നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്; ദിഗ് വിജയ് സിംഗും കാര്‍ത്തിയും പട്ടികയില്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 46 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ ദിഗ്വിജയ് സിംഗും അജയ് റായിയും കാര്‍ത്തി ചിദംബരവുമെല്ലാം പട്ടികയിലുണ്ട്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായിരുന്ന ദിഗ്വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്നാണ് മത്സരിക്കുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ അജയ് റായ് മത്സരിക്കും. കാര്‍ത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നാണ് മത്സരിക്കുക. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ മകന്‍ കൂടിയാണ് കാര്‍ത്തി. ശിവഗംഗ ചിദംബരം കുടുംബത്തിന്റെ കോട്ടയായിട്ടാണ് അറിയപ്പെടുന്നത്.

അതേസമയം മുന്‍ ബിഎസ്പി നേതാവ് ഡാനിഷ് അലി ഉത്തര്‍പ്രദേശിലെ ആംറോഹയില്‍ നിന്നാണ് മത്സരിക്കുക. തമിഴ്‌നാട്ടില്‍ നിന്നുള്ള സിറ്റിംഗ് എംപി മാണിക്കം ടാക്കോര്‍ വിരുദുനഗറില്‍ നിന്ന് മത്സരിക്കും. സഹാരണ്‍പൂരില്‍ നിന്ന് കോണ്‍ഗ്രസിന്റെ പരിചയസമ്പന്നനായ നേതാവ് ഇമ്രാന്‍ മസൂദ് മത്സരിക്കും.
മസൂദ് കോണ്‍ഗ്രസിന്റെ എംഎല്‍എയാണ്. കാണ്‍പൂരില്‍ നിന്ന് അലോക് മിശ്ര മത്സരിക്കും. ഹരീഷ് റാവത്തിന്റെ മകന്‍ വീരേന്ദ്ര റാവത്തിനും സീറ്റ് ലഭിച്ചിട്ടുണ്ട്. ഹരിദ്വാറില്‍ നിന്നാണ് വീരേന്ദ്ര റാവത്ത് മത്സരിക്കുക. കോണ്‍ഗ്രസ് നേതാവ് പിഎല്‍ പൂനിയയുടെ മകന്‍ തനൂജ പൂനിയ യുപിയിലെ ബാരബങ്കിയില്‍ നിന്ന് മത്സരിക്കും.
മുന്‍ ഐഎഎസ് ഓഫീസറായ ശശികാന്ത് സെന്തില്‍ തിരുവള്ളൂരില്‍ നിന്ന് മത്സരിക്കും. ജമ്മു കശ്മീരില്‍ രണ്ട് തവണ എംപിയായ ചൗധരി ലാല്‍ സിംഗ് ഉദ്ദംപൂരില്‍ നിന്ന് മത്സരിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗിനെതിരെയാണ് മത്സരം. കോണ്ഡഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ രമണ്‍ ഭല്ലയ്ക്കും ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
ജമ്മുവില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. രാജസ്ഥാനിലെ നാഗോര്‍ മണ്ഡലം ഹനുമാന്‍ ബേനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ബിജെപിയുടെ ജ്യോതി മിര്‍ദയ്‌ക്കെതിരെയാണ് ബേനിവാളിന്റെ മത്സരം.
അതേസമയം അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ടാണ് യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ ഏഴ് സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരിയില്‍ വിജയ് വസന്താണ് മത്സരിക്കുന്നത്.
കാരൂരില്‍ ജ്യോതി മണിയും, കുടല്ലൂരില്‍ ഡോ എംകെ വിഷ്ണുപ്രസാദും മത്സരിക്കും. നാല് ഘട്ടങ്ങളിലായി ഇതുവരെ 185 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 18 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications