'സിഎഎയാണ് മോദിയുടെ ഗ്യാരന്റിയുടെ ഏറ്റവും പുതിയ ഉദാഹരണം'; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെ അഭിനന്ദിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. സിഎഎയിൽ പ്രതിപക്ഷം നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്റിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിഎഎയെന്നും വ്യക്തമാക്കി.
സിഎഎ പ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചവർ മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഇരകളാണെന്നും അസംഗഢിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് കൊണ്ട് സംസാരിക്കവേ അദ്ദേഹം തുറന്നടിച്ചു. കോൺഗ്രസിനെ ലക്ഷ്യം വച്ചായിരുന്നു പ്രസംഗത്തിൽ ഉടനീളം പ്രധാനമന്ത്രി സംസാരിച്ചത്.

ഇവരെ അവഗണിച്ചതിന്റെ പേരിൽ കോൺഗ്രസിനെ പ്രധാനമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. അവർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഇടമില്ലാത്തവർ ആയതിനാലാണ് കോൺഗ്രസ് ഇങ്ങനെ ചെയ്‌തതെന്നും ഗാന്ധിയുടെ ആശയങ്ങൾ പിന്തുടരുന്നു എന്ന് പറയുമ്പോഴും അങ്ങനെ അല്ല അവരെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
"മോദിയുടെ ഗ്യാരന്റി എന്താണെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സിഎഎ. അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് ആരംഭിച്ചുകഴിഞ്ഞു. അവരെല്ലാം ഒരുപാട് കാലമായി നമ്മുടെ രാജ്യത്ത് കഴിയുന്നവരാണ്, മതത്തിന്റെ പേരിലുള്ള വിഭജനം കാരണം ദുരിതമനുഭവിക്കുന്നവരാണ് അവരെല്ലാം. മഹാത്മാഗാന്ധിയുടെ പേരിൽ അധികാരത്തിലെത്തിയവർ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർക്കുന്നില്ല, അവർ കോൺഗ്രസിന്റെ വോട്ട് ബാങ്കല്ലാത്തതിനാൽ"പ്രധാനമന്ത്രി പറഞ്ഞു.
'മോദിയാണ് നിങ്ങളുടെ മുഖംമൂടി അഴിച്ചത്. നിങ്ങൾ കാപട്യക്കാരാണ്, വർഗീയ വാദികളാണ്. 60 വർഷമായി വർഗീയ വിദ്വേഷത്തിന്റെ തീയിൽ രാജ്യത്തെ ഇട്ടവരാണ് നിങ്ങൾ. ഇത് മോദിയുടെ ഉറപ്പാണ്, നിങ്ങൾക്ക് സിഎഎ റദ്ദാക്കാനാവില്ല' അദ്ദേഹം തുടർന്നു.
'ലോകത്തിലെ പത്രങ്ങളുടെ മുൻപേജിൽ ഇന്ത്യൻ ജനാധിപത്യത്തെ ആഘോഷിക്കുന്ന വാർത്തകൾ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ് എന്നതിന്റെ തെളിവാണ് അത്. എൻഡിഎയുടെ ഭരണത്തിൽ ജനങ്ങൾക്ക് ലഭിക്കുന്ന സൗകാര്യങ്ങൾ ലോകം നേരിട്ടറിയുകയാണ്' മോദി ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമം പ്രകാരമുള്ള പൗരത്വ സർട്ടിഫിക്കറ്റുകളുടെ വിതരണം ഇന്നലെയാണ് ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള 300ലധികം ആളുകൾക്ക് രേഖകൾ കൈമാറി. ഇതോടെ കേന്ദ്രത്തിന്റെ നിലപാട് കൂടുതൽ വ്യക്തമായിരിക്കുകയാണ്. അതിനിടയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ പ്രത്യേകിച്ച കോൺഗ്രസിനെതിരെ വിമർശനം കടുപ്പിക്കുന്നത്.












Click it and Unblock the Notifications