കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് ബിജെപിയില്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. രാജ്യത്തിന്റെ താല്‍പ്പര്യത്തിനും ജനങ്ങളെ സേവിക്കാനുമാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നത് എന്നും ഇവിടെ നിന്നും കൂടുതല്‍ ആളുകളെ സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും ബി ജെ പി അംഗത്വം സ്വീകരിച്ച് കൊണ്ട് വിജേന്ദര്‍ സിംഗ് പറഞ്ഞു.
ബി ജെ പി നേതാക്കളായ വിനോദ് താവ്ഡെ, രാംവീര്‍ സിംഗ് ബിധുരി, രാജീവ് ബബ്ബര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സൗത്ത് ഡല്‍ഹിയില്‍ നിന്ന് മത്സരിച്ചയാളാണ് വിജേന്ദര്‍ സിംഗ്. രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് വിജേന്ദര്‍.

നടി ഹേമമാലിനി വീണ്ടും മത്സരിക്കുന്ന മഥുരയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജേന്ദറിനെ പരിഗണിച്ചിരുന്നു. എന്നാല്‍ ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. ജാട്ട് സമുദായത്തില്‍പ്പെട്ട വിജേന്ദറിന്റെ ബി ജെ പി പ്രവേശനം കോണ്‍ഗ്രസിന് വലിയ ക്ഷീണം ചെയ്‌തേക്കും എന്നാണ് വിലയിരുത്തല്‍. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ ആദ്യ പാദത്തില്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വിജേന്ദറും പങ്കെടുത്തിരുന്നു.
ബി ജെ പി എംപിയും അന്നത്തെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രതിഷേധത്തില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരെ വിജേന്ദര്‍ സിംഗ് പിന്തുണച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ബി ജെ പിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നയാളാണ് വിജേന്ദര്‍ സിംഗ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് വിജേന്ദര്‍ എക്സില്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നിട്ടുള്ളത്.
വയനാട്ടിനെ ഇളക്കി മറിച്ച് രാഹുല്‍ എത്തി, ഒപ്പം പ്രിയങ്കയും, ആവേശമായി റോഡ് ഷോ, പത്രിക സമര്‍പ്പിച്ചു
2008-ലെ ബീജിംഗ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് വിജേന്ദര്‍ സിംഗ്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ ബോക്സറുമായിരുന്നു അദ്ദേഹം. 2009-ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വെങ്കലവും 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് സ്വര്‍ണ്ണവും സ്വന്തമാക്കിയിരുന്നു. കായികരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2010-ല്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.












Click it and Unblock the Notifications