'പ്രാദേശിക ദൈവങ്ങളെ കൂട്ടുപിടിക്കും, മുസ്ലീങ്ങൾക്കെതിരായ പ്രചരണവും വേണ്ട'; തമിഴ്നാട്ടിൽ ബിജെപി തന്ത്രം ഇങ്ങനെ
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ബി ജെ പി വലിയ മുന്നേറ്റം പ്രതീക്ഷിച്ച സംസ്ഥാനങ്ങളിൽ ഒന്ന് തമിഴ്നാടായിരുന്നു. എന്നാൽ കാര്യമായ സ്വാധീനം ഇവിടെ ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചില്ല. എന്നാൽ മറ്റൊരു ലോക്സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് ബി ജെ പി അനുകൂല സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്.
എല്ലാ ജാതി വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് ഡിഎംകെയ്‌ക്കെതിരെ നടത്തിയ പ്രചരണം ഫലം കണ്ടെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെയ്ക്കാൻ ബി ജെ പിയെ ഇത് സഹായിക്കുമെന്നും നേതാക്കൾ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേന്ദ്രമന്ത്രിമാരുടെ നേതൃത്വതിൽ വലിയ പ്രചരണങ്ങളും ജനങ്ങളുമായി നേരിട്ട് ഇടപ്പെട്ട് കൊണ്ടുള്ള പ്രത്യേക പരിപാടികളുമെല്ലാം ബി ജെ പി നടത്തുന്നുണ്ട്. ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ മൈലാപ്പൂരിലുള്ള കച്ചവടക്കാരെ കണ്ടതുൾപ്പെടെ ഇതിന്റെ ഭാഗമായിട്ടാണ്. മാത്രമല്ല മന്ത്രിമാരായ ഭൂപേന്ദർ സിംഗ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി തുടങ്ങിയ നേതാക്കളും തമിഴ്നാട്ടിലെത്തി പ്രചരണം നടത്തിയിരുന്നു. ഇതെല്ലാം ഗുണം ചെയ്തെന്നാണ് നേതൃത്വം കണക്കാക്കുന്നത്.

കേന്ദ്രസർക്കാർ പദ്ധതികൾ തമിഴ്നാട് വിരുദ്ധമാണെന്ന ഡി എം കെയുടെ പ്രചരണം സംസ്ഥാനത്ത് വിലപോയിട്ടില്ലെന്ന് തമിഴ്നാട് ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. അത്തരത്തിൽ ജനം അത് സ്വീകരിച്ചിരുന്നുവെങ്കിൽ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഡിഎംകെ തൂത്തുവാരുമായിരുന്നേനെയെന്നും അണ്ണാമലെ പറഞ്ഞു. സംസ്ഥാന വികസനത്തിനായി പ്രത്യേക ദ്രാവിഡ വികസന മാതൃക കൊണ്ടുവരാൻ കഴിഞ്ഞ 16 മാസത്തിനിടയിൽ ഡിഎംകെയ്ക്ക് സാധിച്ചിട്ടില്ല. മറിച്ച് മോദി സർക്കാർ താഴെ തട്ടിലുൾപ്പെടെയുള്ള ജനങ്ങൾക്കായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കി. ഇതിനെ കുറിച്ച് സംസാരിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ എത്തുന്നുണ്ടെന്നും അണ്ണാമലൈ പറഞ്ഞു. ഹിന്ദി ഭാഷ വിഷയത്തിൽ ഡി എം കെ നടത്തുന്ന നാടകങ്ങൾ തുറന്ന് കാട്ടാൻ ഒക്ടോബർ 27 ന് ജില്ലാ അടിസ്ഥാനത്തിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും അണ്ണാമലൈ പറഞ്ഞു.

2024 ലെ തെരഞ്ഞെടുപ്പിൽ 20% വോട്ട് വിഹിതമെങ്കിലും നേടാനാണ് ബി ജെ പിയുടെ ശ്രമം. പടിഞ്ഞാറൻ, തെക്കൻ ജില്ലകളിൽ പ്രത്യേകം ഊന്നൽ നൽകിയിട്ടായിരിക്കും പ്രവർത്തനങ്ങൾ. നിർബന്ധിത മതപരിവർത്തനം ചർച്ചയായ തൂത്തുക്കുടി, തിരുനെൽവേലി കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിലും പ്രത്യേകം പ്രചരണങ്ങൾ നടത്തും. മുൻ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ ജയലളിതയ്ക്ക് ലഭിച്ചിരുന്ന സ്ത്രീകളുടെ വലിയൊരു ശതമാനം വോട്ടിലും ബി ജെ പി കണ്ണുവെയ്ക്കുന്നുണ്ട്. അതേസമയം സഖ്യകക്ഷിയായി എഐഎഡിഎംകെയുടെ കാര്യത്തിലും തന്ത്രപരമായി നീങ്ങാനാണ് ബിജെപി നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒമ പനീർശെൽവത്തിനൊപ്പം നിന്നപ്പോൾ കാര്യമായ നേട്ടം കൊയ്യാൻ ബി ജെ പിക്ക് സാധിച്ചിരുന്നില്ല. അതിനാൽ ഇക്കുറി എടപ്പാടി പളനിസ്വാമി പക്ഷത്തിന്റെ നീക്കങ്ങൾ വിലയിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനം. പാർട്ടി നേതാക്കളെ ഒറ്റക്കെട്ടായി നയിക്കാൻ എടപ്പാടിക്ക് സാധിക്കുമോയെന്നതും ബി ജെ പി ഉറ്റുനോക്കുന്നുണ്ട്.

എഐഎഡിഎംകെയ്ക്ക് യുവാക്കളുടെ പിന്തുണയില്ലെന്ന് തിരിച്ചടിയാണെന്ന് ബി ജെ പി ചൂണ്ടിക്കാട്ടുന്നുണ്ട്. 22-23 ശതമാനം യുവ വോട്ടർമാരുടെ പിന്തുണയാണ് പാർട്ടിക്കുള്ളത്. ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. നിലവിലെ സാഹചര്യത്തിൽ ഇത് കുറഞ്ഞ് വരികയാണെന്നാണ് ബി ജെ പി നടത്തിയ വിശകലനങ്ങളിൽ തെളിഞ്ഞതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 'ജാതി നിക്ഷ്പക്ഷ' പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നാഡാർ, ഗൗണ്ടർ, ദേവേന്ദ്രകുല വെള്ളാളർ തുടങ്ങിയ നിരവധി ജാതി വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്ര ശ്രമങ്ങളും ബിജെപി ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല തേവർ പൂജ, ജല്ലിക്കെട്ട് തുടങ്ങിയ പരിപാടികളും ബി ജെ പിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കും.

തീവ്രഹിന്ദുത്വ സമീപനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മൃദുഹിന്ദുത്വ നിലപാടുകളുമായി മുന്നോട്ട് പോകാനുമാണ് നേതൃത്തിന്റെ തീരുമാനം. രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങൾ തമിഴ്നാട്ടിൽ ഗുണം ചെയ്യില്ലെന്നും ബി ജെ പി നേതൃത്വം തന്നെ ആവർത്തിക്കുന്നു. ഹിന്ദു പാർട്ടിക്ക് മാത്രം വോട്ട് എന്ന സമീപനം പുലർത്തുന്ന നിരവധി പേർ സംസ്ഥാനത്ത് ഉണ്ട്. എന്നാൽ പാർട്ടി മുസ്ലീങ്ങളെ അധിക്ഷേപിക്കുന്ന നിമിഷം അവർ ഈ നിലപാട് മാറ്റും, ഒരു ബിജെപി നേതാവ് പറഞ്ഞു.

അതിനിടെ സംസ്ഥാനത്തെ പ്രാദേശിക ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും പൂജാരിമാരെ ലക്ഷ്യം വെച്ചുമെല്ലാമുള്ള പ്രവർത്തനളും ബി ജെ പിയുടെ പ്രത്യേക സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി
1,45,000-ത്തിലധികം പൂജാരിമാർ സംസ്ഥാനത്തുണ്ട്. ഇവർ പൂജ നടത്തുന്ന 10,000 ത്തിന് മുകളിൽ ക്ഷേത്രങ്ങളും. ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രത്യേക പദ്ധതിയുമായി ഒരു നെറ്റ്വർക്ക് തന്നെ പാർട്ടി രൂപീകരിക്കും. ഇത് ഗുണം ചെയ്യുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു മതവുമായി സംസ്ഥാനത്തിന് ആഴത്തിൽ ബന്ധമുണ്ടെന്ന് വരുത്താനുള്ള പരിപാടികളും ബി ജെ പി ആസൂത്രണം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications