യം സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാദം. കൂടാതെ കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയത് അദ്ദേഹം ഒരു സ്ഥിരം കുറ്റവാളി അല്ലെന്നും നാടുവിടാൻ യാതൊരു സാധ്യത ഇല്ലെന്നുമുള്ളത് സൂചിപ്പിക്കുന്ന കാര്യങ്ങൾ ആണെന്നും സിംഗ്‌വി കോടതിയിൽ അറിയിച്ചു.
നേരത്തെ മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. ശേഷം പലപ്പോഴായി കസ്‌റ്റഡി കാലാവധി നീട്ടുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിൽ പങ്കെടുക്കാനായി അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് വോട്ടെടുപ്പ് പൂർത്തിയായ ശേഷം ജയിലിലേക്ക് മടങ്ങുകയായിരുന്നു.












Click it and Unblock the Notifications