'ഇന്ത്യാസഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍'; അടുത്ത യോഗത്തില്‍ സീറ്റ് വിഭജനവും തീരുമാനിക്കുമെന്ന് നിതീഷ്
പാട്‌ന: മുംബൈയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷത്തിന്റെ മൂന്നാമത്തെ യോഗത്തില്‍ ഏതാനും രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ഇന്ത്യാ ബ്ലോക്കില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്നാല്‍ ആരൊക്കെയാണ് മുന്നണിയിലെത്തുക എന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയിട്ടില്ല. ബി ജെ പിയെ എതിര്‍ക്കുന്ന വിവിധ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് നിതീഷ് കുമാര്‍.
സീറ്റ് പങ്കിടല്‍ പോലുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് നിരവധി അജണ്ടകള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്യുമെന്ന് നിതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. '2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

തനിക്ക് വ്യക്തിപരമായി ഒന്നും വേണ്ടെന്നും എല്ലാവരേയും ഒന്നിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബീഹാര്‍ മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യനാണെന്നും എന്നാല്‍ അദ്ദേഹം അത് ആഗ്രഹിക്കുന്നില്ലെന്നും ജെ ഡി യു നേതാവ് ശ്രാവണ്‍ കുമാര്‍ അവകാശപ്പെട്ടിരുന്നു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് സീറ്റ് പങ്കിടല്‍ ചര്‍ച്ച പല സംസ്ഥാനങ്ങളിലും പൂര്‍ത്തിയായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ പറഞ്ഞു.
ചിലര്‍ക്ക് മാത്രമേ കൂടുതല്‍ സമയം ആവശ്യമുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. മുംബൈ യോഗത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതാക്കള്‍ ഇന്ത്യ ബ്ലോക്കിന്റെ പൊതു ലോഗോയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 31 ന് വൈകുന്നേരം മുംബൈയില്‍ ഒരു അനൗപചാരിക കൂടിച്ചേരലും സെപ്റ്റംബര്‍ 1 ന് ഔപചാരിക യോഗവും നടക്കും. പ്രതിപക്ഷ സഖ്യത്തിന്റെ മുഖവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പോലുള്ള സെന്‍സിറ്റീവ് വിഷയങ്ങളിലും ചര്‍ച്ച നടന്നേക്കും.
കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തി കാട്ടിയിട്ടുണ്ട്. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും എന്ന് അഭ്യൂഹമുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സംയുക്തമായി നേരിടാനുറച്ചാണ് 26 പ്രതിപക്ഷ കക്ഷികള്‍ സഖ്യം രൂപീകരിച്ചത്. ഇതിന്റെ ആദ്യ യോഗം ജൂണ്‍ 23-ന് പട്നയിലും രണ്ടാമത്തെ യോഗം ജൂലൈ 17-ന് ബെംഗളൂരുവിലും ആണ് ചേര്‍ന്നത്.












Click it and Unblock the Notifications