'നിങ്ങളിവിടെ ഒന്നുമല്ലെന്ന് ആദ്യം മനസിലാക്കണം'; കോണ്‍ഗ്രസിനോട് തൃണമൂല്‍
ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് അംഗീകരിക്കണമെന്ന് പാര്‍ട്ടി നേതാക്കളോട് തൃണമൂല്‍ കോണ്‍ഗ്രസ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളിലാണ് തൃണമൂല്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ബിജെപിക്കെതിരായ പോരാട്ടത്തിന് മമത ബാനര്‍ജി നേതൃത്വം നല്‍കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
' ബംഗാളിലെ അടിസ്ഥാന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കണം. അവര്‍ ദുര്‍ബലരാണ്. പശ്ചിമ ബംഗാളിലെ പോരാട്ടം നയിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ ഇന്ത്യന്‍ ബ്ലോക്കിനോടും ബി ജെ പിയെ പരാജയപ്പെടുത്താനും പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ നിലപാട് വ്യക്തമായി പറഞ്ഞിരിക്കുന്നു, അതിനാല്‍ ദല്‍ഹിയില്‍ പോയി മറ്റൊരു ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല, ''ഒരു തൃണമൂല്‍ നേതാവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

മുകുള്‍ വാസ്നിക്, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍ എന്നിവരടങ്ങുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള കോണ്‍ഗ്രസ് പാനല്‍ ഇതിനകം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഇന്ത്യാ സഖ്യത്തിലെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത്തരമൊരു യോഗത്തിനായി കോണ്‍ഗ്രസ് തങ്ങളുടെ നേതാക്കളുമായി ബന്ധപ്പെട്ടതായും ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതായും ടിഎംസി വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളാണിത്. എന്നാല്‍ ഈ വാഗ്ദാനം വളരെ കുറവാണെന്നും സ്വീകരിക്കാന്‍ പ്രയാസമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി 'കോണ്‍ഗ്രസിന് മമതയുടെ കരുണ ആവശ്യമില്ല' എന്ന് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയതാണ്. സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ നേടാനും പോരാടാനും കഴിയുമെന്നും അധിര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒമ്പത് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പരമാവധി ഒമ്പത് സീറ്റുകളാണ് ലഭിച്ചത്. പശ്ചിമ ബംഗാളിലെ 42 ല്‍ 39 സീറ്റുകളിലും കോണ്‍ഗ്രസിന് മുന്‍കാലങ്ങളില്‍ അഞ്ച് ശതമാനത്തില്‍ താഴെ വോട്ട് വിഹിതമേ ഉണ്ടായിരുന്നുള്ളൂ.
പശ്ചിമ ബംഗാളില്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2.93 ശതമാനവും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12.25 ശതമാനവും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 5.67 ശതമാനവും വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം
മേഘാലയയില്‍ ഒരു സീറ്റിലും അസമില്‍ രണ്ട് സീറ്റിലെങ്കിലും മത്സരിക്കാനാണ് ടിഎംസി ശ്രമിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റും കോണ്‍ഗ്രസ് രണ്ട് സീറ്റും ബി ജെ പി 18 സീറ്റും നേടിയികുന്നു. 2014 ല്‍ ബി ജെ പിക്ക് രണ്ട് സീറ്റായിരുന്നു ഉണ്ടായിരുന്നത്. തൃണമൂല്‍ 2014 ല്‍ 34 സീറ്റ് നേടിയിരുന്നു. 2014-ല്‍ 4 സീറ്റ് നേടിയ സി പി എമ്മിന് 2019-ല്‍ അക്കൗണ്ട് തുറക്കാനായില്ല.












Click it and Unblock the Notifications