കയ്യിലുളളതിൽ 100 സീറ്റോളം പോകും! 23ന് ശേഷം വൻ ട്വിസ്റ്റ്! ബിജെപി ഒളിച്ച് വെച്ചിരിക്കുന്ന ആയുധങ്ങൾ
ദില്ലി: ഏറെ നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുളളൂ. വോട്ടെടുപ്പ് ഇനിയും പൂര്‍ത്തിയാകാനുണ്ട്.. എന്നാല്‍ അതിനും മുന്‍പേ കോണ്‍ഗ്രസും ബിജെപിയും സഖ്യസാധ്യതകള്‍ തേടിത്തുടങ്ങി.
കോണ്‍ഗ്രസ് ചടുലമായാണ് നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിക്ക് പ്ലാന്‍ എയും ബിയുമെല്ലാമുണ്ട്. ഇരുകൂട്ടര്‍ക്കും സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം കിട്ടില്ല എന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. അതോടെ പ്രതിപക്ഷ മുന്നണിയിലെ ചിലരെ വലിക്കാനാണ് ബിജെപിയിലെ അണിയറ നീക്കം.

2014 ആവർത്തിക്കില്ല
ബിജെപയും സഖ്യകക്ഷികളും തൂത്തുവാരിയ 2014ലെ തിരഞ്ഞെടുപ്പ് ഫലം ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വത്ത ഉറപ്പുണ്ട്. നിലവില്‍ എന്‍ഡിഎയിലുളള സഖ്യകക്ഷികള്‍ ചേര്‍ന്നാലും സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ലഭിക്കണം എന്നില്ല എന്നാണ് ബിജെപി ആശങ്കപ്പെടുന്നു.

ചടുലമായി നീങ്ങി കോൺഗ്രസ്
മോദി സുനാമിയില്‍ കഴിഞ്ഞ തവണ കൂടെപ്പോന്ന ഹിന്ദി ഹൃദയഭൂമി ഇത്തവണ ബിജെപിക്ക് വന്‍ പ്രതീക്ഷകളൊന്നും നല്‍കുന്നില്ല. മറുവശത്ത് കോണ്‍ഗ്രസ് ആകട്ടെ ചടുല വേഗത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് കൊണ്ടിരിക്കുകയാണ്. നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പ്രതിപക്ഷം ഒന്നിക്കുന്നു
മെയ് 21ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. ഇതിനകം തന്നെ രാഹുല്‍ ഗാന്ധിയും ചന്ദ്രബാബു നായിഡുവും തമ്മില്‍ ചര്‍ച്ച നടന്ന് കഴിഞ്ഞു. മമതയുമായാണ് അടുത്ത ചര്‍ച്ച. കെ ചന്ദ്രശേഖര്‍ റാവുവും കോണ്‍ഗ്രസ് സഖ്യത്തോട് അടുക്കാന്‍ ശ്രമിക്കുന്നു.

ബിജെപിയുടെ ആയുധം
കാര്യങ്ങള്‍ കൈവിട്ട് പോവുകയാണ് എങ്കില്‍ ബിജെപിക്കും അമിത് ഷായ്ക്കും പ്ലാന്‍ ബിയുണ്ട്. പ്രതിപക്ഷത്തെ പിളര്‍ത്തുക എന്നത് തന്നെയാണ് ആ തന്ത്രം. എന്‍ഡിഎയും യുപിഎയും ഫോട്ടോ ഫിനിഷിലാണ് എത്തുന്നത് എങ്കില്‍ ബിഎസ്പി അധ്യക്ഷ മായാവതിയേയും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയിലുമാണ് ബിജെപിയുടെ നോട്ടം.

മായാവതിയും ജഗനും വന്നാൽ
മായാവതിയേയും ജഗനേയും കൂടെ നിര്‍ത്താനായാല്‍ ഒരിക്കല്‍ കൂടി നരേന്ദ്ര മോദിക്ക് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാം. നിലവില്‍ ബിജെപി വിരുദ്ധ മുന്നണിയുടെ മുന്നിലുണ്ട് മായാവതി. അഖിലേഷ് യാദവുമായി ചേര്‍ത്ത് യുപിയില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് മായാവതിയാണ്.

ഏറ്റവും ദുർബലമായ കണ്ണി
എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകാനാരിക്കുന്ന മറിമായങ്ങളില്‍ ബിജെപിയിലേക്ക് ചാടാന്‍ ഏറ്റവും സാധ്യതയുളള നേതാവും മായാവതി തന്നെയാണ്. കഴിഞ്ഞ ദിവസം മായാവതിയെ കോണ്‍ഗ്രസും എസ്പിയും ചേര്‍ന്ന് പറ്റിക്കുകയാണ് എന്ന് പറഞ്ഞ് നരേന്ദ്ര മോദി ഒരു മരുന്നിട്ടത് ഒന്നും കാണാതെയല്ല.

പഴയ കേസുകൾ ആയുധം
മായാവതിയെ വീഴ്ത്താന്‍ പഴയ അഴിമതിക്കേസുകളാവും ബിജെപി ആയുധമായി ഉപയോഗിക്കുക. 16 വര്‍ഷം മുന്‍പുളള സിബിഐ കേസുള്‍പ്പെടെ ബിജെപി കുത്തിപ്പൊക്കി ഭയപ്പെടുത്തിയാല്‍ പ്രതിപക്ഷ മുന്നണിയെ വിട്ട് എന്‍ഡിഎയ്ക്ക് ഒപ്പം ചേരേണ്ടി വരും മായാവതിക്ക്. എന്നാല്‍ ഈ തന്ത്രം അഖിലേഷിനോട് ബിജെപിക്ക് സാധിക്കില്ല.

ഉറച്ച് നിൽക്കും അഖിലേഷ്
അച്ഛന്‍ മുലായം സിംഗ് യാദവ് ബിജെപിക്ക് ഒപ്പം ചേര്‍ന്നാലും അഖിലേഷ് മറുപക്ഷത്ത് ഉറച്ച് നിന്നേക്കും. ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റ് കിട്ടിയേക്കാവുന്ന ചെറിയ കക്ഷികളെയൊന്നും നോട്ടമില്ല. കിട്ടുകയാണ് എങ്കില്‍ വമ്പന്‍ സ്രാവുകളായ മായാവതിയേയും അഖിലേഷിനേയും പോലുളളവരെ തന്നെ കിട്ടണം.

100 സീറ്റെങ്കിലും പോകും
ഇത്തവണ ബിജെപി നടത്തുന്ന കണക്ക് കൂട്ടലുകള്‍ അവരെ ആശങ്കപ്പെടുത്തുന്നതാണ്. 2014ല്‍ കിട്ടിയ 282 സീറ്റുകളില്‍ നൂറെണ്ണമെങ്കിലും ഇത്തവണ നഷ്ടപ്പെട്ടേക്കും. പ്രധാനമായും നഷ്ടം സംഭവിക്കുക 71 സീറ്റ് ലഭിച്ച യുപിയിലും 26 സീറ്റ് ലഭിച്ച ഗുജറാത്തിലും 22 സീറ്റ് ലഭിച്ച മഹാരാഷ്ട്രയിലും 25 സീറ്റ് ലഭിച്ച മധ്യപ്രദേശിലും അടക്കമായിരിക്കും.

നഷ്ടം നികത്താൻ 40 സീറ്റുകൾ
27 സീറ്റ് കിട്ടിയ മധ്യപ്രദേശും 22 സീറ്റുളള ബീഹാറും ഇത്തവണ ബിജെപിയെ തിരിച്ചടിക്കും. ആ നഷ്ടം ദക്ഷിണേന്ത്യയില്‍ നിന്നോ ബംഗാളും ത്രിപുരയും അടക്കമുളള വടക്ക് കിഴക്ക് നിന്നോ ബിജെപിക്ക് നികത്താന്‍ ആയെന്ന് വരില്ല. അതേസമയം മായാവതിയും ജഗനും ചേര്‍ന്ന് പിടിക്കാന്‍ സാധ്യതയയുളള 40ഓളം സീറ്റുകള്‍ കിട്ടിയില്‍ ബിജെപിക്ക് അധികാരത്തിലേറാം.

23 ശേഷമുളള ട്വിസ്റ്റുകൾ
ഇത്തവണ ആന്ധ്ര പ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ് ആര്‍ കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കും എന്നാണ് സര്‍വ്വേ ഫലങ്ങള്‍. ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് പക്ഷത്താണ്. ജഗന്‍ ഏത് പക്ഷത്ത് നില്‍ക്കും എന്നത് വ്യക്തമല്ല. തിരഞ്ഞെടുപ്പിന് ശേഷം ജഗന്‍ ബിജെപി പക്ഷം തിരഞ്ഞെടുക്കുകയും മായാവതി മറുകണ്ടം ചാടുകയും ചെയ്താല്‍ ബിജെപിക്ക് പിന്നൊന്നും നോക്കേണ്ടതില്ല.












Click it and Unblock the Notifications